മുംബൈ: വ്യവസായ ഭീമനായ ടാറ്റാ ഗ്രൂപ്പ് രാജ്യത്താകമാനായി നൂറോളം ആപ്പിൾ എക്സ്ക്ലൂസീവ് സ്റ്റോറുകൾ തുറക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതിനായി ക്രോമ സ്റ്റോർ ശൃംഖല നടത്തുന്ന ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻഫിനിറ്റി റീട്ടെയിലുമായി ആപ്പിൾ കൈകോർക്കുന്നതായും ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ 600 ചതുരശ്ര അടി വസ്തീർണമുള്ള ആപ്പിൾ സ്റ്റോറുകളായിരിക്കും ടാറ്റ തുറക്കുക.
1,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ആപ്പിൾ പ്രീമിയം റീസെല്ലർ സ്റ്റോറുകളേക്കാൾ ചെറുതായിരിക്കും ഇൻഫിനിറ്റി റീട്ടെയിലിന്റെ ഇന്ത്യയിലെ ആപ്പിൾ സ്റ്റോറുകൾ. മാളുകളിലും മറ്റ് ഹൈ-സ്ട്രീറ്റുകളിലും സമീപ പ്രദേശങ്ങളിലുമാകും സ്റ്റോറുകൾ തുറക്കുക. ചെറിയ ആപ്പിൾ സ്റ്റോറുകൾ കൂടുതലും ഐഫോണുകൾ, ഐപാഡുകൾ, വാച്ചുകൾ എന്നിവയാകും വിൽക്കുക. അതേസമയം, വലിയ സ്റ്റോറുകളിൽ ഐഫോണുകൾ മുതൽ മാക്ബുക്ക് കമ്പ്യൂട്ടറുകൾ വരെയുള്ള മുഴുവൻ ആപ്പിൾ ഉത്പന്നങ്ങും ലഭ്യമാകുന്നുണ്ട്.
നിലവിൽ ഇന്ത്യയിൽ ഏകദേശം 160 ആപ്പിൾ പ്രീമിയം റീസെല്ലർ സ്റ്റോറുകളുണ്ട്. കുപെർട്ടിനോ ആസ്ഥാനമായുള്ള ടെക് ഭീമന് നേരിട്ട് ഉടമസ്ഥതയുള്ള ആദ്യത്തെ ഫ്ലാഗ്ഷിപ്പ് സ്റ്റോർ മാർച്ചിൽ മുംബൈയിൽ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്റ്റോറുകൾ എല്ലാ പങ്കാളികൾക്കും റീട്ടെയിലർമാർക്കും ബിസിനസ്സ് വർദ്ധിപ്പിക്കുമെന്നും ആപ്പിൾ അതിന്റെ പ്രാദേശിക ഫ്രാഞ്ചൈസി പങ്കാളികളെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലും ആപ്പിൾ അത് പ്രതീക്ഷിക്കുന്നതായി അടുത്ത വൃത്തങ്ങൾ പറയുന്നു.
കഴിഞ്ഞ പാദത്തിൽ ഇന്ത്യയിൽ ഐഫോൺ വിൽപ്പനയിൽ വമ്പൻ നേട്ടമുണ്ടാക്കിയ ആപ്പിൾ അവരുടെ സ്മാർട്ട്ഫോൺ നിർമാണ് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് പറിച്ചുനടാൻ പദ്ധതിയിടുന്നുണ്ട്. അതിനിടെ, ഐഫോൺ ഘടകങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിക്കായി ടാറ്റാ ഗ്രൂപ്പ് വൻതോതിൽ റിക്രൂട്ട്മെന്റ് നടത്താനൊരുങ്ങുകയാണ്. ഹൊസൂരിൽ തുടങ്ങുന്ന ഫാക്ടറിയിലേക്കായി 24 മാസത്തിനുള്ളിൽ 45,000 ജീവനക്കാരെ നിയമിക്കാനാണ് ടാറ്റ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.