ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും വാട്സ്ആപ്പിനും ശേഷം പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുമായി എത്തുകയാണ് മാർക്ക് സക്കർബർഗിന്റെ മെറ്റ. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിനൊരു എതിരാളിയുമായാണ് ഇത്തവണ മെറ്റയുടെ വരവ്. ഏറെ ദിവസങ്ങളായി നെറ്റിസൺസിനിടയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന ആപ്പ് നാളെ ജൂലൈ ആറാം തീയതി ലോഞ്ച് ചെയ്യും.
‘ത്രെഡ്സ്‘ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് പ്രവർത്തിക്കുന്നത് ഇൻസ്റ്റഗ്രാമുമായി കണക്ട് ചെയ്താണ്. ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ളവർക്ക്, ത്രെഡ്സിൽ പുതുതായി അക്കൗണ്ട് തുറക്കേണ്ട ആവശ്യമില്ല, അതേ ലോഗ്-ഇൻ വിവരങ്ങൾ ഉപയോഗിച്ച് പുതിയ ആപ്പിൽ പ്രവേശിക്കാവുന്നതാണ്.
ട്വിറ്ററിന് സമാനമായ രൂപത്തിലുള്ള ആപ്പ് ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള പോസ്റ്റുകൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ചിത്രങ്ങളും വിഡിയോകളും ലിങ്കുകളുമൊക്കെ പങ്കുവെക്കാനും കഴിയും. ആപ്പിന്റെ ചിത്രങ്ങൾ ദിവസങ്ങളായി പുറത്തുവരുന്നുണ്ട്.
ത്രെഡ്സിന്റെ ലോഞ്ചിങ്ങിന് മുന്നോടിയായി, ഇൻസ്റ്റഗ്രാം തങ്ങളുടെ ഉപയോക്താക്കൾക്ക് ‘കസ്റ്റം ടിക്കറ്റു’കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നിരവധി ഇൻസ്റ്റാഗ്രാം യൂസർമാർ അവരുടെ ടിക്കറ്റുകൾ സ്റ്റോറികൾ വഴി പ്രദർശിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് ടിക്കറ്റ് കിട്ടിയില്ലേ..? എങ്കിൽ ത്രെഡ്‌സ് ആപ്പിലേക്കുള്ള ടിക്കറ്റ് എങ്ങനെ നേടാമെന്ന് പറഞ്ഞുതരാം.
ഇൻസ്റ്റഗ്രാം സെർച്ച് സെക്ഷനിലേക്ക് പോയി അവിടെ ‘Threads’ എന്ന് തിരയുക. അപ്പോൾ സെർച്ച് ബാറിനുള്ളിൽ ഉടൻ തന്നെ ഒരു ചുവന്ന ടിക്കറ്റ് കാണാൻ സാധിക്കും, അതിൽ ടാപ്പുചെയ്യുക. നിങ്ങളുടെ കസ്റ്റം ടിക്കറ്റ് റെഡി...
നിങ്ങളുടെ പേര് ആലേഖനം ചെയ്ത ടിക്കറ്റിൽ ത്രെഡ്‌സ് ആപ്പിന്റെ ലോഞ്ച് തീയതിയും സമയവുമുണ്ട്, അതായത് ജൂലൈ 6- 7:30PM. കൂടാതെ, ടിക്കറ്റിൽ ഒരു QR കോഡ് ഉണ്ട്, അത് ഉപയോക്താക്കളെ ഔദ്യോഗിക ത്രെഡ്‌സ് വെബ്‌സൈറ്റിലേക്ക് റീഡയറക്‌ട് ചെയ്യുന്നു. ആൻഡ്രോയ്ഡ് - ഐ.ഒ.എസ് യൂസർമാർക്ക് ടിക്കറ്റ് ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.