മാരക ലഹരി പോലെ അപകടം പിടിച്ചൊരു വസ്തുവാണ് നിങ്ങളുടെ കൈയ്യിലുള്ള സ്മാർട്ട്ഫോൺ എന്ന് പറഞ്ഞാൽ, വിശ്വസിക്കുമോ..? സ്മാർട്ട്ഫോൺ നൽകാത്തതിന് കൗമാരപ്രായത്തിലുള്ള കുട്ടികൾ ആത്മഹത്യ ചെയ്ത വാർത്തകൾ വായിച്ചിട്ടുണ്ടോ...? നിങ്ങൾ നിങ്ങളെ തന്നെ ഒന്ന് നിരീക്ഷിച്ച് നോക്കുക. 10 മിനിറ്റിൽ എത്ര തവണ ഒരു കാര്യവുമില്ലാതെ സ്മാർട്ട്ഫോൺ കൈയ്യിലെടുത്ത് പരിശോധിക്കാറുണ്ട്. സ്മാർട്ട്ഫോൺ മുതിർന്നവരേക്കാൾ ഏറെ ഭീഷണിയാകുന്നത് കുട്ടികൾക്കാണ്.
ഭക്ഷണം കഴിപ്പിക്കാനും കരച്ചിൽ നിർത്താനുമൊക്കെ കുട്ടികൾക്ക് സ്മാർട്ട്ഫോൺ കൊടുക്കുന്ന മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് ഷഓമി ഇന്ത്യയുടെ മുൻ സി.ഇ.ഒ മനു കുമാർ ജെയിൻ. ഷഓമിയെ ഇന്ത്യയിലെ നമ്പർ വൺ സ്മാർട്ട്ഫോൺ ബ്രാൻഡാക്കി മാറ്റിയ വ്യക്തിയാണ് അദ്ദേഹം. ലിങ്ക്ഡ്ഇൻ എന്ന സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് - ‘കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകുന്നത് അവരുടെ മാനസികാരോഗ്യത്തിന് വലിയ ഭീഷണിയാണെന്നാണ്’.
18 മുതൽ 24 വയസുവരെ പ്രായമുള്ളവരിൽ നടത്തിയ ഒരു പഠനം ജെയിൻ ഉദ്ധരിച്ചു. അതായത്, കൗമാരത്തിൽ സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച ആദ്യ തലമുറ. സ്മാർട്ട്ഫോൺ ചെറുപ്രായത്തിൽ തന്നെ അമിതമായി ഉപയോഗിച്ച് തുടങ്ങിയവർ മുതിർന്നവരാകുമ്പോൾ മാനസിക വൈകല്യങ്ങൾ നേരിടാനുള്ള സാധ്യത അദ്ദേഹം പഠനത്തെ ഉദ്ധരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടി.
വാഷിംഗ്ടൺ ഡിസി ആസ്ഥാനമായ 'സാപിയൻ ലാബ്സ്' കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്, ആറാമത്തെ വയസ്സിൽ തന്നെ സ്മാർട്ട്‌ഫോൺ ലഭിച്ച സ്ത്രീകളിൽ 74 ശതമാനവും മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നാണ്. എന്നാൽ, 18-ാം വയസ്സിൽ സ്മാർട്ട്ഫോൺ ലഭിച്ചവരിൽ 46 ശതമാനത്തിന് മാത്രമാണ് അത്തരം വെല്ലുവിളികളുള്ളത്.
അതേസമയം, ആറ് വയസിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ തുടങ്ങിയ പുരുഷൻമാരിൽ 42 ശതമാനത്തിനാണ് മാനസികാരോഗ്യ വെല്ലുവിളികൾ നേരിടേണ്ടി വന്നത്. എന്നാൽ, 18 വയസിന് ശേഷം ലഭിച്ചവരിൽ 36 ശതമാനമായി കുറഞ്ഞു.
കുട്ടികളെ അടക്കി നിർത്താനായി സ്മാർട്ട്ഫോൺ കൈയ്യിൽ വെച്ച് കൊടുക്കുന്നത് അവരിൽ ഒരു തരം ആസക്തിയുണ്ടാക്കുമെന്ന് മനു കുമാർ ജെയിൻ പറഞ്ഞു. കരയുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും സ്മാർട്ട്ഫോൺ നൽകരുത്. “ഞാൻ സ്‌മാർട്ട്‌ഫോണുകൾക്ക് എതിരല്ല... എന്നിരുന്നാലും, കൊച്ചുകുട്ടികൾക്ക് അവ നൽകുമ്പോൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഷഓമി ഇന്ത്യ മുൻ തലവന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേർ രംഗത്തുവന്നു. കോവിഡ് മഹാമാരിയും ലോക്ഡൗണും കുട്ടികളെ സ്മാർട്ട്ഫോൺ അടിമകളാക്കുന്നതിൽ വലിയ പങ്കുവഹിച്ചതായി ചിലർ അഭിപ്രായപ്പെട്ടു. അതേസമയം, കുറഞ്ഞ വിലക്ക് സ്മാർട്ട്ഫോണുകൾ ഇറക്കി ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡായി മാറിയ കമ്പനിയുടെ മുൻ സി.ഇ.ഒ, ഇപ്പോൾ ഇത് പറയുന്നത് വിരോധാഭാസമാണെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.