പ്രമുഖ വിഡിയോ-ഫോട്ടോ ഷെയറിങ് ആപ്പായ സ്നാപ്ചാറ്റിന് അമേരിക്കയിലും യൂറോപ്പിലുമെല്ലാം കോടിക്കണക്കിന് യൂസർമാരാണുള്ളത്. എന്നാൽ, ഇന്ത്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളിൽ കാര്യമായ വേരോട്ടമുണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. അതിന് മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് മാതൃ കമ്പനിയായ സ്നാപ്.
മെറ്റ ഇന്ത്യ സി.ഇ.ഒ ആയിരുന്ന അജിത് മോഹനെ സ്നാപ്ചാറ്റിലേക്ക് എത്തിച്ച് അതിന്റെ തുടക്കമിടുകയും ചെയ്തിരുന്നു. സ്‌നാപ്ചാറ്റിന്റെ ഏഷ്യ-പസഫിക് തലവനായാണ് അദ്ദേഹം നിയമിതനായത്. ഇന്ത്യ കൂടാതെ ചൈന, ആസ്‌ട്രേലിയ, ന്യൂസിലൻഡ്, ജപ്പാൻ സിംഗപ്പൂർ, മലേഷ്യ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ അടക്കമുള്ള വലിയ മാർക്കറ്റിന്റെ മേൽനോട്ടമാണ് അജിത് മോഹൻ വഹിക്കേണ്ടത്.
എന്നാൽ, ഇന്ത്യയിലെ യുവതീ യുവാക്കളെ ആകർഷിക്കാനായി മറ്റൊരു ഓഫറുമായി എത്തിയിരിക്കുകയാണ് സ്നാപ്ചാറ്റിപ്പോൾ. രാജ്യത്തെ യുവ സംഗീതജ്ഞർക്ക് മാസം രണ്ട് ലക്ഷം രൂപയോളം സമ്പാദിക്കാൻ കഴിയുന്ന അവസരമാണ് സ്നാപ് ഒരുക്കിയിരിക്കുന്നത്.
സ്വതന്ത്ര ഡിജിറ്റൽ മ്യൂസിക് വിതരണ പ്ലാറ്റ്‌ഫോമായ 'ഡിസ്‌ട്രോകിഡു'മായി സഹകരിച്ച് സ്നാപ്ചാറ്റ് തുടക്കമിട്ട 'സൗണ്ട്‌സ് ക്രിയേറ്റർ ഫണ്ടി'ന്റെ ഭാഗമായി 50,000 ഡോളർ(ഏകദേശം 40 ലക്ഷം രൂപ) ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌നാപ്ചാറ്റിന്റെ കീഴിലുള്ള സൗണ്ട്‌സ്‌നാപ്പിൽ ഏറ്റവും മികച്ച മ്യൂസിക് കണ്ടന്റുകൾ അപ്ലോഡ് ചെയ്യുന്ന 20 കലാകാരന്മാർക്ക് 2,500 ഡോളർ(ഏകദേശം രണ്ടു ലക്ഷം രൂപ) വീതം ലഭിക്കും. ഇത്തരത്തിൽ പ്രാദേശിക ഉള്ളടക്ക സൃഷ്ടാക്കളെ ആകർഷിച്ച് ഇന്ത്യൻ വിപണിയിൽ സ്ഥാനമുറപ്പിക്കാമെന്ന ലക്ഷ്യമാണ് സ്നാപ്ചാറ്റിനുള്ളത്.
16 വയസിനു മുകളിലുള്ളവർക്കാണ് ഗ്രാന്റ് ലഭിക്കുക. സ്വന്തമായി നിർമിച്ച ലൈസൻസുള്ള കണ്ടെന്റുകൾ മാത്രമേ ഗ്രാന്റിനു പരിഗണിക്കുകയുള്ളൂ. സംഗീതരംഗത്ത് കരിയർ മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരെ പിന്തുണയ്ക്കുകയാണഅ ഫണ്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്‌നാപ്പിന്റെ മാർക്കറ്റ് ഡെവലപ്‌മെന്റ് ലീഡ് ലക്ഷ്യ മാളു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.