വീണ്ടും ആപ്പിളിനെ പരിഹസിക്കുന്ന പരസ്യവുമായി സാംസങ്; വിഡിയോ വൈറൽ

ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ നിർമാതാക്കളാണ് ദക്ഷിണ കൊറിയൻ ബ്രാൻഡായ സാംസങ്ങും യു.എസ് കമ്പനിയായ ആപ്പിളും. എല്ലാം തികഞ്ഞ പ്രീമിയം ശ്രേണിയിലുള്ള സ്മാർട്ട്ഫോണുകൾ ഇരു കമ്പനികളും നിർമിക്കുന്നുണ്ട്. ഫ്ലാഗ്ഷിപ്പ് സീരീസ് വിഭാഗത്തിൽ വർഷങ്ങളായി രണ്ട് ബ്രാൻഡുകളും തമ്മിൽ കടുത്ത മത്സരത്തിലുമാണ്.

ആപ്പിൾ, സി.ഇ.ഒ ടിം കുക്ക്, സാംസങ് അടക്കമുള്ള ആൻഡ്രോയ്ഡ് ഫോണുകളെ അവയുടെ സുരക്ഷയുടെ കാര്യത്തിലും മറ്റും പലപ്പോഴായി പരിഹസിച്ചിട്ടുണ്ട്. എന്നാൽ, സാംസങ് പരസ്യങ്ങളിലൂടെയാണ് അതിന് മറുപടി നൽകാറുള്ളത്. ആപ്പിളിന്റെ ഡിസൈനിനെയും ഐ.ഒ.എസിന്റെ പരിമിതികളെയും ചൂണ്ടിക്കാട്ടിയുള്ള സാംസങ്ങിന്റെ രസകരമായ പരസ്യങ്ങൾ പലതും വലിയ രീതിയിൽ വൈറലാകാറുമുണ്ട്.


അത്തരത്തിലൊരു പരസ്യവുമായി വീണ്ടും എത്തിയിരിക്കുകയാണ് ദക്ഷിണകൊറിയൻ ടെക് ഭീമൻ. ഇത്തവണയും ആപ്പിളിനെ അവർ നേരിട്ട് പരഹസിക്കുന്നുണ്ട്. പ്രീമിയം ശ്രേണിയിലുള്ള ഫോണുകൾ വാങ്ങാനിരിക്കുന്നവർക്ക് എപ്പോഴുമുള്ള സംശയമാണ് ആപ്പിൾ എടുക്കണോ..? അല്ലെങ്കിൽ സാംസങ്ങിന്റെ എസ് സീരീസിലുള്ള ഫോൺ എടുക്കണോ..? എന്നുള്ളത്. അത്തരക്കാരെയാണ് പരസ്യത്തിൽ കമ്പനി ലക്ഷ്യമിടുന്നത്.

സാംസങ്ങിന്റെ Z ഫ്ലിപ് എന്ന മോഡലിന്റെ ഏറ്റവും പുതിയ പതിപ്പായ Z ഫ്ലിപ് 4-ന്റെ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള പ്രമോഷൻ പരസ്യത്തിലാണ് ആപ്പിളിനെ സാംസങ് പരിഹസിക്കുന്നത്. ഇത്തവണയും ആപ്പിളിന്റെ രൂപകൽപ്പനയ്ക്കിട്ടാണ് കൊട്ട്.

ഐഫോണ്‍ വാങ്ങണോ സാംസങ്ങിന്റെ ഫോൺ വാങ്ങണോ എന്ന ആശയക്കുഴപ്പത്തിൽ ഒരു മതിലിന്റെ മുകളിൽ ഇരിക്കുന്ന യുവാവിനെ കാണിച്ചുകൊണ്ടാണ് പരസ്യം തുടങ്ങുന്നത്. അതേസമയം, പുതിയ ഗ്യാലക്സി Z ഫ്ലിപ് 4 എന്ന ഫോണുമായി ഇരിക്കുന്ന പെൺകുട്ടി അവനോട് പറയുന്നു - 'ഞാനും നിന്നെ പോലെ ആയിരുന്നു.. സാംസങ്ങിനും ആപ്പിളിനും ഇടയിലുള്ള മതിലിന് മുകളിൽ ഇതുപോലെ ഇരുന്നിട്ടുണ്ട്...'

എന്നാൽ, തനിക്ക് സാംസങിലോട്ട് മാറാന്‍ ആഗ്രഹമുണ്ടെന്നും, പക്ഷെ ഐഫോൺ ഉപയോഗിക്കുന്ന സുഹൃത്തുക്കള്‍ എന്തുകരുതും എന്നുള്ളത് തന്നെ അലട്ടുന്നതായും യുവാവ് മറുപടിയായി പറയുന്നു. അപ്പോൾ, ഗ്യാലക്സി Z ഫ്ലിപ് 4 അവന്റെ കൈയ്യിൽ കൊടുത്തുകൊണ്ട്, നിർബന്ധമായും മാറണമെന്നും, പുതിയ ഫ്ലിപ് ഫോൺ കണ്ട് ആപ്പിൾ ആരാധകരായ സുഹൃത്തുക്കൾ പിന്നാലെ കൂടുമെന്നും അവർക്ക് അസൂയയാകുമെന്നും പെൺകുട്ടി പറയുന്നു. ഒടുവില്‍ യുവാവ് സാംസങ് തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുന്നതായും പരസ്യത്തിൽ കാണിക്കുന്നുണ്ട്. 'ഗാലക്‌സി നിങ്ങളെ കാത്തിരിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് പരസ്യം എത്തിയത്.

Full View

ആപ്പിളിന് ഫോൾഡബിൾ ഫോൺ ഇറക്കാൻ സാധിക്കാത്തതിനെയാണ് സാംസങ് പുതിയ പരസ്യത്തിലൂടെ പരിഹസിക്കുന്നത്. അതേസമയം, സാംസങ് അവരുടെ രണ്ട് തരത്തിലുള്ള ഫോൾഡബിൾ ഫോണുകളിലാണ് ഇപ്പോൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിൽ മടക്കാവുന്ന ഫോണുകളിൽ ഏറ്റവും മികച്ച സോഫ്റ്റ്​വെയർ അനുഭവം നൽകുന്നതും കൊറിയൻ കമ്പനിയാണ്.

Tags:    
News Summary - Samsung again with an ad mocking Apple; video went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT