ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ മൊബൈൽ കമ്പനികൾ 5ജി സേവനം പ്രഖ്യാപിച്ചു. ഇന്റർനെറ്റ് ഉപയോഗത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന 5ജി ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചതിനുപിന്നാലെയാണ് എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നീ കമ്പനികൾ തീരുമാനം അറിയിച്ചത്. ന്യൂഡൽഹിയിൽ നടക്കുന്ന 'ഇന്ത്യ മൊബൈൽ കോൺഗ്രസി'ൽവെച്ചാണ് പ്രഖ്യാപനം. ശനിയാഴ്ച മുതൽതന്നെ എട്ടു നഗരങ്ങളിൽ 5ജി ലഭ്യമാക്കുമെന്ന് എയർടെൽ ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറഞ്ഞു.
ഇതോടെ, ഇന്ത്യയിൽ ആദ്യമായി 5ജി നൽകുന്ന കമ്പനിയായി എയർടെൽ മാറി. ഡൽഹി, മുംബൈ, വാരാണസി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, സിലിഗുരി തുടങ്ങിയ നഗരങ്ങളിലാണ് എയർടെൽ സേവനം എത്തിക്കുന്നത്. രാജ്യത്തെ എല്ലാ നഗരങ്ങളിലും 2023 മാർച്ചോടെ 5ജി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 4ജി നിരക്കിൽതന്നെ 5ജി ലഭ്യമാക്കും. എന്നാൽ, പിന്നീട് നിരക്ക് പുതുക്കും.
ഉടൻ 5ജി ലഭ്യമാക്കുമെന്ന് വോഡഫോൺ ഐഡിയ ഉടമകളായ ആദിത്യ ബിർല ഗ്രൂപ് ചെയർമാൻ കുമാർ മംഗലം ബിർല പറഞ്ഞു. 2023 ഡിസംബറോടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തും 5ജി എത്തിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ 'റിലയൻസ് ജിയോ' ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കി.
നേരത്തെ ദീപാവലിയോടുകൂടി ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ 5ജി ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.