വാഷിങ്ടൺ: തൊട്ടതിലെല്ലാം പൊന്നുവിളയിച്ച് അതിവേഗം ലോകം കീഴടക്കാനിറങ്ങിയ ബഹുരാഷ്ട്ര ഭീമനായ ടെസ്ല സി.ഇ.ഒ ഇലോൺ മസ്കിനെ പേടിപ്പിച്ച് ഹാക്കർമാർ. ക്രിപ്റ്റോകറൻസി ലോകത്ത് വലിയ സ്വപ്നങ്ങളുമായി ഓരോ ദിനവും ഇറങ്ങിക്കളിക്കുന്നത് തുടരരുതെന്നാണ് 'അനോനിമസ്' ഹാക്കർമാർ നൽകുന്ന മുന്നറിയിപ്പ്. ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിനിൽ വൻതോതിൽ നിക്ഷേപമിറക്കിയ മസ്ക് അടുത്തിടെയായി നടത്തിയ പ്രസ്താവനകൾ അതിന്‍റെ മൂല്യത്തിൽ കാര്യമായ വ്യതിയാനം സൃഷ്ടിച്ചിരുന്നു.
തന്‍റെ ഊന്നൽ ടെസ്ലയാണെന്നും ബിറ്റ്കോയിനല്ലെന്നും തുടക്കത്തിൽ പറഞ്ഞ മസ്ക് അതുമറന്നാണ് ഇപ്പോൾ പെരുമാറുന്നതെന്ന് ഹാക്കർമാരുടെ ഗ്രൂപ് പുറത്തിറക്കിയ വിഡിയോ പറയുന്നു. 'ചൊവ്വയുടെ രാജാവാ'യാണ് മസ്ക് സ്വയം വിശ്വസിക്കുന്നതെന്നും അത് തന്‍റെ ആധിപത്യ മനസ്സാണ് പങ്കുവെക്കുന്നതെന്നും കുറ്റപ്പെടുത്തുന്നുണ്ട്.
ബിറ്റ്കോയിൻ ഇടപാടുകൾ കൂടുതലാകുന്നത് ഭയന്ന മസ്ക് അടുത്തിടെ ഇതുവഴി ടെസ്ല കാറുകൾ വാങ്ങാൻ നൽകിയ ഇളവ് നിർത്തിവെച്ചിരുന്നു. മാർച്ച് അവസാനമാണ് വ്യവസായ ലോകത്തെ ഞെട്ടിച്ച് ഈ സൗകര്യം ടെസ്ല ആദ്യമായി ഏർപെടുത്തിയത്.
ഇൗ വർഷാദ്യത്തിലാണ് 150 കോടി ഡോളർ മൂല്യമുള്ള ബിറ്റ്കോയിൻ ടെസ്ല വാങ്ങിയത്. ഇതിൽ കുറെ വിറ്റഴിച്ച മസ്ക് ഇനി വിൽക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ടെസ്ലക്കു പുറമെ സ്പേസ് എക്സിന്റെയും സ്ഥാപകനാണ് മസ്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.