‘ക്വാളിറ്റി പോരെന്ന്’; ഇന്ത്യയെ ഐഫോൺ ഉൽപ്പാദന കേന്ദ്രമാക്കാനുള്ള ആപ്പിളിന്റെ നീക്കത്തിന് തിരിച്ചടി...?

കോവിഡ് പ്രതിസന്ധിയും രാഷ്ട്രീയപരമായ കാരണങ്ങളും ചൈനയിൽ പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നതിനാൽ ഐഫോൺ നിർമാണം ഇന്ത്യയടക്കമുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് മാറ്റാനൊരുങ്ങുകയാണ് ആപ്പിൾ. അടുത്ത ഏതാനും വർഷങ്ങളിൽ ഇന്ത്യയെ ഒരു പ്രധാന ഉൽപ്പാദന കേന്ദ്രമാക്കി മാറ്റാൻ പദ്ധതിയിടുന്ന ആപ്പിൾ, ടാറ്റ ഗ്രൂപ്പ് പോലുള്ള വമ്പൻമാരുടെയും മറ്റ് പ്രാദേശിക പങ്കാളികളുടെയും സഹായത്തോടെ രാജ്യത്ത് അതിന്റെ അടിത്തറ വികസിപ്പിച്ചുവരികയാണ്. എന്നാൽ, ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ടുകൾ അത്ര ശുഭകരമല്ല.

ടാറ്റ നിര്‍മ്മിക്കുന്ന ഐഫോണ്‍ ഘടകങ്ങള്‍ക്ക് ഗുണനിലവാരം പോരെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഐഫോണുകൾക്കുള്ള ഘടകങ്ങൾ മികച്ച രീതിയിൽ ലഭ്യമാക്കുന്നതിൽ കമ്പനി വെല്ലുവിളികൾ നേരിടുന്നുണ്ട്. ടാറ്റയുടെ കീഴിലുള്ള ഹൊസൂറിൽ പ്രവര്‍ത്തിക്കുന്ന കേസിങ്‌സ് ഫാക്ടറിയില്‍ നിർമിച്ചു നല്‍കുന്ന ഭാഗങ്ങളില്‍ 50 ശതമാനത്തിന് മാത്രമേ ഗുണനിലവാരമുള്ളൂവെന്നാണ് കണ്ടെത്തല്‍. ടാറ്റ നിര്‍മ്മിക്കുന്ന ഭാഗങ്ങള്‍ ഫോക്സ്കോണിനാണ് ആപ്പിള്‍ എത്തിക്കുന്നത്.

ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കാൻ പദ്ധതിയിടുന്നതിന് മുമ്പേ തന്നെ ടാറ്റ ആപ്പിളിന് ചില ഐഫോണ്‍ പാർട്സുകൾ നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. ഐഫോണ്‍ നിര്‍മാണം ഏറ്റെടുക്കാന്‍ ടാറ്റയെ പ്രേരിപ്പിച്ചതും അതേ കാരണമായിരുന്നു. എന്നാൽ, ആപ്പിളിന്റെ ഉയർന്ന ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാൻ കമ്പനിക്ക് കഴിയുന്നില്ലെന്നും അതിന് വേണ്ട മാറ്റങ്ങൾ വരുത്താൻ ഇനിയും പ്രവർത്തിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതിനെല്ലാം പുറമേ, ലോജിസ്റ്റിക്‌സ്, താരിഫ്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളും ആപ്പിൾ രാജ്യത്ത് നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ആപ്പിളിനെ പോലുള്ള കമ്പനിക്ക് ഇന്ത്യയിൽ പൂർണ്ണമായി ഏതെങ്കിലും ഉത്പന്നം നിർമ്മിക്കുന്നതിന്, നൈപുണ്യമുള്ള തൊഴിലാളികളുടെയും പ്രദേശിക വിതരണക്കാരുടെയും മറ്റ് ഘടകങ്ങളുടെയും ശക്തമായ പിന്തുണ അത്യാവശ്യമാണെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു.

2017-ൽ ഐഫോൺ എസ്.ഇ മോഡലിലൂടെയാണ് ആപ്പിൾ അവരുടെ ‘മെയ്ക് ഇൻ ഇന്ത്യ ഐഫോൺ’ യാത്ര ആരംഭിച്ചത്. ഇപ്പോൾ 2023-ൽ പ്രോ മോഡലുകൾ ഒഴിച്ചുള്ള ഐഫോൺ മോഡലുകൾ ഇന്ത്യയിൽ നിർമിച്ച്, ഇവിടെ തന്നെ വിൽക്കുന്നുണ്ട്. എന്നാൽ കയറ്റുമതി വഴി ആഗോള വിപണികളിലേക്ക് വ്യാപിക്കാനും അതുവഴി ആപ്പിളിന്റെ പ്രധാന ഉൽപ്പാദന കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനും സർക്കാർ തലത്തിലും മറ്റും ആപ്പിളിന് സഹായം ആവശ്യമായേക്കും. 

Tags:    
News Summary - Only half of iPhone Casings Made in India Meet Apple's Quality Standards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT