കോവിഡിന്റെ ഒമിക്രോൺ വകഭേദത്തെ കുറിച്ച് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സഹ-സ്ഥാപകനും ലോക കോടീശ്വരനുമായ ബിൽ ഗേറ്റ്സ്. ചരിത്രത്തിലെ ഏതൊരു വൈറസിനേക്കാളും വേഗത്തിലാണ് ഒമിക്രോൺ പടരുന്നതെന്നും നമ്മൾ മഹമാരിയുടെ ഏറ്റവും മോശമായ ഘട്ടത്തിലേക്ക് പ്രവേശിച്ചേക്കാമെന്നും ബിൽ ഗേറ്റ്സ് വ്യക്തമാക്കി.
ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ അടുക്കവേ, ഒമിക്രോണിന്റെ ആശങ്കാജനകമായ വ്യാപനത്തെ കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെ പങ്കുവെച്ച ട്വീറ്റുകളിലാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. താനും തന്റെ അവധിക്കാല പദ്ധതികളിൽ ഭൂരിഭാഗവും റദ്ദാക്കിയതായി അദ്ദേഹം അറിയിച്ചു.
'ഇതിന് ഡെൽറ്റയുടെ പകുതി മാത്രമേ തീവ്രതയുള്ളൂ എന്ന് വെച്ചാലും, ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ കുതിച്ചാട്ടത്തിനായിരിക്കും നാം സാക്ഷ്യം വഹിക്കുക. കാരണം, ഒമിക്രോൺ വളരെ അപകടകരമായ പകർച്ചവ്യാധിയാണ്. -അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഒമിക്രോൺ അതിവേഗം പടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചിരിക്കുകയാണ്. ജർമനിയും പോർച്ചുഗലും ക്രിസ്മസിന് ശേഷം നിയന്ത്രണങ്ങളും സാമൂഹിക അകലവും കർശനമായി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. യൂറോപ്യൻ മേഖലയിലെ 53 രാജ്യങ്ങളിൽ 38ൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
ഫ്രാൻസിൽ കഴിഞ്ഞദിവസം 70,000 ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതലും ഒമിക്രോൺ വകഭേദമാണ്. ഈ വർഷാവസാനത്തോടെ ഫ്രാൻസിൽ പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് മുന്നറിയിപ്പ്. കോവിഡ് വ്യാപനം കുറക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി ഫ്രാൻസിൽ അഞ്ചിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങി. അതേസമയം, 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് തൽകാലം ഇല്ലെന്നും അധികൃതർ പറഞ്ഞു.
28 മുതൽ ജർമനിയിൽ രാത്രി ക്ലബുകൾക്ക് നിരോധനമേർപ്പെടുത്തി. 10 പേരിൽ കൂടുതലുള്ള ഒത്തുചേരലുകൾക്കും നിരോധനമുണ്ട്. ഫുട്ബാൾ മത്സരങ്ങൾ അടഞ്ഞ സ്റ്റേഡിയങ്ങൾക്കുള്ളിൽ നടക്കും. കൊറോണ വൈറസിന് ക്രിസ്മസ് അവധി ബാധകമല്ലെന്ന് ജർമൻ ചാൻസലർ ഒലഫ് ഷോൾസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. പോർച്ചുഗലിൽ ബാറുകളും രാത്രി ക്ലബുകളും ഡിസംബർ 26 മുതൽ പ്രവർത്തിക്കില്ല. ജനുവരി ഒമ്പതുവരെ വർക് ഫ്രം ഹോം നിർബന്ധമാക്കി. ഒത്തുചേരലുകളിൽ 10ൽ കൂടുതൽ പേർ പാടില്ല.
ഫിൻലൻഡിൽ ബാറുകളും റസ്റ്റാറന്റുകളും ക്രിസ്മസ് തലേന്ന് രാത്രി 10ന് അടക്കണം. ഡിസംബർ 28 മുതൽ റസ്റ്റാറന്റുകൾ വൈകീട്ട് ആറുവരെ മാത്രമേ പ്രവർത്തിക്കാവൂ. പുറത്തുനിന്നുള്ളവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം.
സ്വീഡനിൽ ബാറുകളും കഫേകളും റസ്റ്റാറന്റുകളും സീറ്റുകൾക്ക് ആനുപാതികമായി മാത്രമേ ആളുകളെ പ്രവേശിപ്പിക്കൂ. സാധ്യമായവരോടെല്ലാം വീട്ടിലിരുന്ന് ജോലിചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. നെതർലൻഡിൽ തിങ്കളാഴ്ച മുതൽ ന ലോക്ഡൗൺ നിലവിലുണ്ട്. മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ ക്രിസ്മസിന് പിന്നാലെയാണ് നിയന്ത്രണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.