കൊടകര: മൊബൈൽ, കമ്പ്യൂട്ടർ ഗെയിമുകൾ പതിവായി കളിക്കുന്നവർ പൊതുവെ മതിയായ വ്യായാമം ചെയ്യാൻ മടി കാണിക്കുന്നവരാണ്. ഇത്തരക്കാർക്ക് ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഡോക്ടർമാർ ധാരാളം മുന്നറിയിപ്പുകൾ നൽകാറുണ്ട്. ഈയൊരു സാഹചര്യത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍. ഒരേ സമയം വിനോദത്തോടൊപ്പം ആരോഗ്യവും പ്രദാനം ചെയ്യുന്ന ഗെയിമിങ് ബൈക്കാണ് ഇവർ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഒരു സൈക്കിളും മോണിട്ടറും സെന്‍സറുകളും അനുബന്ധ സംവിധാനങ്ങളുമാണ് ഇതിലുള്ളത്. വിഡിയോ ഗെയിമില്‍ ബൈക്കോ കാറോ ഓടിക്കുമ്പോള്‍ കീപാഡ് അമര്‍ത്തുന്നതിന് പകരം സൈക്കിള്‍ ചവിട്ടുന്നതാണ് ഇതിലെ വ്യത്യാസം. ഹാന്‍ഡില്‍ ചലിക്കുന്നതനുസരിച്ചാണ് ഇത് ഓടുന്നതും തിരിയുന്നതും. വേഗം കുറക്കണമെങ്കില്‍ ബ്രേക്ക് പിടിക്കണം.
യഥാർഥത്തില്‍ റോഡിലൂടെ സൈക്കിള്‍ ഓടിക്കുന്ന പ്രതീതിയാണ് ഗെയിമിങ് ബൈക്ക് നല്‍കുന്നത്. സൈക്കിളിന്റെ പിറകിലെ ടയറിലും ഹാന്‍ഡിലിലും സെന്‍സര്‍ ഘടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ എത്ര ദൂരത്തില്‍ സൈക്കിള്‍ ചവിട്ടി, എത്ര കലോറി ഊര്‍ജം ഉപയോഗിച്ചു തുടങ്ങിയ വിവരങ്ങള്‍ അറിയാനാകും. അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാർഥികളായ മെല്‍റോയ് ഡെന്നി, പോള്‍ കെ. ജോയ്, ടി. ശ്രീരാഗ്, സൂരജ് നന്ദന് എന്നിവരാണ് അസോസിയേറ്റ് പ്രഫ. ഡോ.ആര്. സതീഷ്കുമാറിന്റെ മേല്‍നോട്ടത്തില്‍ ഗെയിമിങ് ബൈക്ക് തയാറാക്കിയത്.
ദേശീയതലത്തില്‍ സെന്റ് ഗിറ്റ്സ് കോളജില്‍ നടന്ന പ്രോജക്ട് മത്സരത്തിലും ജ്യോതി എന്‍ജിനീയറിങ് കോളജില്‍ നടന്ന തരംഗ് ടെക്ഫെസ്റ്റ് പ്രോജക്ട് മത്സരത്തിലും മികച്ച പ്രോജക്ടിനുള്ള അവാര്‍ഡുകള്‍ നേടി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളജില്‍ നടന്ന മത്സരത്തില്‍ ആരോഗ്യ സംരക്ഷണ രംഗത്തെ മികച്ച ഇന്നവേഷന്‍ അവാര്‍ഡും ഇവര്‍ക്ക് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.