മോസ്കോ: ടെലിഗ്രാം സി.ഇ.ഒ പാവേൽ ദുരോവ് അന്വേഷണം നേരിടണമെന്ന് ഫ്രഞ്ച് ജഡ്ജി. സംഘടിത കുറ്റകൃത്യ പ്രകാരമാണ് പാവേൽ ദുരോവിനെതിരെ അന്വേഷണം നടത്തുക. നിലവിൽ ദുരോവിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. അഞ്ച് മില്യൺ യുറോ ജാമ്യത്തുകയായി കെട്ടിവെച്ചതിനെ തുടർന്നാണ് നടപടി. ആഴ്ചയിൽ രണ്ട് തവണ പൊലീസ് സ്റ്റേഷനിൽ ഹാജരാവണമെന്നും നിർദേശമുണ്ട്.
ദുരോവിനെതിരെ അന്വേഷണം നടത്തുന്നതിനുള്ള സാഹചര്യം ഉണ്ടെന്നാണ് ജഡ്ജി കണ്ടെത്തിയിരിക്കുന്നതെന്ന് പാരീസ് പ്രോസിക്യൂട്ടർ ലൗരെ ബെക്കാക്കു പറഞ്ഞു. ടെലിഗ്രാമിൽ അനധികൃത ഇടപാടുകൾ നടക്കുന്നുണ്ടെന്ന് സംശയമുണ്ട്. കുട്ടികളുടെ ലൈംഗികാതിക്രമ ചിത്രങ്ങൾ പങ്കുവെക്കുക, മയക്കുമരുന്ന് വ്യാപാരം, തട്ടിപ്പ് തുടങ്ങിയ പല കുറ്റകൃത്യങ്ങൾക്കും ടെലിഗ്രാം വേദിയാവുന്നുണ്ട്. കുറ്റകൃത്യങ്ങളെ സംബന്ധിച്ച് അന്വേഷണ ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകുന്നതിൽ ടെലിഗ്രാം വീഴ്ച വരുത്തിയെന്നും ആരോപണമുണ്ട്. ഈയൊരു സാഹചര്യത്തിലാണ് അന്വേഷണം വേണമെന്ന് അധികൃതർ നിലപാടെടുത്തത്.
അതേസമയം, കോടതി നടപടിയോട് പ്രതികരിക്കാൻ ടെലിഗ്രാം സി.ഇ.ഒയുടെ അഭിഭാഷകൻ തയാറായിട്ടില്ല. ശനിയാഴ്ച വൈകീട്ടാണ് പാരീസിലെ വിമാനത്താവളത്തിൽ വെച്ച് ദുരോവിനെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, ദുരോവിന്റെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.