ആർ.ബി.ഐ വിലക്ക്: പേടിഎം ആപ്പ് ഫെബ്രുവരി 29ന് ശേഷം പ്രവർത്തിക്കില്ലേ..? വിശദീകരണവുമായി സ്ഥാപകന്‍ വിജയ് ശേഖര്‍

മുംബൈ: ഇന്ത്യയിൽ കോടിക്കണക്കിന് യൂസർമാരുള്ള യു.പി.ഐ ആപ്പാണ് പേടിഎം. ആർ.ബി.ഐയുടെ വിലക്കിന് പിന്നാലെ ഫെബ്രുവരി 29 മുതൽ പേടിഎം പ്രവർത്തനരഹിതമാകുമോ ? നിലവിലെ യൂസർമാർക്ക് ആപ്പ് ഇനി ഉപയോഗിക്കാൻ കഴിയില്ലേ..? എന്നുള്ള സംശയം പലർക്കുമുണ്ടായേക്കാം.

പേടിഎം പേയ്മെന്‍റ്സ് ബാങ്കിന് മേൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി കഴിഞ്ഞ ദിവസമായിരുന്നു റിസർവ് ബാങ്ക് ഉത്തരവിറക്കിയത്. ഫെബ്രുവരി 29 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കരുത്. പേടിഎം ബാങ്കിന്‍റെ അക്കൗണ്ടിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ വാലറ്റുകൾ ടോപ്അപ് ചെയ്യുകയോ പാടില്ലെന്നുമൊക്കെ ആർ.ബി.ഐ നിർദേശത്തിൽ പറയുന്നുണ്ട്.

എന്നാൽ, പേടിഎം യൂസർമാർ ആരും തന്നെ ആർ.ബി.ഐ വിലക്കിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചിരിക്കുകയാണ് സ്ഥാപകന്‍ വിജയ് ശേഖര്‍. ഫെബ്രുവരി 29 ന് ശേഷവും പേടിഎം ആപ്പ് സാധാരണ പോലെ തന്നെ പ്രവര്‍ത്തിക്കുമെന്നാണ് അദ്ദേഹം ഇന്ന് പറഞ്ഞത്.

പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് (ഒസിഎല്‍) മറ്റ് ബാങ്കുകളുമായും പങ്കാളിത്തമുണ്ട്. അതുകൊണ്ട് തന്നെ സ്വന്തം പേടിഎം പേയ്മെന്റ്‌സ് ബാങ്കിന് വിലക്ക് വീണാലും മറ്റ് ബാങ്കുകളുമായുള്ള പങ്കാളിത്തത്തിലൂടെ ഭൂരിഭാഗം സേവനങ്ങളും തുടരാന്‍ കമ്പനിക്ക് കഴിയും. പുതിയ പേടിഎം വാലറ്റ് തുറക്കാൻ കഴിയില്ലെങ്കിലും നിലവിൽ വാലറ്റുള്ളവർക്ക് അതിൽ ബാലൻസ് ടോപ് അപ് ചെയ്യാനും ഇടപാടുകൾ നടത്താനും തടസമുണ്ടാകില്ല. അതേസമയം, പേടിഎം പേയ്മെന്റ്സ് ബാങ്കിലൂടെ ഇടപാടുകളൊന്നും സാധ്യമാകില്ല.

അതുപോലെ പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ യു.പി.ഐ അഡ്രസുള്ളവർക്ക് യു.പി.ഐ ഇടപാടുകൾ നടത്താൻ കഴിയില്ല. എന്നാൽ, മറ്റുള്ള ബാങ്കിന്റെ യു.പി.ഐ ഐഡികൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താം. 

Tags:    
News Summary - Paytm will keep working beyond Feb 29: Vijay Shekhar Sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT