ന്യൂഡൽഹി: കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയ ജനപ്രിയ ഗെയിമായ പബ്ജി രാജ്യത്ത് തിരിച്ചുവരവിനൊരുങ്ങുന്നു. ഇന്ത്യയിലെ പബ്ജി മൊബൈൽ ആപ്ലിക്കേഷൻെറ അവകാശം ടെൻസൻറ് കമ്പനിയിൽനിന്ന് കൊറിയൻ കമ്പനി തിരിച്ചെടുത്തതോടെയാണ് രണ്ടാംവരവിന് കളമൊരുങ്ങുന്നത്.
ദക്ഷിണകൊറിയൻ കമ്പനിയായ ബ്ലൂഹോളിൻെറ ഉപ സ്ഥാപനമായ പബ്ജി കോർപറേഷനാണ് പബ്ജി ഗെയിമിൻെറ നിർമാതാക്കൾ. എന്നാൽ ഗെയിമിൻെറ മൊബൈൽ ആപ് നിർമിച്ചത് ചൈനീസ് കമ്പനിയായ ടെൻസെൻറ് ആയിരുന്നു. ഇതേ തുടർന്നാണ് രാജ്യത്ത് പബ്ജിക്ക് നിരോധനം ഏർപ്പെടുത്തിയത്. ചൈനീസ് കമ്പനിയെന്ന പേരിൽ നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ആപ്പ് അവകാശം പബ്ജി കോർപറേഷൻ ഏറ്റെടുക്കുകയായിരുന്നു. ഇതോടെ പബ്ജിക്ക് ഏർപ്പെടുത്തിയ നിരോധനം ഉടൻ നീക്കാനാണ് സാധ്യത.
'സുരക്ഷയും സ്വകാര്യതയും മാനിച്ച് സർക്കാർ ഏർപ്പെടുത്തിയ നിരോധനം പബ്ജി കോർപറേഷൻ പൂർണമായും മനസിലാക്കുന്നു. പബ്ജി കളിക്കുന്നവരുടെ സ്വകാര്യതക്കും കമ്പനി മുൻഗണന നൽകുന്നു. ഈ സാഹചര്യത്തിൽ സർക്കാറുമായി ചേർന്ന് നിയമങ്ങളെല്ലാം പാലിച്ച് ഗെയിം തിരികെയെത്തിക്കാൻ നടപടി സ്വീകരിക്കും. പബ്ജി മൊബൈൽ ആപുമായി ഇനി ടെൻസൻറ് ഗെയിംസിന് യാതൊരു ബന്ധവുമില്ല. പബ്ജി കോർപറേഷൻ മുഴുവനായി പബ്ജി ഗെയിമിൻെറ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഉടൻ തന്നെ രാജ്യത്തെ നിരോധനം നീക്കുമെന്നാണ് പ്രതീക്ഷ' -പബ്ജി കോർപറേഷൻ പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും മാനിച്ചും പ്രതിരോധം, സുരക്ഷ എന്നിവ മുൻനിർത്തിയുമാണ് രാജ്യത്ത് പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ചത്. ഇൻഫർമേഷൻ ടെക്നോളജി നിയമത്തിൻെറ 69ാം വകുപ്പ് അനുസരിച്ചായിരുന്നു നിരോധനം. അതിർത്തിയിൽ ചൈന പ്രകോപനം തുടരുന്നതാണ് നിരോധനത്തിൻെറ കാരണം. രാജ്യത്ത് 33 ലക്ഷം പേരാണ് പബ്ജി കളിച്ചുകൊണ്ടിരുന്നത്. നേരത്തേ ടിക്ടോക്, യു.സി ബ്രൗസർ, ക്സെൻഡർ തുടങ്ങി 59ഓളം ചൈനീസ് ആപ്പുകളും കേന്ദ്രം നിരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.