കോവിഡ്​ വാക്​സിൻ സന്ദേശങ്ങളിൽ ക്ലിക്ക്​ ചെയ്യാൻ വരട്ടെ..! കാത്തിരിക്കുന്നത്​ വലിയ അപകടം

കാലങ്ങളായി ആൻഡ്രോയ്​ഡ്​ യൂസർമാർ നേരിടുന്ന വലിയ പ്രതിസന്ധിയാണ്​ മാൽവെയറുകൾ. ഏലിയൻ, ഫേക്​ സ്​​പൈ, ബ്ലാക്​റോക്ക്​ തുടങ്ങിയ ക്ഷുദ്രവെയർ ​പ്രോഗ്രാമുകളുടെ ആക്രമണത്തിന്​​​ നാം കഴിഞ്ഞ വർഷം സാക്ഷിയായിരുന്നു. യൂസർമാരുടെ ഡാറ്റ മോഷ്​ടിക്കാനാണ് സൈബർ കുറ്റവാളികൾ​ മാൽവെയറുകളെ പടച്ചുവിടുന്നത്​.

എന്നാൽ, കോവിഡ്​ സാഹചര്യം മുതലാക്കിക്കൊണ്ടാണ് ഏറ്റവും പുതിയ മാൽവെയർ​ ആക്രമണവുമായി സൈബർ കുറ്റവാളികളെത്തിയിരിക്കുന്നത്​​. COVID-19 വാക്സിൻ അപ്പോയിന്റ്മെന്റ് സന്ദേശങ്ങൾ ടെക്​സ്റ്റ്​ മെസ്സേജായി അയച്ച്​ ആൻഡ്രോയിഡ് ഉപയോക്താക്കളെ അവരുടെ സ്മാർട്ട്‌ഫോണുകളിൽ ഒരു ത്രട്ട്​ പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് ടാംഗിൾബോട്ട് എന്ന് വിളിക്കപ്പെടുന്ന പുതിയതരം​ മാൽവെയർ. ക്ലൗഡ്മാർക്ക് എന്ന​ സുരക്ഷാ ഗവേഷണ സ്ഥാപനമാണ്​ അടുത്തിടെ അതിനെ കണ്ടെത്തിയത്​.

എസ്എംഎസ് സംവിധാനത്തിലൂടെ ഈ വർഷം ആദ്യം ആൻഡ്രോയ്ഡ് ഉപയോക്താക്കളെ ബാധിച്ച ഫ്ലൂബോട്ടിന് സമാനമാണിത്​. ഡിവൈസുകളുടെ (സ്​മാർട്ട്​ഫോൺ, ടാബ്​ലറ്റ്​ തുടങ്ങിയവ) പൂർണ്ണ നിയന്ത്രണം നേടുന്നതിന് ഒരു ക്ഷുദ്ര പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കാനാണ്​​ രണ്ട്​ മാൽവെയറുകളും ശ്രമിക്കുക.


അപകടം വിതയ്​ക്കുന്നതെങ്ങനെ...??

ഉപയോക്താക്കൾക്ക് ഒരു പാക്കേജ് നഷ്‌ടപ്പെട്ടുവെന്ന്​ കാണിച്ച്​ അപകടകരമായ ലിങ്കുകളിൽ ക്ലിക്കുചെയ്യിപ്പിക്കുന്ന രീതിയായിരുന്നു ഫ്ലൂബോട്ടിന്​. എന്നാൽ, ടാംഗിൾബോട്ട് COVID-19 വാക്സിനേഷൻ അപ്പോയിന്റ്മെന്റ് കാട്ടിയാണ്​ ആളുകളെ കുഴപ്പത്തിൽ ചാടിക്കുന്നത്​. ഉപയോക്താവ് മെസ്സേജുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്കുചെയ്തുകഴിഞ്ഞാൽ, കാലഹരണപ്പെട്ട ഒരു അഡോബ് ഫ്ലാഷ് പ്ലെയർ വ്യക്തമാക്കുന്ന ഒരു വെബ് പേജ് പോപ്പ് അപ്പ് ചെയ്യും. ഫ്ലാഷ് പ്ലെയർ അപ്ഡേറ്റ് ചെയ്യുന്നതിനായി ഉപയോക്താവ് ലിങ്ക് തുറക്കുകയാണെങ്കിൽ, ക്ഷുദ്രവെയർ അവരുടെ ഉപകരണത്തിൽ ഇൻസ്റ്റാൾ ചെയ്യപ്പെടും.

എന്താണ്​ അപകടം...??

ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടുകഴിഞ്ഞാൽ, മാൽവെയർ ആൻഡ്രോയ്​ഡ്​ ഉപകരണത്തിന്റെ ചില പ്രധാന പ്രവർത്തനങ്ങളിലേക്ക് പ്രവേശനം നേടിയെടുക്കും. കോൺടാക്റ്റുകൾ, ഫോൺ കോളുകൾ ചെയ്യാനും സന്ദേശങ്ങൾ അയയ്ക്കാനുമുള്ള കഴിവ്, കോൾ ലോഗുകൾ, ഇന്റർനെറ്റ് പ്രവർത്തനങ്ങൾ എന്നിവ അതിൽ ഉൾപ്പെടുന്നു. സോഫ്‌റ്റ്‌വെയർ ഫീച്ചറുകളിലേക്ക് ആക്‌സസ് നേടുന്നതിനു പുറമേ, ബാധിച്ച ഉപകരണത്തിന്റെ ക്യാമറകളും മൈക്രോഫോണുകളും ജിപിഎസ് പ്രവർത്തനങ്ങളും യൂസർമാരറിയാതെ സൈബർ കുറ്റവാളികൾ ഉപയോഗിക്കും.

അബദ്ധവശാൽ നിങ്ങളുടെ ഉപകരണത്തിൽ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ, TangleBot ക്ഷുദ്രവെയറിന് പിന്നിലുള്ള ക്രിമിനലുകൾക്ക്​ നിങ്ങളുടെ വ്യക്തിഗത അക്കൗണ്ട് വിവരങ്ങൾ മോഷ്ടിക്കാനോ ഫോൺ വിളിക്കാനോ കോൺടാക്റ്റുകളിലേക്ക് സന്ദേശങ്ങൾ അയയ്ക്കാനോ നിങ്ങളുടെ ദൈനംദിന ഡിജിറ്റൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനോ കഴിയും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അത് നിങ്ങളുടെ ജീവിതത്തെ ദുരിതപൂർണമാക്കും, അതിനാൽ അത് വളരെ അപകടകരമാണ് എന്നോർക്കുക.

നിങ്ങളുടെ ഇൻ‌ബോക്സിൽ കോവിഡ് -19 വാക്സിനേഷൻ അപ്പോയിന്റ്മെന്റ് നൽകുമെന്ന് അവകാശപ്പെടുന്നതോ അല്ലെങ്കിൽ നിങ്ങളുടെ പ്രദേശത്തെ പുതിയ കോവിഡ് -19 നിയന്ത്രണങ്ങളെക്കുറിച്ച് അറിയിക്കുന്നതോ ആയ സന്ദേശങ്ങൾ വരികയാണെങ്കിൽ, അതിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യരുത്. അത്തരം അപകടങ്ങളിൽ നിന്ന്​ സുരക്ഷിതരാവാൻ സംശയം തോന്നുന്ന സന്ദേശങ്ങൾ നീക്കം ചെയ്യാൻ ശ്രദ്ധിക്കുമല്ലോ...

Tags:    
News Summary - New Android Malware Lures Users to Click Malicious Links in COVID-19 Messages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.