മെറ്റാവേഴ്‌സിൽ യു.എ.ഇ ആസ്ഥാനമായുള്ള കലാകാരൻ ലിസ് റാമോസിന്‍റെ ‘പാർഡോ’ എന്ന കലാസൃഷ്ടി

മെറ്റാവേഴ്സിലേക്ക് വാതിൽ തുറന്ന് ഷാർജ

കലകൾ എളുപ്പത്തിൽ ലയിച്ചുചേരുന്ന ചാരുതയാണ് അറബ് സാംസ്കാരിക മേഖലയുടെ തലസ്ഥാനമായ ഷാർജയുടേത്. ബദുവിയൻ ഗോത്ര കലകളിൽ നിന്നുത്ഭവിച്ച് സാംസ്കാരിക ലോകങ്ങളിലൂടെ തളരാതെ ഒഴുകി മെറ്റാവേഴ്സിലേക്കെത്തിയിരിക്കുകയാണ് ഷാർജ ഇപ്പോൾ.

ഹൗസ് ഓഫ് വിസ്ഡമിൽ ആരംഭിച്ച ആദ്യത്തെ എൻ.എഫ്.ടി കലാപ്രദർശനവുമായിട്ടാണ് ഷാർജ മെറ്റാവേഴ്സിലേക്കുള്ള വാതിൽ തുറന്നത്.

പരമ്പരാഗത കലകളെയും ആധുനിക രീതികളെയും കോർത്തിണക്കുന്ന പ്രദർശനത്തിൽ യു.എ.ഇയിൽ നിന്നുള്ള 15 കലാകാരൻമാരോടൊപ്പം വിവിധ രാജ്യങ്ങളിലെ 60 കലാകാരൻമാരും അണിനിരക്കുന്നു. ഏപ്രിൽ 15 വരെ നീളുന്ന പ്രദർശനം എല്ലാവർക്കും ആസ്വദിക്കുവാനാകും. നിരവധി തീമുകൾ ഉൾക്കൊള്ളുന്ന പ്രദർശനം 24 സ്‌ക്രീനുകളിലായി നടക്കുന്നു. പോർട്രെയ്‌ച്ചർ, ലാൻഡ്‌സ്‌കേപ്പ് മുതൽ അമൂർത്ത ഭാവങ്ങൾ വരെ മുന്നിലെത്തുന്നു. ശിൽപങ്ങളുടെ താഴ്വരയിൽ നിന്ന് വെർച്വൽ റിയാലിറ്റിയുടെ ശിഖരങ്ങളിലേക്കും അവിടെ നിന്ന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ഉയരങ്ങളിലേക്കും കാഴ്ച്ചക്കാരെ ക്ഷണിക്കുന്നു. വിവിധ വിഭാഗങ്ങളിൽ എൻ.എഫ്.ടികൾ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ സാങ്കേതിക പദങ്ങൾ കൊണ്ട് വരച്ചുവെക്കുന്നു. മേഘം ഇടിമിന്നൽ പുറപ്പെടുവിക്കുന്ന ഡൈനാമിക് എൻ.എഫ്.ടികൾ മുതൽ സൂര്യപ്രകാശത്തിന്‍റെ ആനിമേറ്റഡ് ഫോട്ടോ വരെ ഗേറ്റ്‌വേ ടു ദ മെറ്റാവേഴ്‌സിൽ ആസ്വദിക്കാം.

ഹൗസ് ഓഫ് വിസ്ഡമിലെത്തിയ ആർട്ടിസ്റ്റുകൾ പുതിയ വെർച്വൽ പ്രപഞ്ചത്തിൽ അതിരുകളില്ലാത്ത ലോകക്രമം രചിക്കുകയാണ്. 'ഞങ്ങളെ സംബന്ധിച്ചിടത്തോളം ഷാർജ അവസരങ്ങളുടെ സ്വർഗമാണ്. സംസ്കാരങ്ങളും കലകളും കൊണ്ട് ആഴത്തിൽ വേരൂന്നിയ പറുദീസ. വൈവിധ്യമാർന്ന നിരവധി ശബ്ദങ്ങൾ കേൾക്കുകയും അറിവ് കൈമാറുകയും ചെയ്യുന്ന കേദാരം. ആധുനികവും സമകാലികവുമായ രീതിയിൽ കലയെയും കലാകാരന്മാരെയും പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഷാർജ ഒരടി മുന്നിൽ നിൽക്കുന്നു'- എൻ.എഫ്ടി. ആർട്ടിസ്റ്റും എക്സിബിഷന്‍റെ ക്യൂറേറ്ററും ഗ്ലോബൽ ആർട്ട് എക്സിബിഷന്‍റെ (ജി.എ.ഇ) സഹസ്ഥാപകനുമായ ഇറ്റാലിയൻ സ്റ്റെഫാനോ ഫാവാരറ്റോ പറയുന്നു. 

എന്താണ് മെറ്റാവേഴ്സ്:

ത്രീഡി വെർച്വൽ റിയാലിറ്റി, ഓഗ്മെന്‍റഡഡ് റിയാലിറ്റി എന്നീ സാങ്കേതികവിദ്യകൾ സംയോജിപ്പികൊണ്ടുള്ള വെർച്വൽ ലോകമാണ് മെറ്റാവേഴ്സ്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകൾക്ക് ഈ വെർച്വൽ ലോകത്ത് പ്രവേശിക്കാനും ഓരോരുത്തർക്കും ഡിജിറ്റൽ അവതാറുകളായി പരസ്പരം ഇടപഴകാനും സാധിക്കും. വിർച്വല്‍ ലോകത്ത് പരസ്പരം സാധാരണ ജീവിതത്തിലെന്ന പോലെ ഇടപെടാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണിത്.

വി.ആര്‍ ഹെഡ്‌സെറ്റുകളിലൂടെയാവും ഇത് സാധ്യമാവുക. ഓഫിസില്‍ പോകാതെ സഹപ്രവർത്തകരെ കണ്ടുകൊണ്ട് യോഗം ചേരാനും സുഹൃത്തുക്കളുമായി സായാഹ്ന നടത്തത്തിൽ ഏർപെടാനുമെല്ലാം മെറ്റാവേഴ്‌സില്‍ സാധ്യമാവും.

Tags:    
News Summary - Sharjah opens the door to metavers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT