കട്ടക്ക്: കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ ലോക്ഡൗൺ കാലത്ത് പട്ടിണി മറക്കാൻ വേണ്ടിയാണ് ഇസാക് മുണ്ട യൂടയൂബ് വിഡിയോകൾ കാണാൻ തുടങ്ങിയത്. എന്നാൽ ഇന്ന് പലർക്കും പ്രചോദനമാകുന്ന പ്രശസ്തനായ യൂട്യൂബറുടെ ഉദയത്തിന്‍റെ തുടക്കമായിരുന്നു അത്.
ഒഡീഷയിലെ സംഭൽപൂർ ജില്ലയിലെ ഗോത്ര വിഭാഗക്കാരനായ മുണ്ട ദിവസക്കൂലിക്കാരനായിരുന്നു. ലോക്ഡൗണിൽ ജോലി ഇല്ലാതായതോടെയാണ് 2020 മാർച്ച് മുതൽ വിഡിയോ ചെയ്യാൻ തുടങ്ങിയത്.
ഫുഡ്വ്ലോഗേഴ്സിന്റെ പാത പിന്തുടർന്ന മുണ്ട ചോറും കറിയും കഴിക്കുന്ന ഒരു സാധാരണ വിഡിയോയാണ് ആദ്യമായി തന്‍റെ ചാനലിൽ പങ്കുവെച്ചത്. വിഡിയോ വമ്പൻ ഹിറ്റാകുകയും അഞ്ച് ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിക്കുകയും ചെയ്തു.
35കാരനായ മുണ്ട ചോറും സാമ്പാറും തക്കാളിയും ഉപ്പേരിയും കൂട്ടി ഉരുട്ടിയുരുട്ടി ചോറ് ആസ്വദിച്ച് കഴിക്കുന്നതായിരുന്നു വിഡിയോയുടെ ഉള്ളടക്കം. ഈ വിഡിയോ തയാറാക്കാനായി സ്മാർട്ഫോൺ വാങ്ങാൻ മുണ്ട 3000 രൂപ കടംവാങ്ങുകയായിരുന്നു.
'സ്മാർട്ഫോൺ വാങ്ങാനായി 3000 രൂപ ഞാൻ കടംവാങ്ങുകയായിരുന്നു. ഞങ്ങളുടെ കൊച്ചു ഗ്രാമത്തിന്‍റെയും കുഞ്ഞു വീട്ടിലെയും കാര്യങ്ങളാണ് എന്‍റെ വിഡിയോയിലൂടെ കാണിക്കുന്നത്. വിഡിയോകൾ നന്നായി സ്വീകരിക്കപ്പെടുന്നതിൽ അതിയായ സന്തോഷമുണ്ട്. കുഴപ്പമില്ലാത്ത വരുമാനം എനിക്ക് ഇതുവഴി ലഭിക്കുന്നുണ്ട്' -മുണ്ട പറഞ്ഞു.
'ഇസാക് മുണ്ട ഇൗറ്റിങ്' എന്ന ചാനലിന് ഇപ്പോൾ ഏഴ് ലക്ഷം സബ്സ്ക്രൈബർമാരുണ്ട്. നാടൻ രുചികളും ഭക്ഷണങ്ങളുമാണ് ചാനലിലൂടെ മുണ്ട പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
'കഴിഞ്ഞ വർഷം ആഗസ്റ്റിൽ എനിക്ക് യൂട്യൂബ് വഴി അഞ്ച് ലക്ഷം രൂപ വരുമാനം ലഭിച്ചു. പണം കൊണ്ട് ഞാൻ പുതിയ വീട് നിർമിച്ചു.എന്‍റെ കുടുംബം സാമ്പത്തിക പരാധീനതയിൽ നിന്ന് കരകയറി. പാവപ്പെട്ടവർക്ക് സഹായം ചെയ്യാനാണ് ഇനി എന്‍റെ തീരുമാനം' -മുണ്ട ഒഡീഷ ടി.വിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.