ആൾട്ട്മാന് വേണ്ടി ബോർഡിൽ ഉൾപ്പെടെ അഴിച്ചു പണി; ഇവരാണ് പുതിയ അമരക്കാർ

സാം ആൾട്ട്മാനെ പുറത്താക്കിയതിന് പിന്നാലെ രാജി ഭീഷണിയുമായി കമ്പനിയിലെ നിരവധി ജീവനക്കാർ മുന്നോട്ടുവന്നതോടെ മുൻ സി.ഇ.ഒയെ തിരികെ കൊണ്ട് വരാൻ കരാർ ഉണ്ടാക്കിയിരിക്കുകയാണ് ഓപൺഎ.ഐ. എന്നാൽ, തിരിച്ചുവരണമെങ്കിൽ തന്നെ പുറത്താക്കിയവർ ബോർഡിലുണ്ടാവാൻ പാടില്ലെന്ന് ആൾട്ട്മാൻ അറിയിച്ചിരുന്നു. ഇപ്പോഴിതാ കമ്പനി ബോർഡിൽ ഉൾപ്പെടെ അഴിച്ചു പണികൾ നടത്തിയാണ് സാമിനെ കമ്പനി തിരികെയെത്തിക്കുന്നത്.

ആശയവിനിമയം വ്യക്തമല്ലെന്നും വിശ്വാസം നഷ്ടപ്പെട്ടെന്നും പറഞ്ഞ് വെള്ളിയാഴ്ചയാണ് സാം ആൾട്ട്മാനെ ഓപൺ എ.ഐ സി.ഇ.ഒ പദവിയിൽനിന്ന് ബോർഡ് അംഗങ്ങൾ പുറത്താക്കിയത്. എന്നാൽ, പുറത്താക്കിയ ഡയറക്ടർ ബോർഡിനെതിരെ നിക്ഷേപകരും 750ഓളം വരുന്ന ജീവനക്കാരും ഒന്നിച്ച് രംഗത്തെത്തുകയായിരുന്നു.

“സാം ആൾട്ട്മാനെ തിരികെയെത്തിക്കാൻ ഞങ്ങൾ അദ്ദേഹവുമായി കരാറുണ്ടാക്കി. കൂടാതെ ബ്രറ്റ് ടെയ്‌ലർ ചെയർമാനും, ലാറി സമ്മേഴ്‌സ്, ആദം ഡി ആഞ്ചലോ എന്നിവരെ അംഗങ്ങളുമാക്കി നിയമിച്ചുകൊണ്ട് പുതിയ കമ്പനി ബോർഡും രൂപീകരിച്ചു” – ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഓപൺഎഐ കുറിച്ചു. പിന്നാലെ തിരിച്ചുവരവ് സാം ആൾട്ട്മാനും സ്ഥിരീകരിച്ചിരുന്നു.

ആൾട്ട്മാന് വേണ്ടി അഴിച്ചുപണിത ബോർഡ് 

സെയിൽസ്ഫോൾസിന്റെ മുൻ സഹ-സി.ഇ.ഒ ബ്രെറ്റ് ടെയ്ലർ ഓപൺഎഐയുടെ പുതിയ പ്രാരംഭ ബോർഡിലുണ്ട്, കൂടാതെ അദ്ദേഹം ബോർഡിന്റെ ചെയർമാനായും പ്രവർത്തിക്കും. ഗൂഗിൾ മാപ്‌സിന്റെ സഹ-സ്ഥാപകൻ കൂടിയാണ് അദ്ദേഹം. യുഎസ് ട്രഷറിയുടെ മുൻ സെക്രട്ടറിയും ഹാർവാർഡ് സർവകലാശാലയിലെ പ്രസിഡന്റുമായ ലോറൻസ് സമ്മേഴ്‌സും ഓപൺഎഐയുടെ ബോർഡിലുണ്ട്. ക്വോറയുടെ സഹസ്ഥാപകനും സിഇഒയുമായ 39 കാരനായ ആദം ഡി ആഞ്ചലോ ഓപൺഎഐയുടെ ബോർഡിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്.

ബോർഡിന്റെ സ്വഭാവത്തിലും ഇപ്പോൾ ശ്രദ്ധേയമായ മാറ്റമുണ്ട്. മുമ്പത്തെ ബോർഡിൽ അക്കാദമിക് വിദഗ്ധരും ഗവേഷകരും ഉൾപ്പെടുന്നു, എന്നാൽ ബിസിനസ്സ് - സാങ്കേതികവിദ്യാ പശ്ചാത്തലമുള്ളവരാണ് പുതിയ ഡയറക്ടർമാർ. ഹെലൻ ടോണർ, ടാഷ മക്കോളി, ഇല്യ സുറ്റസ്കെവർ എന്നിവരായിരുന്നു മുമ്പ് ബോർഡിലുണ്ടായിരുന്നവർ. 

നേരത്തെ, ഓപൺ എ.ഐ പ്രധാന നിക്ഷേപകരായ മൈക്രോസോഫ്റ്റ് തങ്ങളുടെ നിർമിതബുദ്ധി ഗവേഷണങ്ങളുടെ തലപ്പത്ത് സാം ആൾട്ട്മാനെ നിയമിച്ചിരുന്നു. ഓപൺ എ.ഐ സഹസ്ഥാപകൻ ഗ്രെഗ് ബ്രോക്മാനെയും മറ്റു പ്രമുഖരെയും ഇതോടൊപ്പം സ്വന്തമാക്കി. രാജിനൽകുന്ന ജീവനക്കാരെയും ഇതേ വേതനവ്യവസ്ഥയിൽ കൂടെക്കൂട്ടാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. വൻ തിരിച്ചടി മുന്നിൽക്കണ്ട ബോർഡ് അടിയന്തര നയംമാറ്റത്തിന് തയാറാകുകയായിരുന്നു. സാൾട്ട്മാനൊപ്പം ബ്രോക്മാനും ഓപൺ എ.ഐയിലേക്ക് മടങ്ങും.

Tags:    
News Summary - Sam Altman's back. Here's who's on the new OpenAI board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.