ടെക് ലോകം മുസ്‌ലിം, ഫലസ്തീനിയൻ സഹപ്രവർത്തകർക്ക് പിന്തുണ നൽകണം -ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ

വാഷിങ്ടൺ: മൂന്ന് മാസത്തോളമായി തുടരുന്ന ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന യുദ്ധം ടെക്നോളജി മേഖലയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതായി റിപ്പോർട്ട്. ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാന്‍റെ പുതിയ അഭിപ്രായ പ്രകടനം ഇതുസംബന്ധിച്ച ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ടെക്‌നോളജി മേഖലയിൽ പ്രവർത്തിക്കുന്ന, യുദ്ധം ബാധിച്ച മുസ്‌ലിംകൾക്ക് തങ്ങളുടെ അനുഭവത്തെക്കുറിച്ച് സംസാരിക്കാൻ ഭയമാണെന്നാണ് സാം ആൾട്ട്മാൻ പറഞ്ഞത്. "ഞാൻ സംസാരിച്ച ടെക് കമ്മ്യൂണിറ്റിയിലെ മുസ്‌ലിം, അറബ് (പ്രത്യേകിച്ച് ഫലസ്തീനിയൻ) സഹപ്രവർത്തകർ അവരുടെ സമീപകാല അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ അസ്വസ്ഥരാണ്. പ്രതികാര ഭയമോ കരിയറിനെ ബാധിക്കുമോ എന്നെല്ലാമുള്ള ആശങ്ക കാരണമാണിത്" -അദ്ദേഹം എക്സിൽ കുറിച്ചു.

മുസ്‌ലിം, അറബ് സഹപ്രവർത്തകരെ പ്രത്യേകം പരിഗണിക്കണമെന്ന് അദ്ദേഹം ടെക് മേഖലയിൽ ജോലി ചെയ്യുന്നവരോട് അഭ്യർത്ഥിച്ചു. "ഈ സഹപ്രവർത്തകർക്ക് നമ്മുടെ ടെക് മേഖല ഒറ്റക്കെട്ടായി പിന്തുണ നൽകണം. ഇതൊരു ക്രൂരമായ സമയമാണ്. ശാശ്വതമായ സമാധാനം ഉണ്ടാകുമെന്ന് ഞാൻ ഇപ്പോഴും പ്രതീക്ഷിക്കുന്നു. അതിനിടയിൽ നമുക്ക് പരസ്പരം സഹാനുഭൂതിയോടെ പെരുമാറാൻ കഴിയും." -സാം പറഞ്ഞു.

എക്സിലെ ഈ പോസ്റ്റിന് താഴെ വന്ന ഒരു ചോദ്യം, "അപ്പോൾ ജൂത സമൂഹത്തിന്‍റെ അനുഭവങ്ങളെക്കുറിച്ച് എന്താണ് തോന്നുന്നത്" എന്നായിരുന്നു. "ഞാൻ ജൂതനാണ്. ഒരുപാട് ആളുകൾ എനിക്ക് പിന്തുണ നൽകുന്നുണ്ട്. അതിനെ ഞാൻ അഭിനന്ദിക്കുകയും ചെയ്യുന്നു. എന്നാൽ, മുസ്‌ലിംകൾക്ക് ഈ പിന്തുണ വളരെ കുറച്ചേ ലഭിക്കുന്നുള്ളൂ എന്നാണ് ഞാൻ കാണുന്നത്." -എന്നായിരുന്നു മറുപടി.

Tags:    
News Summary - Our industry should be united in support of Muslim and Palestinian colleagues -Sam Altman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.