ജാഗ്രതൈ... വാട്​സ്​ആപ്പ്​ സന്ദേശങ്ങൾ ഫേസ്​ബുക്ക്​ ജീവനക്കാർ വായിക്കുകയും പങ്കുവെക്കുകയും ചെയ്യുന്നതായി റിപ്പോർട്ട്​

ഫേസ്​ബുക്കിന്‍റെ ഉടമസ്​ഥതയിലുള്ള ജനപ്രിയ മെസേജിങ്​ ആപ്ലിക്കേഷനായ വാട്​സ്​ആപ്പിന്‍റെ സുരക്ഷയെ കുറിച്ച്​ ഏറെ നാളായി ചർച്ചകൾ തുടരുകയാണ്​. ആപ്ലിക്കേഷൻ 'എൻഡ്​ ടു എൻഡ്​ എൻക്രിപ്​ഷൻ' ആണെന്നും ആളുകളുടെ സ്വകാര്യതക്ക്​ യാതൊരു വെല്ലുവിളിയും ഇല്ലെന്നുമായിരുന്നു കമ്പനിയുടെ വാദം. എന്നാൽ വാട്​സ്​ആപ്പിലെ ചാറ്റുകൾ അത്ര സ്വകാര്യമല്ലെന്നാണ്​ പുറത്ത്​ വരുന്ന വിവരം. 'പ്രോപബ്ലിക്ക' ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ട് വാട്​സ്​ആപ്പിന്‍റെ മാതൃകമ്പനിയായ ഫേസ്​ബുക്ക്​ ഉപയോക്താക്കൾ​ അയക്കുന്ന സന്ദേശങ്ങൾ വായിക്കുന്നതായി ഞെട്ടിപ്പിക്കുന്ന ​വെളിപ്പെടുത്തൽ നടത്തിയത്​.

വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ വായിക്കാനും നിയന്ത്രിക്കാനുമായി ലോകമെമ്പാടും ആയിരത്തിലധികം കരാർ തൊഴിലാളികളെ ഫേസ്ബുക്ക് നിയമിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

യു.എസ് നിയമ വിഭാഗത്തിന്‍റെ ചില സ്വകാര്യ ഡേറ്റ കമ്പനി പങ്കുവെച്ചതായും ആക്ഷേപമുണ്ട്​. വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ കമ്പനി കാണുന്നില്ലെന്ന് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് ആവർത്തിച്ച് പറഞ്ഞതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ.

'ഓസ്റ്റിൻ, ടെക്സാസ്, ഡബ്ലിൻ, സിംഗപ്പൂർ എന്നിവിടങ്ങളിലെ ഓഫീസുകളിലായി ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഉള്ളടക്കം പരിശോധിക്കുന്നതിനായി ആയിരത്തിലധികം കരാർ തൊഴിലാളികളെ ഫേസ്​ബുക്കിനായി ജോലി ചെയ്യുന്നു'-പ്രോപബ്ലിക്ക പറയുന്നു.

തട്ടിപ്പ്​കേസുകൾ, കുട്ടികളുടെ അശ്ലീലം, തീവ്രവാദ ഗൂഢാലോചന എന്നിവ തടയാനായി ആ ജോലിക്കാർ അൽ‌ഗോരിതവും ഉള്ളടക്കവും ഉപയോഗപ്പെടുത്തുന്നതായി കമ്പനി സമ്മതിച്ചിട്ടുണ്ട്​. ഉപയോക്താക്കൾ ആപ്പിലെ 'റിപ്പോർട്ട്' ബട്ടൺ അമർത്തുമ്പോൾ വാട്ട്‌സ്ആപ്പ് ജീവനക്കാർക്ക്​ സ്വകാര്യ ഉള്ളടക്കം ലഭ്യമാകുമെന്നും റിപ്പോർട്ട് വെളിപ്പെടുത്തലുണ്ട്​. ഇത്​ സേവന നിബന്ധനകളുടെ ലംഘനമാണ്​.

സന്ദേശങ്ങൾക്ക് പുറമെ, ഒരു ഉപയോക്താവി​ന്‍റെ വാട്ട്‌സ്ആപ്പ് പ്രൊഫൈൽ, ഗ്രൂപ്പുകൾ എന്നിവയുടെ പേരുകളും പ്രൊഫൈൽ ചിത്രങ്ങൾ, ഫോൺ നമ്പർ, സ്റ്റാറ്റസ് സന്ദേശം, ഫോൺ ബാറ്ററി നില, ഭാഷ, ബന്ധപ്പെട്ട ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ എന്നിവയടക്കമുള്ള എൻക്രിപ്റ്റ് ചെയ്യാത്ത വിവരങ്ങൾ ഈ കരാർ തൊഴിലാളികൾക്ക്​ കാണാനാകും.

ഓരോ കരാർ ജീവനക്കാരനും പ്രതിദിനം 600 പരാതികളാണ്​ കൈകാര്യം ചെയ്യുന്നത്​. ഒരു കേസിന് ഒരു മിനിറ്റിൽ താഴെ സമയമാണ്​ ലഭിക്കുക. ഒന്നുകിൽ ഒന്നും ചെയ്യാതെയിരിക്കാം അല്ലെങ്കിൽ കൂടുതൽ പരിശോധനക്കായി ഉപയോക്താവിനെ നിരീക്ഷണത്തിൽ വെക്കാം അതുമല്ലെങ്കിൽ അക്കൗണ്ട് നിരോധിക്കാം.

യു.എസ് ബാങ്കുകളിലൂടെ കള്ളപ്പണം എങ്ങനെ ഒഴുകുന്നുവെന്ന് വെളിപ്പെടുത്തുന്ന രഹസ്യ രേഖകൾ ബസ്ഫീഡ് ന്യൂസിന് ചോർത്തിയ ട്രഷറി വിഭാഗം ജീവനക്കാരനെ കുടുക്കാൻ വാട്ട്‌സ്ആപ്പ് ഡേറ്റ പ്രോസിക്യൂട്ടർമാരെ സഹായിച്ചതായി റിപ്പോർട്ട്​ അവകാശപ്പെട്ടു.

Tags:    
News Summary - ProPublica report says Facebook reads and shares WhatsApp private messages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.