ഇന്ത്യൻ വംശജനായ സുന്ദർ പിച്ചൈയെ എല്ലാം ഏൽപ്പിച്ച് 2019-ൽ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബറ്റിൽ നിന്നും പടിയിറങ്ങിപ്പോയ സഹ-സ്ഥാപകൻ സെർജി ബ്രിൻ തിരിച്ചെത്തുന്നു. ഗൂഗിളിന്റെ രഹസ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോജക്റ്റിൽ പ്രവർത്തിക്കാൻ വേണ്ടിയാണ് ലോക കോടീശ്വരൻമാരിൽ ഒരാളായ സെർജി ബ്രിന്നിന്റെ മടക്കമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
‘ജെമിനി’ എന്ന് വിളിക്കുന്ന എ.ഐ പ്രൊജക്ടിൽ ഏറെ കാലമായി ഗൂഗിൾ പ്രവർത്തിച്ചുവരികയാണ്. അതിന്റെ ഭാഗമായി ബ്രിൻ കുറച്ച് മാസങ്ങളായി ആഴ്ചയിൽ മൂന്നോ നാലോ ദിവസം ഗൂഗിളിന്റെ കാലിഫോർണിയ ഓഫീസിലെത്തുന്നുണ്ട്. എ.ഐ റേസിൽ പിന്നിലായിപ്പോകാതിരിക്കാനാണ് തങ്ങളുടെ പഴയ പ്രസിഡന്റിനെ ആൽഫബറ്റ് തിരിച്ചുവിളിച്ചിരിക്കുന്നത്.
മറ്റൊരു ടെക് ഭീമനായ മൈക്രോസോഫ്റ്റ് നിർമിത ബുദ്ധിയുടെ സർവ സാധ്യതകളും ഉപയോഗപ്പെടുത്തി ഗൂഗിളിനെ മറികടക്കാനുള്ള പുറപ്പാടിലാണ്. അതിനായി ചാറ്റ്ജിപിടി സൃഷ്ടാക്കളായ ഓപൺഎ.ഐയുമായി കൈകോർത്ത് അവരുടെ ബിങ് സെർച് എഞ്ചിനും എഡ്ജ് ബ്രൗസറും മറ്റ് ആപ്പുകളും എ.ഐ ഉപയോഗപ്പെടുത്തി നവീകരിച്ചിരുന്നു. അതിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. എന്നാൽ, ഗൂഗിളിന് അവരുടെ എ.ഐ ഭാഷാ മോഡലായ ബാർഡിനെ ഗൂഗിൾ സെർച്ചിൽ മികച്ച രീതിയിൽ ഇതുവരെ സംയോജിപ്പിക്കാൻ സാധിച്ചിട്ടില്ല.
ഗൂഗിളിന്റെ രഹസ്യ AI പ്രോജക്റ്റിനെക്കുറിച്ച് നിലവിൽ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എല്ലാം രഹസ്യമായി സൂക്ഷിക്കുകയാണ് ടെക് ഭീമൻ. ചാറ്റ്ജിപിടി എന്ന എ.ഐ ചാറ്റ്ബോട്ട് പ്രവർത്തിക്കുന്നത് ഓപൺഎ.ഐയുടെ ജിപിടി-4 എന്ന മോഡലിനെ അടിസ്ഥാനമാക്കിയാണ്. അതുപോലെ, മറ്റ് AI മോഡലുകളെ ശക്തിപ്പെടുത്തുന്ന ഒരു അടിസ്ഥാന മോഡലായിരിക്കും ജെമിനിയെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.