ന്യൂഡൽഹി: പബ്ജി മൊബൈൽ എന്ന ലോകപ്രശസ്ത ഗെയിം ഇന്ത്യയിൽ നിരോധിച്ചിട്ട് ദിവസങ്ങളായി. കോടിക്കണക്കിന് പബ്ജി പ്രേമികളെ നിരാശരാക്കിയ നിരോധനം നീക്കാൻ പോവുകയാണെന്നും ഉടൻ ഗെയിം തിരിച്ചുവരുമെന്നും സമീപകാലത്ത് വാർത്തകൾ വന്നിരുന്നു. എന്നാൽ, എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കുന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.
പബ്ജിയുടെ നിരോധനം ശാശ്വതമാണ് എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്രമാസക്തമായ ഗെയിമാണ് പബ്ജിയെന്നും അതിനാൽ ഇന്ത്യയിൽ അനുവദിക്കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ചെറിയ കുട്ടികൾ പോലും പബ്ജിക്ക് അടിമകളായി. യുവാക്കളെ വഴിതെറ്റിക്കുന്ന പബ്ജി അവർക്ക് വൻ ഭീഷണിയാണുയർത്തുന്നത്. ഇന്ത്യൻ സൈബർ ഇടത്തിൽ ഇതുപോലൊരു ഗെയിം അനുവദിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നുമാണ് സർക്കാരിെൻറ പ്രതികരണം.
ചൈനീസ് കമ്പനിയായ ടെൻസെൻറ് ഗെയിംസുമായി സഹകരിച്ചായിരുന്നു കൊറിയൻ ഗെയിമിങ് കമ്പനിയായ പബ്ജി കോർപറേഷൻ 'പബ്ജി മൊബൈൽ' ഇന്ത്യയിൽ അവതരിപ്പിച്ചത്. അതിർത്തി പ്രശ്നങ്ങളെ തുടർന്ന് രാജ്യത്ത് ചൈന വിരുദ്ധ വികാരം ഉടലെടുത്ത പശ്ചാത്തലത്തിൽ പ്രതികാര നടപടിയെന്നോണം നൂറിലധികം ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. അതിൽ ഇന്ത്യയിൽ ഏറ്റവും ഉപയോഗിക്കപ്പെടുന്ന ഷോട്ട് വിഡിയോ ആപ്പായ ടിക്ടോകും പബ്ജിയും ഉൾപ്പെടും.
നിരോധനം വമ്പൻ പ്രതിസന്ധി സൃഷ്ടിച്ചതോടെ എങ്ങനെയെങ്കിലും ഇന്ത്യയിൽ തിരിച്ചെത്താൻ ശ്രമം തുടങ്ങിയ പബ്ജി ടെൻസെൻറ് ഗെയിംസുമായുള്ള ബദ്ധം ഒഴിവാക്കുകയും ചില ഇന്ത്യന്‍ കമ്പനികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ, കേന്ദ്ര സർക്കാരിെൻറ നിലപാട് വ്യക്തമാക്കിയതോടെ ഇനിയൊരു തിരിച്ചുവരവ് പബ്ജിക്ക് സാധ്യമായേക്കില്ല.
ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതടക്കമുള്ള നിരവധി സുരക്ഷാ പ്രശ്നങ്ങളാണ് പബ്ജിയും ടിക്ടോകുമടക്കമുള്ള ചൈനീസ് ആപ്പുകൾക്കെതിരെ കേന്ദ്രം ഉന്നയിച്ചത്. പബ്ജി മൊബൈൽ കാരണം നിരവധി മരണങ്ങളും അപകടങ്ങളും ധന നഷ്ടങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതും ഗെയിമിനെതിരെയുള്ള നടപടിക്ക് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.