ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് പുസ്തകങ്ങളും പഴങ്ങളും ചൂടു കോഫിയും തരാമെന്ന് ആരെങ്കിലും പറഞ്ഞാൽ, ചിലപ്പോൾ 'തലക്ക് വെളിവില്ലേ...' എന്ന് തിരിച്ചു ചോദിച്ചേക്കാം. എന്നാൽ, ദക്ഷിണ കൊറിയയിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. അവിടെയുള്ള ഒരു സർവകലാശാലയിലെ പ്രൊഫസർമാരാണ്, വിദ്യാർഥികൾക്ക് മുന്നിൽ വിചിത്രമായ ഒാഫർ മുന്നോട്ടുവെച്ചിരിക്കുന്നത്.
കൊറിയയിലെ തെക്കുകിഴക്കൻ തീരത്തിനടുത്തുള്ള ഉൽസാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ പ്രൊഫസർമാരാണ് 'ഹൈടെക് ടോയ്‌ലറ്റ്'രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരാളുടെ മലത്തിൽ നിന്ന് മീഥെയ്ൻ വേർതിരിച്ച് അതൊരു ഉൗർജ്ജ സ്രോതസ്സാക്കി മാറ്റുകയാണ് ടോയ്‌ലറ്റ് ചെയ്യുന്നത്. റോയിട്ടേഴ്‌സാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ടോയ്‌ലറ്റ് ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിദിനം 10 യൂണിറ്റ് ഡിജിറ്റൽ കറൻസിയാണ് പ്രതിഫലമായി നൽകുക. തേൻ എന്ന് അർഥമാക്കുന്ന Ggool എന്ന് പേരുള്ള ഡിജിറ്റൽ കറൻസി ഉപയോഗിച്ച് വിദ്യാർഥികൾക്ക് കാമ്പസിലെ മാർക്കറ്റിൽ നിന്നും പഴങ്ങളും ഭക്ഷണ സാധനങ്ങളും പഠന ഉപകരണങ്ങളുമെല്ലാം വാങ്ങുകയും ചെയ്യാം.
"Toilet, like a Bee with a Vision," എന്നതിനെ ചുരുക്കി "BeeVi" എന്നാണ് ടോയ്ലറ്റിന് പേര് നൽകിയിരിക്കുന്നത്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ രീതിയിലുള്ള ഉപകരണമാണ് ബീ-വി എന്നും നിർമാതാക്കളായ പ്രൊഫസർമാർ പറയുന്നു. ടോയ്‌ലറ്റിൽ നിന്ന് ഭൂഗർഭ ടാങ്കിലേക്കും ബയോ റിയാക്ടറിലേക്കും മനുഷ്യ വിസർജ്യം എത്തിക്കാനായി വാക്വം, കുറച്ച് വെള്ളം എന്നിവയാണ് ഉപയോഗിക്കുന്നത്, അതിനാൽ "സൂപ്പർ വാട്ടർ സേവിങ് വാക്വം ടോയ്‌ലറ്റ്" എന്നാണ് ബീ-വിയെ നിർമാതാക്കൾ വിളിക്കുന്നത്. ഗ്യാസ് സ്റ്റവ്, വാട്ടർ ബോയിലർ, വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഇന്ധന സെൽ എന്നിവയുൾപ്പെടെയുള്ള കോളജ് കെട്ടിടത്തിലെ ഉപകരണങ്ങൾക്ക് വൈദ്യുതി സ്രോതസ്സായി വിസർജ്യത്തിൽ നിന്നുള്ള നിന്നുള്ള മീഥെയ്ൻ മാറുന്നു.
ഒരു വ്യക്തിയുടെ ഒരു ദിവസത്തെ മലത്തിന് മുക്കാൽ മൈൽ ദൂരം ഒരു കാറിന് സഞ്ചരിക്കാനുള്ള ഉർജ്ജം നൽകാൻ സാധിക്കുമെന്ന് ടോയ്ലറ്റിെൻറ ഡിസൈനർമാരിൽ ഒരാളും നഗര, പരിസ്ഥിതി എഞ്ചിനീയറിങ് പ്രൊഫസറുമായ ചോ ജെയ്-വിയോൺ വയർ ഏജൻസിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.