പ്രതീകാത്മക ചിത്രം

ഇൻസ്റ്റാൾ ചെയ്താൽ രൂപം മാറും, അക്കൗണ്ടിലെ പണം പോകും; ഈ 35 ആപ്പുകളെ സൂക്ഷിച്ചോ...!

ഗൂഗിൾ പ്ലേ സ്റ്റോറിൽ നുഴഞ്ഞുകയറിയിരിക്കുന്ന 35 മാൽവെയർ ആപ്ലിക്കേഷനുകളെ കുറിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്റർനെറ്റ് സുരക്ഷാ ഗവേഷകരായ ബിറ്റ്‌ഡിഫെൻഡർ (Bitdefender). രണ്ട് ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ആപ്പുകളിൽ യൂസർമാരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം അടിച്ചുമാറ്റാൻ പോലും കഴിയുന്ന വില്ലൻമാരുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പേര് മാറ്റിയും ആപ്പ് ​ഐക്കണുകളിൽ രൂപമാറ്റം വരുത്തിയും ഒളിച്ചുനിന്നാണ് യൂസർമാരെ മാൽവെയറുകൾ ആക്രമിക്കുന്നത്. ഫോണിൽ അത്തരം ആപ്പുകളുടെ സാന്നിധ്യമുണ്ടെന്ന് സാധാരണ യൂസർമാർക്ക് ഒരിക്കലും കണ്ടെത്താൻ സാധിക്കില്ല. ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിലെ സിസ്റ്റം ആപ്പെന്ന തോന്നിക്കുന്ന രീതിയിൽ പേരും രൂപവും മാറ്റാൻ പോലും കഴിയുന്ന ആപ്പുകളുമുണ്ട്. അതുകൊണ്ട് തന്നെ ബാങ്കിങ് ആപ്പുകളിലും മറ്റും നുഴഞ്ഞുകയറി പണം നഷ്ടപ്പെടുത്തി ഒരു തെളിവും അവശേഷിപ്പിക്കാതെ മുങ്ങാനും മാൽവെയറുകൾക്ക് കഴിയും.

പരസ്യങ്ങളാണ് ഇത്തരം സൈബർ കുറ്റവാളികളുടെ മറ്റൊരു വരുമാന സ്രോതസ്സ്. അതുകൊണ്ട് തന്നെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ, തുടരെ ഫുൾ-സ്ക്രീൻ പരസ്യങ്ങൾ ഫോണിൽ ​പ്രത്യക്ഷപ്പെട്ട് തുടങ്ങും. ഇത് യൂസർമാർക്ക് വലിയ ശല്യമായി മാറും. ചില പരസ്യങ്ങളിൽ ക്ലിക്ക് ചെയ്‌താൽ മാൽവെയർ സൈറ്റുകളിലേക്കാകും യൂസർമാരെ നയിക്കുക. അത്തരത്തിൽ ഫോണിൽ നിന്നും വിവരങ്ങൾ ചോർത്താനും പണം മോഷ്ടിക്കാനും വരെ സൈബർ കുറ്റവാളികൾക്ക് കഴിയും.

അപകടം വരുത്തുന്ന പല ആപ്പുകളും ഗൂഗിൾ അവരുടെ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ, APKSOS, APKAIO, APKCombo, APKPure, APKsfull തുടങ്ങിയ നിരവധി തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകളിൽ ഇപ്പോഴും ഈ ആപ്പുകൾ ഉണ്ടെന്ന് മിന്റ് റിപ്പോർട്ട് ചെയ്തു. അത്തരത്തിലുള്ള ആപ്പുകളുടെ പേരുകളും പങ്കുവെച്ചിട്ടുണ്ട്.

ഇവരാണ് വില്ലൻമാർ

ജിപിഎസ് ലൊക്കേഷൻ ഫൈൻഡർ, ജിപിഎസ് ലൊക്കേഷൻ മാപ്പ്സ്, ഫാസ്റ്റ് ഇമോജി കീബോർഡ്, ക്രീയേറ്റ് സ്റ്റിക്കർ ഫോർ വാട്സാപ്പ്, ബിഗ് ഇമോജി - കീബോർഡ്, വാൾസ് ലൈറ്റ് - വാൾപേപ്പേഴ്സ് പാക്ക്, ഫോട്ടോപിക്സ് ഇഫക്റ്റുകൾ - ആർട്ട് ഫിൽട്ടർ, ക്യൂആർ ക്രിയേറ്റർ, ഗ്രാൻഡ് വാൾപേപ്പേഴ്സ് -3ഡി ബാക്ക്ഡ്രോപ്പ്സ്, സ്റ്റോക്ക് വാൾപേപ്പർ - 4K & എച്ച്ഡി, എൻജിൻ വാൾപേപ്പർ -ലൈവ് ആൻഡ് 3 ഡി, സ്മാർട്ട് ക്യൂആർ  സ്കാനർ, ക്യാറ്റ് സിമുലേറ്റർ, മീഡിയ വോളിയം സ്ലൈഡർ, പിഎച്ച്ഐ 4K വാൾപേപ്പർ - ആനിമേഷൻ എച്ച്ഡി, മൈ ജിപിഎസ് ലൊക്കേഷൻ, ഇമേജ് വാർപ്പ് ക്യാമറ, ആർട്ട് ഗേൾസ് വാൾപേപ്പർ എച്ച്ഡി, സ്മാർട്ട് ക്യൂആർ ക്രിയേറ്റർ,

എഫക്റ്റ്മാനിയ - ഫോട്ടോ എഡിറ്റർ, ആർട്ട് ഫിൽട്ടർ - ഡീപ് ഫോട്ടോ ഇഫക്റ്റ്, കണക്ക് സോൾവർ - ക്യാമറ ഹെൽപ്പർ, ലെഡ് തീം - കളർഫുൾ കീബോർഡ്, കീബോർഡ് - ഫൺ ഇമോജി സ്റ്റിക്കർ, സ്മാർട്ട് വൈഫൈ, കളറൈസ് ഓൾഡ് ഫോട്ടോ, ഗേൾസ് ആർട്ട് വാൾപേപ്പർ, വോളിയം കൺട്രോൾ,സീക്രട്ട് ഹോറോസ്കോപ്പ്,സ്മാർട്ട് ജിപിഎസ് ലൊക്കേഷൻ,ആനിമേറ്റഡ് സ്റ്റിക്കർ മാസ്റ്റർ,പേഴ്സണാലിറ്റി ചാർജിംഗ് ഷോ,സ്ലീപ്പ് സൗണ്ട്സ്, സീക്രട്ട് ആസ്ട്രോളജി,കളറൈസ് ഫോട്ടോസ്,

പണി കിട്ടാതിരിക്കാൻ എന്തു ചെയ്യണം...???

നിങ്ങൾക്ക് ആവശ്യമുള്ള ആപ്പുകൾ മാത്രം ഇൻസ്റ്റാൾ ചെയ്യുക എന്നുള്ളതാണ് ആദ്യം എടുക്കേണ്ട തീരുമാനം. അത് അപകടം കുറക്കുന്നതിന് പുറമേ, ബാറ്ററി കൂടുതൽ ലഭിക്കുന്നതിനും കാരണമാകും. ഫോണിൽ ഉപയോഗമില്ലാതെ കിടക്കുന്ന ആപ്പുകൾ നീക്കം ചെയ്യുക.

പ്ലേസ്റ്റോറിനുള്ളിൽ പോലും മാൽവെയറുകൾ കടന്നുകൂടുന്നുണ്ടെങ്കിൽ, അതിന് പുറത്ത് നിന്ന് ഡൗൺലോഡ് ചെയ്യുന്ന ആപ്പുകളിൽ എത്രത്തോളം അപകടം ഒളിഞ്ഞിരിപ്പുണ്ടാകും.. അതുകൊണ്ട് തന്നെ, ഗൂഗിളിൽ തിരഞ്ഞുകൊണ്ട് ഒരു ആപ്പും ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. മറ്റ് മാർഗങ്ങൾ വഴി ആ​രെങ്കിലും അയച്ചുതരുന്നതും ഇൻസ്റ്റാൾ ചെയ്യരുത്.

ധാരാളം ഡൗൺലോഡ് ഉള്ളതും എന്നാൽ, വളരെ കുറച്ച് റിവ്യൂകൾ ഉള്ളതുമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്. പിടിക്കപ്പെട്ട 'GPS ലൊക്കേഷൻ മാപ്‌സ്' എന്ന ആപ്പിന് ഒരു ലക്ഷത്തിലധികം ഡൗൺലോഡുകൾ ഉണ്ട്. എന്നാൽ, ആരും ആപ്പിനെ കുറിച്ച് റിവ്യൂ എഴുതിയതായി കാണാൻ സാധിച്ചിട്ടില്ല.

ആപ്പുകൾക്ക് പെർമിഷൻ കൊടുക്കുമ്പോൾ ശ്രദ്ധിക്കുക. കാൽകുലേറ്റർ ആപ്പിന് കാമറ ഉപയോഗിക്കാൻ അനുവാദം കൊടുക്കേണ്ടതില്ലല്ലോ. ചില നിസാര ആപ്പുകൾ ഫോണിലെ കോൺടാക്ടുകളിലേക്കും ലൊക്കേഷനും എന്തിന് ഗാലറിയിൽ കിടക്കുന്ന ചിത്രങ്ങളും മറ്റും കാണാൻ പോലും അനുവാദം ചോദിച്ച് വരും, അവറ്റകളോടും ഒരു വലിയ 'നോ' പറയുക.


battery optimization ഒഴിവാക്കാനും, display over other apps, അതുപോലെ, മറ്റ് ആപ്പുകൾ അയക്കുന്ന നോട്ടിഫിക്കേഷനുകൾ കാണാൻ പോലും അനുവാദം ചോദിച്ച് വരുന്ന അപ്രധാനമായ ആപ്പുകളുണ്ട്. അവയാണ് ഏറ്റവും അപകടകാരികൾ. കാരണം, ഈ പെർമിഷനുകൾ നൽകുന്നതോടെ ഫോണിൽ യാതൊരു തടസവുമില്ലാതെ വിഹരിക്കാൻ സാധിക്കും. എന്നാൽ, വിഡിയോ കോൾ ചെയ്യുന്ന ആപ്പുകൾക്കും മറ്റും അതിന് പെർമിഷൻ കൊടുക്കേണ്ടതായി വരും.

Tags:    
News Summary - These 35 malicious apps are really harmful for your Android phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT