ദുബൈ: ആറുമാസ ബഹിരാകാശ ദൗത്യത്തിന് പുറപ്പെടുന്ന യു.എ.ഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി പൂർണ ആത്മവിശ്വാസത്തിൽ. ശാരീരികമായും മാനസികമായും സാങ്കേതികമായും തയാറെടുപ്പുകൾ പൂർത്തിയായെന്നും ബഹിരാകാശത്തേക്ക് കുതിക്കാനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം തന്നെ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്.
യു.എ.ഇ ബഹിരാകാശ പദ്ധതിയുടെ ഭാഗമായ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള സംഘം കഴിഞ്ഞ ദിവസം സന്ദർശിച്ചപ്പോഴും ഉന്മേഷവാനും ആഹ്ലാദവാനുമാണ് അൽ നിയാദിയെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ദീർഘകാല ദൗത്യത്തിന് പുറപ്പെടുന്നതിന് മുമ്പ് കുടുംബാഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവിടാനും അധികൃതർ സൗകര്യമെരുക്കിയിട്ടുണ്ട്. ഇതിനായി പിതാവ്, മക്കൾ, മറ്റു ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരടങ്ങിയ ഒരു സംഘവും ഫ്ലോറിഡ കെന്നഡി ബഹിരാകാശ നിലയത്തിൽ എത്തിച്ചേർന്നു.
ഭൂമിയിലെ അവസാന മണിക്കൂറുകൾ എങ്ങനെ ചെലവഴിക്കണമെന്നതുസംബന്ധിച്ച് കൃത്യമായ ഷെഡ്യൂൾ അധികൃതർ നിയാദി അടക്കമുള്ള ബഹിരാകാശ യാത്രികർക്ക് നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ശനിയാഴ്ച അവസാനഘട്ട മെഡിക്കൽ പരിശോധനകളും മറ്റും പൂർത്തിയാക്കി. ഭൂമിയിലെ അവസാന ദിവസമായ ഞായറാഴ്ച രാവിലെ 9.30ന് എഴുന്നേൽക്കുകയും തുടർന്ന് കുടുംബത്തോടൊപ്പം കഴിയാനുമുള്ള സമയമാണ്. ബട്ടർ ലെമൺ, ചിക്കൻ വിഭവമടങ്ങിയ പ്രത്യേക ഉച്ചഭക്ഷണം മാത്രം കഴിച്ച് പിന്നീട് വിശ്രമിക്കാൻ സമയമനുവദിക്കും. പിന്നീട് ഉണർന്ന് യാത്രക്ക് ഒരുങ്ങാനുള്ള സമയമായിരിക്കും. ഫ്ലോറിഡയിൽ പുലർച്ച 1.45നാണ് റോക്കറ്റ് വിക്ഷേപണം നടക്കുക. ബഹിരാകാശ പേടകം ഏകദേശം 25 മണിക്കൂർ പറക്കലിനുശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ചേരും.
അൽഐനിലെ ഉമ്മു ഗഫ ഗ്രാമത്തിൽ 1981ലാണ് സുൽത്താൻ അൽ നിയാദി ജനിക്കുന്നത്. ഹൈസ്കൂൾ പഠനത്തിനുശേഷം സൈന്യത്തിൽ ചേരുകയും പിന്നീട് ബ്രിട്ടനിൽ ബിരുദ പഠനം പൂർത്തിയാക്കുകയുമായിരുന്നു. ബ്രിട്ടനിലെ ബ്രൈറ്റൺ സർവകലാശാലയിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ്ങിൽ ബി.എസ്സി(ഓണേഴ്സ്) ബിരുദം, യു.എ.ഇ സായിദ് മിലിറ്ററി കോളജിൽ കമ്യൂണിക്കേഷൻസ് എൻജിനീയറിങ്, ആസ്ട്രേലിയയിലെ ഗ്രിഫിത്ത് യൂനിവേഴ്സിറ്റിയിൽനിന്ന് ഇൻഫർമേഷൻ ആൻഡ് നെറ്റ്വർക്ക് സെക്യൂരിറ്റിയിൽ ബിരുദാനന്തര ബിരുദം, തുടർന്ന് ഡാറ്റ ചോർച്ച തടയൽ സാങ്കേതികവിദ്യയിൽ പി.എച്ച്.ഡി എന്നിവ പൂർത്തിയാക്കിയിട്ടുണ്ട്. 2018 സെപ്റ്റംബർ മൂന്നിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ബഹിരാകാശ യാത്രക്ക് ഹസ്സ അൽ മൻസൂരിക്കൊപ്പം സുൽത്താൻ അൽ നിയാദിയുടെ പേര് പ്രഖ്യാപിച്ചത്.
ദുബൈ: അടുത്ത 180 ദിവസങ്ങളിൽ സുൽത്താൻ അൽ നിയാദിയുടെ ഊണും ഉറക്കവുമെല്ലാം അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലായിരിക്കും. ഇവിടെ നിയാദിയെ കാത്തിരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത, നേരിട്ടനുഭവിച്ചിട്ടില്ലാത്ത ലോകമാണ്. ഇരിക്കുന്നതിനും നടക്കുന്നതിനും ഓടുന്നതിനുമെല്ലാം പകരം സദാസമയം അന്തരീക്ഷത്തിൽ പറന്നുനടക്കുകയായിരിക്കും നിയാദി.
ബഹിരാകാശത്ത് താമസിക്കാനും പരീക്ഷണങ്ങൾ നടത്താനുമായി മനുഷ്യൻ നിർമിച്ച പരീക്ഷണശാലയാണ് ബഹിരാകാശനിലയം. 1998ൽ അമേരിക്ക, റഷ്യ, കാനഡ, ജപ്പാൻ, ബ്രസീൽ, യൂറോപ്യൻ സ്പേസ് ഏജൻസിയിലെ ആറ് രാജ്യങ്ങൾ എന്നിവർ ചേർന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐ.എസ്.എസ്) സ്ഥാപിച്ചത്. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലാണ് ഇത് ചുറ്റിക്കറങ്ങുന്നത്. സെക്കൻഡിൽ 7.66 കിലോമീറ്റർ വേഗമുണ്ട് ഇതിന്. 92.68 മിനിറ്റുകൊണ്ട് ഇത് ഭൂമിയെ ചുറ്റിവരും.
ദിവസം 15ലേറെ തവണ ഭൂമിക്ക് ചുറ്റും കറങ്ങും. മറ്റു രാജ്യങ്ങളിലെ ബഹിരാകാശ വാഹനങ്ങൾക്ക് ഇതിൽ ഇറങ്ങുന്നതിനും ഇവിടെ നിന്നും പുറത്തേക്കു പോകുന്നതിനും സംവിധാനമുണ്ട്. ഒരേ സമയം ആറുപേർക്ക് ഇതിൽ താമസിക്കാം.
ഭക്ഷണം
പ്രത്യേക തരം ഭക്ഷണമാണ് സഞ്ചാരികൾ കഴിക്കുന്നത്. വർഷങ്ങളുടെ പരീക്ഷണത്തിന് ശേഷമാണ് പല ഭക്ഷണങ്ങളും രൂപപ്പെടുത്തിയെടുത്തത്. എന്നാൽ, സാധാരണ കഴിക്കുന്ന ഭക്ഷണം പ്രത്യേക രൂപത്തിൽ മാറ്റിയെടുത്ത് ഇവിടെ കഴിക്കാം. രണ്ട് വർഷം മുൻപ് പ്രത്യേക ഓവൻ സ്ഥാപിച്ചിരുന്നു.
ബഹിരാകാശ കേന്ദ്രത്തിനുള്ളിൽതന്നെ വളർത്തുന്ന പച്ചക്കറികളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഉപ്പ്, പഞ്ചസാര, കുരുമുളക് പൊടി പോലുള്ളവ ഉപയോഗിക്കാറില്ല. ഇവയുടെ തരികൾ ബഹിരാകാശ നിലയത്തിലെ വായുസഞ്ചാരത്തിനുള്ള ദ്വാരങ്ങളിലും മറ്റും കുടുങ്ങാനും കണ്ണിലും മൂക്കിലുമെല്ലാം കയറാനും സാധ്യതയുണ്ട്. എന്നാൽ, ഇവയിൽ പലതും ദ്രാവക രൂപത്തിൽ ബഹിരാകാശത്തേക്ക് കൊണ്ടുപോകാറുണ്ട്. അധിക നാൾ സൂക്ഷിക്കാൻ കഴിയാത്തതിനാൽ ബിസ്കറ്റ് പോലുള്ളവയും കൊണ്ടുപോകാറില്ല. സോഡ, മദ്യം, ഐസ്ക്രീം എന്നിവയും വിലക്കപ്പെട്ട കനികളാണ്. കൂക്കീസ് പോലുള്ളവ ചൂടാക്കി കഴിക്കും. പാക്കറ്റുകളിൽ സൂക്ഷിക്കുന്ന ഭക്ഷണവും കഴിക്കും. ഇവ ഓവനിൽ ചൂടാക്കിയും കഴിക്കാം.
പഴങ്ങൾ, ബ്രഡ്, നട്സ് തുടങ്ങിയ റെഡി ടു ഈറ്റ് ഭക്ഷണങ്ങളും കഴിക്കാം. അതേസമയം, നിയാദിയുടെ മെനു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, പരമ്പരാഗത ഇമാറാത്തി ഭക്ഷണം ഉണ്ടാകുമെന്ന സൂചന നൽകിയിട്ടുണ്ട്. നോമ്പെടുക്കാനും പദ്ധതിയുണ്ട്. 2019ൽ ഹസ്സ അൽ മൻസൂരി യാത്ര ചെയ്തപ്പോൾ ഇമാറാത്തികളുടെ പ്രഭാത ഭക്ഷണമായ ബലാലീതാണ് കഴിച്ചിരുന്നത്. മധുരമുള്ള വെർമിസെല്ലിയുടെ മുകളിൽ ഓംലെറ്റ് നിറഞ്ഞ ഭക്ഷണമാണിത്. പെരുന്നാൾ, ജന്മദിനം പോലുള്ള ആഘോഷ ദിവസങ്ങളിൽ ബഹിരാകാശത്തെ പാർട്ടികളും സംഘടിപ്പിക്കാറുണ്ട്. ചിക്കൻ പോലുള്ളവയും ഉപയോഗിക്കാം.
ശുചിമുറി
ബഹിരാകാശ നിലയത്തിലെ ശുചിമുറി എങ്ങനെയായിരിക്കും എന്നത് പലരുടെയും സംശയമാണ്. 2020ലാണ് ഇവിടെ പുതിയ ടൊയ്ലറ്റ് സ്ഥാപിച്ചത്. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ടൊയ്ലറ്റിന്റെ ചെലവ് 2.3 കോടി ഡോളറാണ്. ഇതുവരെയുള്ളതിൽ ഏറ്റവും ചെലവേറിയ ടൊയ്ലറ്റാണിത്. 2007ൽ നാസ നിർമിച്ച ശുചിമുറിയുടെ ചെലവ് 1.9 കോടി ഡോളറായിരുന്നു.
യൂനിവേഴ്സൽ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം എന്ന് വിളിക്കപ്പെടുന്ന ടൈറ്റാനിയം ടൊയ്ലറ്റ് വായുപ്രവാഹം വഴി ശരീരത്തിൽനിന്ന് മലവും മൂത്രവും പ്രത്യേക പാത്രങ്ങളിലേക്ക് വലിച്ചെടുക്കും. ദുർഗന്ധം നിയന്ത്രിക്കാനും സംവിധാനമുണ്ട്. പറന്നു നടക്കാതിരിക്കാൻ കൈയും കാലും വെക്കാൻ സജ്ജീകരണവുമുണ്ട്. ടോയ്ലറ്റ് പേപ്പർ, കൈയുറ പോലുള്ളവ നിക്ഷേപിക്കാനും പ്രത്യേക ഇടമുണ്ട്.
ഖരമാലിന്യങ്ങൾ ബാഗുകളിൽ സൂക്ഷിക്കുന്നു. എന്നാൽ, ദ്രാവക രൂപത്തിലുള്ള മാലിന്യങ്ങൾ ഫിൽറ്റർ ചെയ്ത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കും. കുളിക്കൽ, പല്ല് തേക്കൽ പോലുള്ളവക്കായി പരിമിതമായ അളവിൽ മാത്രമേ വെള്ളം ചെലവഴിക്കൂ. നനഞ്ഞ തുണി ഉപയോഗിച്ച് ഒപ്പിയെടുക്കുകയാണ് ചെയ്യുന്നത്.
ഉറക്കം
ചെറിയ സ്ലീപ്പിങ് കാബിനുകളിലാണ് ഉറക്കം. പറന്നു നടക്കാതിരിക്കാൻ ഇവ കെട്ടിയിട്ട നിലയിലായിരിക്കും. സ്ലീപ്പിങ് ബാഗുകളുമുണ്ട്. എ.സി, ഫാൻ, മറ്റ് യന്ത്രങ്ങൾ എന്നിവയുടെ ശബ്ദം ബഹിരാകാശ നിലയത്തിലുണ്ടാകാറുണ്ട്. അതിനാൽ, ഇയർ പ്ലഗുകൾ ഉപയോഗിച്ച് ചെവി അടച്ചായിരിക്കും ഇവരുടെ ഉറക്കം. ഇതിനായി പരിശീലനങ്ങൾ നടത്തിയിരുന്നു. അന്തരീക്ഷത്തിൽ പറന്നു നടക്കുന്നതിനാൽ വെള്ളത്തിനടിയിലായിരുന്നു കൂടുതൽ പരിശീലനവും.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്റർവ്യൂകളും പിന്നിട്ടു. വിദഗ്ധരുടെ നേതൃത്വത്തിൽ മാസങ്ങൾ നീണ്ട പഠനത്തിന് ശേഷം അവരുടെ പ്രഖ്യാപനമെത്തി. ബഹിരാകാശത്തേക്ക് ഹസ്സ അൽ മൻസൂരി കുതിക്കും. ഒപ്പം രണ്ടാമനെയും പ്രഖ്യാപിച്ചു-സുൽത്താൻ അൽ നിയാദി. ഏതെങ്കിലും കാരണവശാൽ ഹസ്സയുടെ യാത്ര തടസ്സപ്പെട്ടാൽ ബഹിരാകാശക്കുതിപ്പ് നടത്താനുള്ള നിയോഗം നിയാദിക്കായിരുന്നു. അതുകൊണ്ടുതന്നെ ഹസ്സക്ക് ലഭിച്ച എല്ലാ പരിശീലനവും 2018 മുതൽ നിയാദിക്കും ലഭിച്ചിരുന്നു. അന്ന് പകരക്കാരനായി പരിശീലിച്ച നിയാദിയാണ് ഇന്ന് ഒന്നാമനായി ബഹിരാകാശത്തേക്ക് കുതിക്കുന്നത്.
പകരക്കാരനായിരുന്നെങ്കിലും യു.എ.ഇ ഹസ്സക്കും നിയാദിക്കും ഒരേ പ്രാധാന്യമാണ് നൽകിയിരുന്നത്. ഹസ്സയും സുൽത്താനും യുവ അറബ് ലോകത്തെ പ്രതിനിധാനംചെയ്യുമെന്നായിരുന്നു ശൈഖ് മുഹമ്മദിന്റെ പ്രഖ്യാപനം. ഹസ്സയാണ് ആദ്യം യാത്ര ചെയ്തതെങ്കിലും പിന്നീടുള്ള വർഷങ്ങളിലെല്ലാം നിയാദിയും പരിശീലനത്തിൽ തന്നെയായിരുന്നു. അതിന്റെ ഫലമായാണ് കഴിഞ്ഞവർഷം നിയാദിയെ ബഹിരാകാശത്തേക്കയക്കാൻ യു.എ.ഇ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.