ഗ്രീക്ക് ഇതിഹാസത്തിലെ മാന്ത്രികച്ചിറകുള്ള വെളുത്ത പറക്കും കുതിരയാണ് പെഗസസ്. ഇസ്രായേൽ കമ്പനി എൻ.എസ്.ഒ ഗ്രൂപ് ആണ് ഇതേപേരിൽ ഫോണിൽ കടന്നുകയറി വിവരങ്ങൾ ചോർത്തി സ്വയംനശിക്കുന്ന സ്പൈവെയറിനെ സൃഷ്ടിച്ചത്. ഐഫോണുകളിലെ വിവരങ്ങൾ മോഷ്ടിക്കാനായി നിർമിച്ചതാണിത്. ആൻഡ്രോയിഡ്, ബ്ലാക്ക്ബെറി ഫോണുകളിലും പെഗസസിന് പ്രവർത്തിക്കാൻ കഴിയും. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പെഗസസ് വാങ്ങാൻ കിട്ടില്ല. ഇങ്ങനെ സോഫ്റ്റ്വെയർ ഉണ്ടെന്ന് സ്ഥിരീകരിച്ച എൻ.എസ്.ഒ ഇത് വിൽക്കുന്നത് സർക്കാറുകൾക്ക് മാത്രമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
'സ്പിയർ ഫിഷിങ്' എന്ന രീതിയാണ് പണ്ട് നുഴഞ്ഞുകയറാൻ ഉപയോഗിച്ചിരുന്നത്. ഫോണിലേക്ക് സന്ദേശമോ ഇ-മെയിലോ അയക്കും. ഉടമ ഇ-മെയിലിലോ സന്ദേശത്തിലോ ഉള്ള ലിങ്കിൽ ക്ലിക്കുചെയ്താൽ സ്പൈവെയർ ഡൗൺലോഡായി പ്രവർത്തിക്കാൻ തുടങ്ങും. ഇപ്പോൾ 'സീറോ ക്ലിക്' ആക്രമണമാണ് നടത്തുന്നത്. വാട്സ്ആപ് കോളായും മിസ്ഡ് കോളായും കടന്നുകയറി വിവരങ്ങൾ ചോർത്താൻ കഴിയും.
ഓപറേറ്റിങ് സിസ്റ്റത്തിലെ തകരാറുകളോ പഴുതുകളോ ഉപയോഗിക്കുന്ന 'സീറോ-ഡേ' രീതിയും പിന്തുടരുന്നു. ഈ തകരാറുകൾ ഫോൺ നിർമാതാവ് പോലും അറിഞ്ഞിട്ടുണ്ടാവില്ല. ആൻറിവൈറസുകൾ ഉപയോഗിച്ചാലൊന്നും പെഗസസിെൻറ സാന്നിധ്യം അറിയാൻ കഴിയില്ല. ഫോൺ മെമ്മറി ഉപയോഗിക്കാതെ താൽക്കാലിക മെമ്മറിയായ റാമിലാണ് ഇത്തരം സ്പൈവെയറുകളുടെ വാസം. ഫോൺ ഓണാകുേമ്പാൾ പെഗസസ് അപ്രത്യക്ഷമാകും.
ഇൻറർനെറ്റുള്ള ഫോണിലേക്ക് മിസ്ഡ് കോൾ, ഇമെയിൽ, എസ്.എം.എസ്, വാട്സ്ആപ് എന്നിങ്ങനെ ഏതുവഴിയിലൂടെയും കടക്കും. ഇത് ബാധിച്ച ഫോൺ ഉപയോഗിച്ച് ചെയ്യുന്നതെന്തും സ്പൈവെയർ നിയന്ത്രിക്കുന്നവർക്ക് അറിയാൻ കഴിയും. ഫോണിെൻറ നിയന്ത്രണം ഏറ്റെടുക്കാനും പറ്റും. ഫോണിെൻറ ഉടമ ഒന്നും അറിയില്ല. മിസ്ഡ് കോൾ വഴി ഫോണിൽ പ്രോഗ്രാം നിക്ഷേപിക്കും. കോൾ എടുക്കണമെന്നില്ല. ഫോണിലെ മുഴുവൻ സംവിധാനങ്ങളും പെഗസസ് വരുതിയിലാക്കും. ഉടമയറിയാതെ ഫോൺ കാമറ ഓണാക്കി ഫോട്ടോ കൈമാറാനും ഉടമ പോകുന്ന സ്ഥലങ്ങൾ ട്രാക്ചെയ്യാനും കോൾ റെക്കോഡ് ചെയ്യാനും കഴിയും. ചോർത്തലിന് ശേഷം പെഗസസ് നശിക്കുന്നതോടെ ഈ മിസ്ഡ് കോൾ വിവരങ്ങളും മാഞ്ഞുപോകും.
2016 ആഗസ്റ്റിൽ അറബ് മനുഷ്യാവകാശ പ്രവർത്തകൻ അഹമ്മദ് മൻസൂറിന് ഒരു രഹസ്യ സന്ദേശം ലഭിച്ചു. എസ്.എം.എസും ലിങ്കുമാണ് ലഭിച്ചത്. അത് സിറ്റിസൺ ലാബിലയച്ച് പരിശോധിച്ചപ്പോഴാണ് സ്പൈവെയറാണെന്നും എൻ.എസ്.ഒയാണ് പിന്നിലെന്നും തെളിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.