അബൂദബി: സർക്കാർ സ്ഥാപനങ്ങളുടെയും പ്രമുഖ കമ്പനികളുടെയും വ്യാജ വെബ്സൈറ്റ് ലിങ്കുകളും സന്ദേശങ്ങളും അയച്ചുനൽകിയും ഫോൺ വിളിച്ചും നടത്തുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. പ്രമുഖ റസ്റ്റാറന്റുകളുടെയും ഷോപ്പുകളുടെയും വ്യാജ വെബ്സൈറ്റുകൾ വഴി പ്രത്യേക ഓഫറുകളാണ് സംഘം വാഗ്ദാനം ചെയ്യുക. തുടർന്ന് ഈ ഓഫറുകൾ ലഭിക്കുന്നതിനായുള്ള ഫീസ് ക്രെഡിറ്റ് കാർഡിലൂടെ അടക്കാൻ ആവശ്യപ്പെടും. ഇങ്ങനെ പണമടക്കുന്നവരുടെ അക്കൗണ്ട് വിവരങ്ങളാണ് സംഘം തട്ടിയെടുക്കുന്നത്.
ഷിപ്പിങ് ചാർജും ഇൻഷുറൻസ് തുകയും നൽകിയാൽ സമ്മാനം നൽകാമെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെയും സ്മാർട്ട് ഫോൺ ആപ്പുകളിലൂടെയും നൽകുന്ന വ്യാജ ഇലക്ട്രോണിക് പരസ്യങ്ങളുമായി സഹകരിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
തട്ടിപ്പിനായി സംഘം തുടങ്ങിയ ബാങ്ക് അക്കൗണ്ടുകളിലേക്കോ രാജ്യത്തെ ധനവിനിമയ സ്ഥാപനങ്ങളിലൂടെയോ പണം അയക്കാനാവും തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്.
തൊഴിൽവാഗ്ദാനം ചെയ്തു തട്ടിപ്പുനടത്തുന്ന സംഘത്തെക്കുറിച്ചും പൊലീസ് മുന്നറിയിപ്പ് നൽകി. യഥാർഥ സ്ഥാപനങ്ങളുടെ പേരിനോട് സാമ്യപ്പെടുത്തിയുണ്ടാക്കുന്ന വെബ്സൈറ്റുകളിലൂടെ തൊഴിൽ വാഗ്ദാനം ചെയ്യുകയും ഇതിനോട് പ്രതികരിക്കുന്നവരോട് പ്രൊസസിങ് ഫീസ് ആയി പണം വാങ്ങുകയുമാണ് ചെയ്യുന്നത്.
ഓൺലൈൻ ബാങ്കിങ് സേവനങ്ങളുമായി ബന്ധപ്പെട്ടതോ എ.ടി.എം കാർഡുമായി ബന്ധപ്പെട്ടതോ ആയ രഹസ്യവിവരങ്ങൾ ആരുമായും കൈമാറരുതെന്നും ബാങ്കുകൾ ഉപയോക്താക്കളോട് ഇത്തരം വിവരങ്ങൾ ആവശ്യപ്പെടാറില്ലെന്നും പൊലീസ് പറഞ്ഞു. ബാങ്കിങ് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനോ മറ്റോ ആവശ്യപ്പെട്ട് അജ്ഞാതർ വിളിച്ചാൽ ഉടൻ 8002626 എന്ന അമൻ സർവിസിൽ വിളിക്കുകയോ 2828 എന്ന് എസ്.എം.എസ് അയക്കുകയോ ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.