വൊഡാഫോൺ ഐഡിയക്ക് പിന്നാലെ, ഈ വർഷം നിരക്ക്‍ വർധിപ്പിക്കുമെന്ന സൂചനയുമായി ഭാരതി എയർടെലും രംഗത്ത്. ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം 200 രൂപയാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. എയർടെലായിരുന്നു കഴിഞ്ഞ വർഷം നവംബറിൽ മൊബൈൽ സേവന നിരക്ക് വർധിപ്പിക്കലിന് തുടക്കം കുറിച്ചത്. അന്ന് 18 മുതൽ 25 ശതമാനം വരെയായിരുന്നു നിരക്ക് കൂട്ടിയത്.
എയർടെലിനൊപ്പം മറ്റ് ടെലികോം കമ്പനികളെല്ലാം ഈ വർഷം തന്നെ 25 ശതമാനം വരെ താരിഫ് വർധിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ വരിക്കാർക്കും ഈ വർഷവും വൻ തിരിച്ചടിയായിരിക്കും. ഈ വർഷം തന്നെ മറ്റൊരു നിരക്ക് വർധനവ് പ്രതീക്ഷിക്കാമെന്ന് ഭാരതി എയർടെല്ലിന്റെ മാനേജിങ് ഡയറക്ടർ ഗോപാൽ വിറ്റൽ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
സമീപകാല താരിഫ് വർധനകളുടെ അനന്തരഫലങ്ങൾ പരിശോധിച്ച ശേഷമാകും പുതിയ നിരക്കുകൾ പ്രഖ്യാപിക്കുക. '2022-ൽ ഏത് സമയവും താരിഫ് വർധന പ്രതീക്ഷിക്കാം. അടുത്ത മൂന്ന്-നാല് മാസങ്ങൾക്കുനുള്ളിൽ അത് സംഭവിക്കുമെന്ന് ഞാൻ കരുതുന്നില്ല, കാരണം നിലവിലെ നിരക്ക് വർധനയിൽ സംഭവിച്ച പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. എങ്കിലും മറ്റൊരു താരിഫ് വർധനവ് തീർച്ചയായുമുണ്ടായേക്കും. -അദ്ദേഹം പറഞ്ഞു.
അതേസമയം, ഭാരതി എയർടെൽ അതിന്റെ ഏകീകൃത അറ്റാദായത്തിൽ 2.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2021 ഡിസംബർ 31-ന് അവസാനിച്ച മൂന്നാം പാദത്തിൽ 830 കോടി രൂപയാണ് അറ്റാദായം. മുൻ വർഷം ഇതേ കാലയളവിൽ അത് 854 കോടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.