അതെ, ആദ്യമായി മെറ്റാവേഴ്സിൽ ഒരു വിവാഹ സൽക്കാരം നടക്കാൻപോവുകയാണ്. തമിഴ്നാട്ടിൽ നിന്നുള്ള നവ ദമ്പതികളായ ദിനേശ് എസ്.പിയും ജനഗനന്ദിനി രാമസ്വാമിയുമാണ് വ്യത്യസ്തമായ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരുവരുടെയും വിവാഹം ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച്ച തമിഴ്‌നാട്ടിലെ ശിവലിംഗപുരം ഗ്രാമത്തിൽ വെച്ചാണ് നടക്കാൻ പോകുന്നത്. എന്നാൽ റിസപ്ഷൻ ഡിജിറ്റലായി സംഘടിപ്പിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.
ലോകമെമ്പാടുമുള്ള തങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വെർച്വലി സൽക്കാരത്തിൽ പെങ്കടുക്കുമെന്നും അവർ പറയുന്നു. 'മെറ്റാവേഴ്സിൽ വിവാഹം സൽക്കാരം നടത്തുക എന്ന ആശയം എേൻറതായിരുന്നു, അവൾക്കും അത് ഇഷ്ടപ്പെട്ടു. -മദ്രാസിലെ ഐഐടിയിൽ പ്രൊജക്റ്റ് അസോസിയേറ്റ് ആയ ദിനേശ് ടൈംസ് ഒാഫ് ഇന്ത്യയോട് പറഞ്ഞു.
ഞാൻ ഏറെക്കാലമായി ക്രിപ്റ്റോയിലും ബ്ലോക്ചെയിനിലും ഏർപ്പെട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഒരു തരം ക്രിപ്റ്റോകറൻസിയായ എഥറിയം ഖനനം ചെയ്തുകൊണ്ടിരിക്കുകയാണ്. ബ്ലോക്ക്‌ചെയിൻ മെറ്റാവേഴ്സിന്റെ അടിസ്ഥാന സാങ്കേതിക വിദ്യയായതിനാൽ, എന്റെ കല്യാണം നിശ്ചയിച്ചപ്പോൾ, മെറ്റാവേഴ്സിൽ അതിെൻറ റിസപ്ഷൻ നടത്തിയലാലോ എന്ന് ചിന്തിച്ചു," - ദിനേശ് കൂട്ടിച്ചേർത്തു.
ദിനേശന്റെ പ്രതിശ്രുതവധു ജനഗനന്ദിനി വെർച്വൽ വിവാഹ റിസപ്ഷൻ എന്ന ആശയത്തിൽ അങ്ങേയറ്റം ത്രില്ലടിച്ചിരിക്കുകയാണ്. "ഞങ്ങൾ ഇൻസ്റ്റാഗ്രാമിലാണ് ആദ്യമായി കണ്ടുമുട്ടിയത്, അതുകൊണ്ട് തന്നെ ഞങ്ങളുടെ വിവാഹ സൽക്കാരം മെറ്റയിൽ നടക്കുന്നത് ഒരുതരത്തിൽ പറഞ്ഞാൽ ഏറ്റവും അനുയോജ്യമാണ്," -അവർ പറഞ്ഞു.
വിവാഹം സൽക്കാരം നടക്കുക ഹാരി പോട്ടർ യൂനിവേഴ്സിൽ
ദിനേശും ജനഗനന്ദിനിയും വലിയ ഹാരി പോട്ടർ ഫാൻസാണ്. അതുകൊണ്ട് തന്നെ ഹാരി പോട്ടർ യൂനിവേഴ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരിക്കും അവർ വിവാഹ സൽക്കാരം സംഘടിപ്പിക്കുക.
പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച അവതാറുകളായിട്ടാകും വധൂവരന്മാർ പ്രത്യക്ഷപ്പെടുക. അതിഥികൾക്ക് ഇഷ്ടമുള്ള അവതാറുകളെ തിരഞ്ഞെടുത്ത് റിസപ്ഷനിലേക്ക് പ്രവേശിക്കാൻ കഴിയുന്ന ലോഗിൻ വിശദാംശങ്ങൾ നൽകും. ഒരു മണിക്കൂർ ദൈർഘ്യമുള്ള റിസപ്ഷനിൽ അവർക്ക് മറ്റ് അതിഥികളുമായി മെറ്റാവേഴ്സിൽ വെച്ച് സംവദിക്കാനും കഴിയും.
അതേസമയം, ഇന്ത്യയിലെ ആദ്യത്തെ മെറ്റാവേർസ് വിവാഹ സൽക്കാരം എങ്ങനെയായിരിക്കുമെന്ന് കാണിക്കാനായി ദിനേശ് ഒരു ചെറിയ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
എന്താണ് മെറ്റാവേഴ്സ്..?
യഥാർഥ ലോകത്തിെൻറ പതിപ്പായ ത്രിമാന ലോകമെന്ന് മെറ്റാവേഴ്സിനെ കുറിച്ച് പറയാം. അവിടെ യൂസർമാർക്ക് ഡിജിറ്റൽ അവതാറുകളായി മാറി, ജീവിക്കാനും ഇടപഴകാനും സംസാരിക്കാനും സാധിക്കും. ഓഗ്‌മെന്റഡ് റിയാലിറ്റി, ബ്ലോക്ക്‌ചെയിൻ, വെർച്വൽ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകളുടെ ഒന്നിലധികം ഘടകങ്ങൾ ഒത്തുചേർന്നാണ് ഇത് യാഥാർഥ്യമാകുന്നത്.
അതേസമയം, വെർച്വൽ റിസ്പ്ഷനിൽ പെങ്കടുക്കുന്ന അതിഥികൾക്ക് വധൂവരന്മാരുമായി ഇടപഴകാൻ മാത്രമല്ല, അവർക്ക് സമ്മാനങ്ങൾ നൽകാനും കഴിയും. കഴിയും. "ഞങ്ങൾ വിവാഹ സമ്മാനങ്ങളും മെറ്റാവേർസ് വഴി സ്വീകരിക്കുന്നുണ്ട്," -ദിനേശ് പറയുന്നു. "അതിഥികൾക്ക് ഗിഫ്റ്റ് വൗച്ചറുകളോ അല്ലെങ്കിൽ ഗൂഗിൾ പേ ആയോ സമ്മാനങ്ങൾ നൽകാം. കൂടാതെ ഞങ്ങൾ ക്രിപ്‌റ്റോകളും സമ്മാനമായി സ്വീകരിക്കുന്നു." - അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.