ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട യുഎസ് ടെക് ഭീമന്മാരുടെ പാത പിന്തുടർന്ന് എന്റർടൈൻമെന്റ് ഭീമനായ ഡിസ്നിയും 7,000 ജീവനക്കാരെ പിരിച്ചുവിട്ടു. സി.ഇ.ഒ ബോബ് ഐഗറാണ് സുപ്രധാന തീരുമാനം അറിയിച്ചിരിക്കുന്നത്.
മഹാമാരിയുടെ മൂർദ്ധന്യാവസ്ഥയിൽ ഗണ്യമായി നിയമനം നടത്തിയ കമ്പനികൾ സാമ്പത്തിക പ്രതിസന്ധി വന്നതോടെ കൂട്ടമായി ജീവനക്കാരെ പിരിച്ചുവിടുകയാണ്. മെറ്റയും മൈക്രോസോഫ്റ്റും ആമസോണും ഗൂഗിളും പിരിച്ചുവിടൽ പ്രഖ്യാപിച്ചപ്പോൾ അത് ആയിരക്കണക്കിന് ഇന്ത്യൻ ഐ.ടി പ്രൊഫണലുകളെയായിരുന്നു ബാധിച്ചത്.
"ഞാൻ ഈ തീരുമാനം നിസ്സാരമായി എടുക്കുന്നില്ല. ലോകമെമ്പാടുമുള്ള ഞങ്ങളുടെ ജീവനക്കാരുടെ കഴിവുകളോടും അർപ്പണബോധത്തോടും എനിക്ക് വളരെയധികം ബഹുമാനവും വിലമതിപ്പുമുണ്ട്," ഡിസ്നി അതിന്റെ ഏറ്റവും പുതിയ ത്രൈമാസ വരുമാനം പങ്കുവെച്ചതിന് പിന്നാലെ വിശകലന വിദഗ്ധരെ വിളിച്ച് ഐഗർ പറഞ്ഞു.
2021-ലെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, ആ വർഷം ഒക്ടോബർ രണ്ട് വരെ ഡിസ്നി ഗ്രൂപ്പ് ലോകമെമ്പാടുമായി 190,000 ആളുകൾക്ക് ജോലി നൽകി, അവരിൽ 80 ശതമാനവും മുഴുവൻ സമയ ജോലിക്കാരാണ്.
ഉപഭോക്താക്കൾ ചെലവ് വെട്ടിക്കുറച്ചതിനാൽ കഴിഞ്ഞ പാദത്തിൽ വരിക്കാരുടെ എണ്ണത്തിൽ ആദ്യമായി ഇടിവുണ്ടായതായി വാൾട്ട് ഡിസ്നി സ്ഥാപിച്ച കമ്പനി അറിയിച്ചു. ഡിസ്നി + ന്റെ വരിക്കാരുടെ എണ്ണം മൂന്ന് മാസം മുമ്പുള്ളതിനെ അപേക്ഷിച്ച് ഡിസംബർ 31-ന് ഒരു ശതമാനം കുറഞ്ഞ് 168.1 ദശലക്ഷമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.