ലോക പ്രശ്സത വിഡിയോ ഗെയിമായ 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ' നിർമ്മാതാക്കളായ ‘ടേക്ക്-ടു’, അവരുടെ അറുനൂറോളം വരുന്ന ജീവനക്കാരെ പിരിച്ചുവിടുന്നു. ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായി വികസനത്തിലുള്ള നിരവധി പ്രോജക്ടുകളും കമ്പനി ഒഴിവാക്കിയേക്കും. ഈ നീക്കം 165 മില്യൺ ഡോളറിലധികം വാർഷിക ചെലവ് ലാഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടേക്ക്-ടു പറഞ്ഞു. എക്സ്റ്റൻഡഡ് ട്രേഡിങ്ങിൽ കമ്പനിയുടെ ഓഹരികൾ ഒരു ശതമാനം ഉയർന്നിരുന്നു. ഈ വർഷം ഇതുവരെ ഏകദേശം 10 ശതമാനമാണ് കുറഞ്ഞത്.
ആകെ ജീവനക്കാരിൽ അഞ്ച് ശതമാനത്തോളം പേർക്കാണ് ടേക്ക്-ടു ഇൻ്ററാക്ടീവ് സോഫ്‌റ്റ്‌വെയറിൽ നിന്ന് ജോലി നഷ്ടമാകാൻ പോകുന്നത്. അവരുടെ ജി.ടി.എ ഗെയിമിന്റെ ആറാമത്തെ പതിപ്പ് വരുംമാസങ്ങളിൽ റിലീസിന് തയ്യാറെടുക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ വിൽപന നടക്കുന്ന ഗെയിമാണ് ജി.ടി.എ സീരീസ്. പത്ത് വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്യ ജി.ടി.എ അഞ്ചാം പതിപ്പ് ചൂടപ്പം പോലെയായിരുന്നു വിറ്റുപോയത്.
ടെൻസെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള റയറ്റ് ഗെയിംസ്, ഇലക്ട്രോണിക് ആർട്‌സ്, കൂടാതെ ജപ്പാനിലെ സോണി കോർപ്പറേഷനുമൊക്കെ ഈ വർഷം അവരുടെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കോവിഡ് മഹാമാരി കാരണം ആളുകൾ ഗെയിമുകൾക്ക് പണം കാര്യമായ രീതിയിൽ ചിലവഴിക്കാതെ വന്നതോടെ വൻ തിരിച്ചടിയാണ് കമ്പനികൾ നേരിട്ടത്.
2026 വരെ പിസി, കൺസോൾ ഗെയിമിങ് വരുമാന വളർച്ച മഹാമാരിക്ക് മുൻപുള്ളതിനേക്കാൾ കുറവായിരിക്കുമെന്ന് ഗവേഷണ സ്ഥാപനമായ ന്യൂസൂ (Newzoo) റിപ്പോർട്ടിൽ പറയുന്നു. ഗെയിമർമാർ കുറഞ്ഞ നേരം മാത്രമാണ് ഗെയിമിങ്ങിൽ ചിലവഴിക്കുന്നതെന്നാണ് പഠനം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.