രാജ്യത്തെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ (Disney+ Hotstar) മാർച്ച് 31 മുതൽ ഗെയിം ഓഫ് ത്രോൺസ് അടക്കമുള്ള സൂപ്പർഹിറ്റ് എച്ച്.ബി.ഒ (HBO) സീരീസുകളും സിനിമകളും കാണാൻ കഴിയില്ല. ഒ.ടി.ടി ഭീമൻ എച്ച്.ബി.ഒയുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കാൻ പോവുകയാണ്.
സ്ട്രീമിങ് ബിസിനസ്സ് ലാഭകരമാക്കാനായി ഹോട്സ്റ്റാറിന്റെ മാതൃസ്ഥാപനമായ വാൾട്ട് ഡിസ്നി കമ്പനിയുടെ ചെലവ് ചുരുക്കൽ നടപടിയെ തുടർന്നാണ് പുതിയ പ്രഖ്യാപനം. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാര്‍ ട്വിറ്ററിൽ ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ പ്രേക്ഷകർക്ക് വലിയ നിരാശ സമ്മാനിക്കുന്നതാണ് പുതിയ തീരുമാനം. എച്ച്.ബി.ഒ മാക്സ് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോം ഇന്ത്യയിൽ ഇല്ലാത്തതിനാൽ അവരുടെ ജനപ്രിയ ഷോകൾ ഇന്ത്യയിൽ സ്ട്രീം ചെയ്തിരുന്നത് ഹോട്സ്റ്റാറിലൂടെയായിരുന്നു. ഏറ്റവും ഒടുവിലായി സൂപ്പർഹിറ്റ് സീരീസായ ‘ദ ലാസ്റ്റ് ഓഫ് അസ്’ ഇന്ത്യയിലെത്തിയത് ഹോട്സ്റ്റാറിലൂടെയായിരുന്നു.
ഇന്ത്യയില്‍ എച്ച്.ബി.ഒ ഷോകളും മറ്റ് കണ്ടന്‍റുകളും ആമസോണ്‍ പ്രൈമിലേക്ക് മാറാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആമസോണും എച്ച്.ബി.ഒയും 2022 ഡിസംബറിൽ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. നിലവിൽ എച്ച്.ബി.ഒ മാക്സിൽ വരുന്ന ഡിസി കോമിക്സിന്റെ ഷോകൾ ആമസോൺ പ്രൈമിലൂടെയാണ് ഇന്ത്യയിൽ സ്ട്രീം ചെയ്യുന്നത്. അവ കാണാൻ പ്രത്യേകമായി സബ്സ്ക്രൈബ് ചെയ്യേണ്ടതുമുണ്ട്. പ്രൈമിലെത്തുമ്പോൾ എച്ച്.ബി.ഒയിലെ മറ്റ് ഉള്ളടക്കങ്ങൾക്കും അധിക ചാർജ് നൽകേണ്ടിവരുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. അമേരിക്കയിൽ എച്ച്.ബി.ഒ മാക്സിന് പ്രതിമാസം ആറ് ഡോളര്‍ (1,314 രൂപ) സബ്‌സ്‌ക്രിപ്‌ഷന്‍ തുകയായി നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.