വാഴ്സോ: ഇന്ത്യയിലടക്കം വൻ വിവാദത്തിന് തിരികൊളുത്തിയ പെഗാസസ് ചാര സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് പോളണ്ടിൽ മുൻ സർക്കാറിനെതിരെ അന്വേഷണം. മുൻ ഭരണകൂടം ഇത് ഉപയോഗിച്ചതിനെതിരെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പാർലമെന്ററി സമിതി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സ്വതന്ത്ര അന്വേഷണവും ആരംഭിക്കുന്നത്.
പെഗാസസ് ചാര സോഫ്റ്റ്വെയർ ഇരകൾക്ക് വരുംദിവസങ്ങളിൽ ഇതിന്റെ ഭാഗമായി അറിയിപ്പ് നൽകുമെന്ന് പോളണ്ട് പുതിയ നീതിന്യായ മന്ത്രി ആദം ബോദ്നർ പറഞ്ഞു. നഷ്ടപരിഹാരം നൽകുന്നതിനു പുറമെ പെഗാസസ് ഉപയോഗിച്ചവർക്കെതിരായ ക്രിമിനൽ നടപടികളിലും ഇവർക്ക് ഭാഗമാകാം.
ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒ വികസിപ്പിച്ച പെഗാസസ് മൊബൈൽ ഫോണുകളിലേക്ക് ഉടമയറിയാതെ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നതോടെ അതിലെ വിവരങ്ങൾ കൈമാറുന്നതിന് പുറമെ റെക്കോഡറായി പ്രവർത്തിക്കുകയും ചെയ്യും. വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് പ്രമുഖരുടെ ഫോൺ നമ്പറുകളാണ് ഇങ്ങനെ ഭരണകൂടങ്ങൾ ചോർത്തിയിരുന്നത്.
രാഷ്ട്രീയക്കാർ മാത്രമല്ല, മാധ്യമസ്ഥാപനങ്ങളും ഇതിന് ഇരയായി. കഴിഞ്ഞവർഷം പോളണ്ടിൽ സിവിക് പ്ലാറ്റ്ഫോം കക്ഷി നേതാവ് ഡോണൾഡ് ടസ്ക് പാർലമെന്റ് തെരഞ്ഞെടുപ്പ് ജയിച്ചതോടെയാണ് അന്വേഷണത്തിലേക്ക് വഴിതുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.