ചാറ്റ്ജിപിടിയുടെ നിർമാതാക്കളായ ഓപ്പൺഎഐയുടെ സെർച്ച് എൻജിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ടെക് ലോകത്ത് നിറയുന്നത്. ഗൂഗിളിന്റെ അപ്രമാദിത്വത്തിന് വരെ തടയിടാൻ കെൽപ്പുള്ളതായിരിക്കും പുതിയ സെർച്ച് എൻജിൻ എന്ന് ടെക് ലോകത്തെ പണ്ഡിറ്റുകൾ പ്രവചിച്ച് കഴിഞ്ഞു. എന്നാൽ, ഇപ്പോൾ സെർച്ച് എൻജിൻ സംബന്ധിച്ച വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ഓപ്പൺ എഐ സി.ഇ.ഒ സാം ആൾട്ട്മാൻ.
വാർത്തകളിൽ പറഞ്ഞത് പോലെ എ.ഐ അധിഷ്ഠിതമാക്കിയുള്ള സേർച്ച് എൻജിൻ പുറത്തിറക്കാൻ നിലവിൽ പദ്ധതിയില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. എക്സിലൂടെയാണ് ആൾട്ട്മാന്റെ പ്രതികരണം. ചാറ്റ്ജിപിടി-5, സെർച്ച് എൻജിൻ എന്നിവയൊന്നും പ്രഖ്യാപിക്കില്ലെന്നും എന്നാൽ, ആളുകൾ ഇഷ്ടപ്പെടുന്ന ചില പുതിയ കാര്യങ്ങൾ കൊണ്ടുവരുമെന്നും എക്സിലെ കുറിപ്പിൽ ആൾട്ട്മാൻ ചൂണ്ടിക്കാട്ടി.
ഓപ്പൺഎഐ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടിസ്ഥാനമാക്കിയുള്ള സെർച്ച് എൻജിൻ പുറത്തിറക്കുമെന്ന് ആദ്യം പറഞ്ഞത് റോയിട്ടേഴ്സായിരുന്നു. മെയ് 13ന് പുതിയ സെർച്ച് എൻജിൻ പുറത്തിറക്കുമെന്നായിരുന്നു റോയിട്ടേഴ്സ് അറിയിച്ചിരുന്നത്. ഇതിനായി ഗൂഗ്ൾ ജീവനക്കാരെ വൻതോതിൽ കമ്പനി റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന റിപ്പോർട്ട് ടെക് സൈറ്റായ ദ വേർജും പുറത്തുവിട്ടിരുന്നു. 2022 മുതൽ തന്നെ ഓപ്പൺഎഐ സെർച്ച് എൻജിൻ പുറത്തിറക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.