ട്വിറ്റർ സമീപകാലത്തായി അവരുടെ പ്ലാറ്റ്ഫോമിൽ ടിക്-ടോക് പോലുള്ള വിഡിയോ ട്വീറ്റുകളും ഇമോജി റിയാക്ഷനുമടക്കമുള്ള പുത്തൻ ഫീച്ചറുകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമ രംഗത്തെ പുതിയ താരങ്ങളുടെ രംഗപ്രവേശനവും കടുത്ത മത്സരങ്ങളുമാണ് ട്വിറ്ററിനെ അത്തരം നീക്കങ്ങളിലേക്ക് പ്രചോദിപ്പിക്കുന്നത്. എന്നാൽ, യൂസർമാർ നിരന്തരം ആവശ്യപ്പെടുന്ന പുതിയ സവിശേഷതയാണ് അമേരിക്കൻ മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോം പുതുതായി അവതരിപ്പിക്കാൻ പോകുന്നത്.
നിലവിലെ 280 അക്ഷരങ്ങൾ മാത്രമെന്ന പരിമിതി മറികടക്കാൻ കഴിയുന്ന 'ട്വിറ്റർ ആർട്ടിക്കിൾ' എന്ന ഫീച്ചറാണ് കമ്പനി കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചർ യൂസർമാരെ ദൈർഘ്യമുള്ള പോസ്റ്റുകൾ പങ്കുവെക്കാൻ അനുവദിക്കും. പ്രശസ്ത റിവേഴ്സ് എഞ്ചിനീയറായ ജെയിൻ മാൻചൻ വോങ് ആണ് 'ട്വിറ്റർ ആർട്ടിക്കിളി'നെ കുറിച്ച് സൂചന നൽകിയത്. ട്വിറ്ററിൽ ആർക്കിൾ ഫീച്ചറിനായി പ്രത്യേക സെക്ഷൻ പ്രതിക്ഷിക്കാമെന്നാണ് അവർ ട്വീറ്റ് ചെയ്തത്.
നിലവിൽ ട്വിറ്ററിൽ വലിയ പോസ്റ്റുകൾ പങ്കുവെക്കാനായി യൂസർമാർക്ക് നിരവധി ട്വീറ്റുകളുടെ ട്വിറ്റർ ത്രെഡ് തന്നെ ക്രിയേറ്റ് ചെയ്യേണ്ടതായി വരാറുണ്ട്. അത് പോസ്റ്റ് ചെയ്യുന്നയാൾക്കും വായനക്കാർക്കും വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. എന്നാൽ, പുതിയ ഫീച്ചർ വരുന്നതോടെ അതിന് പരിഹാരമായേക്കും.
നേരത്തെ 140 അക്ഷരങ്ങളായിരുന്നു ട്വിറ്ററിന്റെ കാരക്ടർ ലിമിറ്റ്. എന്നാൽ, 2017-ൽ അത് കമ്പനി ഇരട്ടിയാക്കി വർധിപ്പിക്കുകയായിരുന്നു. അതേസമയം, പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതിനെ പറ്റി ട്വിറ്റർ ഇതുവരെ ഔദ്യോഗികമായി ഒന്നും പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.