കാലിഫോർണിയ: റിപ്പയർ ചെയ്യാൻ നൽകിയ ഐ ഫോണിൽ നിന്ന് നഗ്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ ചോർന്നതോടെ വിദ്യാർഥിനിക്ക് ഭീമൻ നഷ്ടപരിഹാരത്തുക നൽകി ആപ്പിൾ. കാലിഫോർണിയയിൽ പെഗാട്രോണിന് കീഴിൽ പ്രവർത്തിക്കുന്ന സർവീസ് സെന്‍ററിലെ രണ്ട് ജീവനക്കാരാണ് ചിത്രങ്ങൾ ചോർത്തിയത്.
2016ലാണ് ഒറിഗോണിൽ നിന്നുള്ള വിദ്യാർഥിനി തന്‍റെ മൊബൈൽ ഫോൺ നന്നാക്കുന്നതിനായി ആപ്പിൾ സർവീസ് സെന്‍റററിൽ നൽകിയത്. നന്നാക്കിയ ശേഷം ടെക്നീഷ്യൻമാർ ഫോണിൽ കണ്ട 10ലധികം സ്വകാര്യ ദൃശ്യങ്ങൾ വിദ്യാർഥിനിയുടെ തന്നെ ഫേസ്ബുക്ക് അക്കൗണ്ടിൽ അപ്ലോഡ് ചെയ്തു.
സ്വന്തം നഗ്ന ചിത്രം വിദ്യാർഥിനി പങ്കുവെച്ച രീതിയിലായിരുന്നു പോസ്റ്റ്. സുഹൃത്തുക്കൾ ചുണ്ടിക്കാണിച്ചതോടെ ചിത്രങ്ങൾ പെട്ടന്ന് തന്നെ നീക്കം ചെയ്തു.
ഒത്തുതീർപ്പ് തുക വ്യക്തമല്ലെങ്കിലും കോടികളാണ് ടെക് ഭീമൻമാർ വിദ്യാർഥിനിക്ക് നൽകുന്നതെന്ന് 'ദ ടെലഗ്രാഫ്' റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയുടെ അഭിഭാഷകൻ 50 ലക്ഷം ഡോളറായിരുന്നു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്.
സംഭവത്തിന്‍റെ ഫലമായി പെൺകുട്ടിക്കുണ്ടായ 'കടുത്ത മാനസിക ക്ലേശത്തിന്' നഷ്ടപരിഹാരം നൽകിക്കൊണ്ട് ഒത്തുതീർപ്പ് അംഗീകരിക്കുകയായിരുന്നു. കേസ് സംബന്ധിച്ച വിവരങ്ങൾ ചർച്ച ചെയ്യരുതെന്നും തുക വെളിപ്പെടുത്തരുതെന്നും ഒത്തുതീർപ്പിന്‍റെ ഭാഗമായി വ്യവസ്ഥയുണ്ട്.
ബിസിനസ് തിരിച്ചടി ഒഴിവാക്കുന്നതിനായാണ് ആപ്പിൾ ഒത്തുതീർപ്പിനിടെ രഹസ്യസ്വഭാവം ആവശ്യപ്പെട്ടത്. ഇക്കാരണത്താൽ നടപടികളിലുടനീളം ആപ്പിളിനെ 'ഉപഭോക്താവ്' എന്നായിരുന്നു വിശേഷിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തിയ ആപ്പിൾ രണ്ട് ജീവനക്കാരെയും പിരിച്ചു വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.