ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് അമ്പരപ്പിക്കുന്ന പരീക്ഷണങ്ങൾ നടത്തുന്ന കമ്പനിയാണ് ഓപൺഎ.ഐ. ചാറ്റ്ജിപിടിയും നിർദേശങ്ങൾക്കനുസരിച്ച് ചിത്രങ്ങൾ സൃഷ്ടിക്കുന്ന ഡാൽ.ഇ-യും വിഡിയോ നിർമിക്കുന്ന സോറ എ.ഐ-യുമൊക്കെ നെറ്റിസൺസിനിടയിൽ വലിയ തരംഗമാണുണ്ടാക്കുന്നത്. ഇപ്പോഴിതാ പുതിയ എ.ഐ അത്ഭുതവുമായി എത്തിയിരിക്കുകയാണ് സാം ആൾട്ട്മാന്റെ കമ്പനി.
ഇത്തവണ ടെക്‌സ്‌റ്റ്-ടു-വോയ്‌സ് സൃഷ്‌ടിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമായ വോയ്‌സ് എഞ്ചിനാണ് ഓപ്പൺഎഐ അവതരിപ്പിച്ചിരിക്കുന്നത്. ഒരാളുടെ 15 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള റെക്കോർഡ് ചെയ്ത ശബ്ദം ഉപയോഗിച്ച് അതേ ശബ്ദം പുനർനിർമിക്കാൻ വോയിസ് എഞ്ചിന് സാധിക്കും. അതായത്, നിങ്ങളുടെ ഒരു വോയിസ് ക്ലിപ്പും ഒരു കുറിപ്പും അപ്ലോഡ് ചെയ്താൽ മതി, വോയിസ് എഞ്ചിൻ നിങ്ങളുടെ ശബ്ദത്തിൽ ആ കുറിപ്പ് വായിക്കും.
എന്നാൽ, അവിടെ തീർന്നില്ല ഓപൺഎ.ഐയുടെ വോയിസ് എഞ്ചിന്റെ അത്ഭുതങ്ങൾ. നിങ്ങളുടെ ശബ്ദത്തിൽ ഏത് ഭാഷയിലും (നിങ്ങൾക്ക് അറിയാത്തതാണെങ്കിൽ പോലും) സംസാരിക്കാൻ വോയിസ് എഞ്ചിന് കഴിയും. ഇപ്പോൾ പരീക്ഷ ഘട്ടത്തിലാണ് ഈ സാങ്കേതിക വിദ്യ.
കാര്യം, ഗംഭീരമായ ടെക്നോളജി ആണെങ്കിലും മറ്റ് എ.ഐ സാങ്കേതികവിദ്യകളെ പോലെ വോയിസ് എഞ്ചിനും വലിയ ആശങ്ക പടർത്തുന്നുണ്ട്. ഡീപ്ഫേക്ക് അപകടസാധ്യതകൾ ഉയർത്തുമെന്നതാണ് അതിൽ എടുത്തുപറയേണ്ട കാര്യം. എ.ഐ നിർമിത ചിത്രങ്ങളും വിഡിയോകളും പോലെ തന്നെ എ.ഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ശബ്ദങ്ങളും വ്യാജവാർത്താ പ്രചരണങ്ങൾക്കും മറ്റ് കുറ്റകൃത്യങ്ങൾക്കുമായി ഉപയോഗപ്പെടുത്തിയേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.