പബ്ജി മൊബൈൽ, ഫ്രീഫയർ പോലുള്ള ബാറ്റിൽഗ്രൗണ്ട് ഗെയിമുകളുടെ വരവോടെ ഉറക്കം നിലച്ച കുട്ടികളെ നേരെയാക്കാൻ പുതിയ മാർഗവുമായി എത്തിയിരിക്കുകയാണ് ചൈനീസ് ഗെയിമിങ് കമ്പനിയായ ടെൻസെൻറ്. 'മിഡ്നൈറ്റ് പട്രോൾ' എന്ന് വിളിക്കപ്പെടുന്ന ടൂൾ ചൈനയിലാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. പുലരുവോളം ഗെയിമുകളിൽ മുഴുകി ആരോഗ്യപരമായും മാനസികമായും വലിയ അപകടത്തിലേക്ക് നീങ്ങുന്ന പുതുതലമുറയെ അതിൽ നിന്നും രക്ഷിക്കലാണത്രേ ചൈനീസ് കമ്പനിയുടെ ഉദ്ദേശം.
വിശദീകരിച്ചാൽ വിവാദമായേക്കാവുന്ന സംവിധാനമാണ് ടെൻസെൻറിെൻറ 'അർധരാത്രിയിലുള്ള പട്രോളിങ്' സിസ്റ്റം. അതിന് പ്രധാന കാരണം സ്വകാര്യത തന്നെയാണ്. ഒരു വ്യക്തി പ്രായപൂർത്തിയാകാത്ത ആളാണോയെന്ന് കണ്ടെത്താനും സ്ഥിരീകരിക്കാനും ഇൗ ടൂൾ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഫോണിലെ മുൻകാമറയുപയോഗിച്ചുള്ള ഇൗ വിദ്യയിലൂടെയാണ് നിരോധിത സമയങ്ങളിൽ കുട്ടികൾ ഗെയിമുകൾ കളിക്കുന്നത് തടയുന്നത്.
പുതിയ സിസ്റ്റം നടപ്പിൽ വരുത്താൻ ടെൻസെൻറിന് എല്ലാ ഗെയിമർമാരും മുഖം തിരിച്ചറിയലിനുള്ള അനുവാദം കൊടുക്കേണ്ടിവരും. ടെൻസെൻറിെൻറ ടൂൾ വ്യക്തികളുടെ മുഖം വിശകലനം ചെയ്യുകയും പ്രായപൂർത്തിയാകാത്തവരെ കണ്ടെത്തുന്നതിനായി ഒരു ഡാറ്റാബേസിൽ സംഭരിച്ചിരിക്കുന്ന ചിത്രങ്ങളും പേരുകളുമായി മാച്ച് ചെയ്തുനോക്കുകയും ചെയ്യും.
പ്രായപൂർത്തിയാകാത്തവർ രാത്രിയിൽ അമിതമായി ഗെയിമുകൾ കളിക്കുന്നത് തടയാൻ 2019 ൽ "ആസക്തി വിരുദ്ധ" ചട്ടങ്ങൾ പാസാക്കിയ രാജ്യമാണ് ചൈന. ഇൗ ചട്ടത്തിലൂടെ 18 വയസിന് താഴെയുള്ളവർ ഗെയിം കളിക്കുന്ന സമയത്തിൽ നിയന്ത്രണം കൊണ്ടുവരികയും കർഫ്യൂ ഏർപ്പെടുത്തുകയും ഗെയിമിൽ അനാവശ്യമായി പണം മുടക്കുകയും ചെയ്യുന്നത് ചൈന നിയന്ത്രിച്ചു.
ഇതിലൂടെ രാത്രി 10 മണി മുതൽ രാവിലെ എട്ട് മണിവരെ കുട്ടികളെ ഗെയിം കളിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും മൂന്ന് മണിക്കൂർ വീതവും മറ്റുള്ള ദിവസങ്ങളിൽ ഒന്നരമണിക്കൂർ നേരവും മാത്രമാണ് ഗെയിം കളിക്കാൻ അനുവാദം നൽകിയത്.
എന്നാൽ, ചില വിരുതൻമാർ പല കുതന്ത്രങ്ങളും പയറ്റി 'നിരോധിത സമയങ്ങളിൽ' ഗെയിം കളി തുടർന്നിരുന്നതായി ടെൻസെൻറ് സാക്ഷ്യപ്പെടുത്തുന്നു. പുതിയ മിഡ്നൈറ്റ് പട്രോൾ സംവിധാനം അത്തരം വിട്ടുവീഴ്ച്ചകളെല്ലാം പരിഹരിച്ച് കുട്ടികൾ രാത്രികളിൽ ഗെയിം കളിക്കുന്നത് പൂർണ്ണമായും നിയന്ത്രിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
നിലവിൽ മിഡ്നൈറ്റ് പട്രോൾ സംവിധാനം ചൈനയിൽ ആരംഭിച്ചുകഴിഞ്ഞു. ജനപ്രിയ ഗെയിമുകളായ ഹോണർ ഓഫ് കിങ്സ്, ഗ്ലോറി ഓഫ് കിങ്, പീസ് എലൈറ്റ് തുടങ്ങിയ 60 ഒാളം ഗെയിമുകളിൽ ഇത് സജീവമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പട്ടികയിൽ കൂടുതൽ ഗെയിമുകൾ ചേർക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.