ഗ്രൂപ്പ്​ വിഡിയോ കോളിൽ 30 പേർക്ക്​ പങ്കെടുക്കാം, കൂടെ സ്​ക്രീൻ ഷെയറിങ്ങും​; കൂടുതൽ ഫീച്ചറുകളുമായി ടെലിഗ്രാം

മെസ്സേജിങ്​ ആപ്പ്​ വിഭാഗത്തിൽ മത്സര രംഗത്തുള്ള വാട്​സ്​ആപ്പിനും സിഗ്നലിനും വെല്ലുവിളിയേകാനായി പുതിയ കിടിലൻ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ്​ ടെലിഗ്രാം. ഗ്രൂപ്പ് വിഡിയോ കോൾ, സ്‌ക്രീൻ ഷെയറിങ് തുടങ്ങിയ സവിശേഷതകളാണ്​ റഷ്യൻ ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. പുതുതായി ചേര്‍ത്ത വിഡിയോ കോളില്‍ 30 പേർക്കുവരെ ഒരേസമയം പങ്കെടുക്കാം. അധികം വൈകാതെ തന്നെ ഈ പരിധി വർധിപ്പിക്കുമെന്നും ടെലിഗ്രാം അധികൃതർ വ്യക്​തമാക്കിയിട്ടുണ്ട്​. വാട്‌സ്ആപ്പിൽ നിലവിൽ പരമാവധി എട്ടുപേർക്കു മാത്രമേ വിഡിയോ കോളിൽ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.

സ്‌ക്രീൻ ഷെയറിങ് ആണ് ശ്രദ്ധേയമായ മറ്റൊരു ഫീച്ചർ. വെബ് ബ്രൗസറുകളും വിഡിയോ പ്ലേയറുകളും പോലെ ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകളും ഇനിമുതൽ ടെലിഗ്രാമിലൂടെ സ്‌ക്രീൻഷെയർ ചെയ്യാൻ സാധിക്കും. ഇതോടൊപ്പം ആനിമേറ്റഡ് ബാക്ക്ഗ്രൗണ്ടുകൾ, മെസേജ് ആനിമേഷനുകൾ എന്നിങ്ങനെയുള്ള ഫീച്ചറുകളും പുതിയ മാറ്റത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. സന്ദേശം അയക്കുമ്പോഴും സ്വീകരിക്കുമ്പോഴും ബഹുവർണത്തിലുള്ള ചിത്രങ്ങളും മറ്റും പശ്ചാത്തലത്തിൽ ചലിച്ചുകൊണ്ടിരിക്കും. ആദ്യമായാണ് മെസേജ് ആപ്പുകളിൽ ഇത്തരത്തിലൊരു ഫീച്ചർ ഉൾപ്പെടുത്തുന്നത്​ എന്നതും പ്രത്യേകതയാണ്​. ആനിമേറ്റഡ് ബാക്ക്ഗ്രൗണ്ടുകൾ ഫോണിലെ ബാറ്ററി ചാർജ് തീർക്കുമെന്ന ഭീതി വേണ്ടെന്നും ടെലഗ്രാം വ്യക്​തമാക്കി.



ടെലിഗ്രാമിലൂടെ കോൾ ചെയ്യു​േമ്പാഴും ശബ്​ദ സന്ദേശങ്ങളയക്കു​േമ്പാഴും പശ്ചാത്തലത്തിലെ ബഹളങ്ങളും ശബ്ദങ്ങളും കുറയ്ക്കുന്ന സംവിധാനവും കൂടുതൽ മെച്ചപ്പെടുത്തിയിട്ടുമുണ്ട്. ഇൗ സംവിധാനത്തിലൂടെ ഉപയോക്താവി​െൻറ ശബ്ദം അപ്പുറത്തുള്ളയാൾക്ക് വ്യക്തമായും കേൾക്കാൻ സാധിക്കും. ആപ്പ്​ സെറ്റിങ്‌സിൽ പോയി ഈ സംവിധാനം ഓൺ ചെയ്യാനും ഓഫ് ചെയ്യാനുമാകും. ഐ.ഒ.എസ്, ആൻഡ്രോയ്ഡ്, ഡെസ്‌ക്‌ടോപ്പ് എന്നീ ടെലിഗ്രാം പതിപ്പുകളിലെല്ലാം പുതിയ ഫീച്ചറുകൾ ലഭ്യമായേക്കും.

Tags:    
News Summary - Telegram Gets Group Video Calls Support, Animated Backgrounds With New Update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.