ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 10 പാസ്‌വേഡുകൾ ഇവയാണ്..; ഹാക്ക് ചെയ്യാൻ ഒരു സെക്കൻഡ് വേണ്ട

ഈ ഡിജിറ്റൽ യുഗത്തിൽ ഒന്നിലധികം ഉപകരണങ്ങളിലും അക്കൗണ്ടുകളിലുമായി നിരവധി പാസ്‌വേഡുകളാണ് നമുക്ക് ഓർത്തുവെക്കേണ്ടതായിട്ടുള്ളത്. വെല്ലുവിളി നിറഞ്ഞ ഈ പ്രക്രിയ ലളിതമാക്കാനായി ഉപകരണങ്ങളെ അൺലോക്ക് ചെയ്യുന്നതിനും വിവിധ അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യുന്നതിനും നമ്മളിൽ പലരും വളരെ ലളിതമായ പാസ്‌വേഡുകളാണ് ഉപയോഗിക്കാറുള്ളത്. ചിലർ എല്ലാ അക്കൗണ്ടുകൾക്കും ഒരു പാസ്‌വേഡ് തന്നെ നൽകാറുമുണ്ട്. നമ്മുടെ എളുപ്പത്തിന് വേണ്ടി ചെയ്യുന്നതാണെങ്കിലും ഇതിൽ വലിയ അപകടസാധ്യത ഒളിഞ്ഞുകിടപ്പുണ്ട്. ഇവിടെ സൈബർ കുറ്റവാളികൾക്കും ഹാക്കർമാർക്കുമൊക്കെ നമ്മൾ കാര്യങ്ങൾ എളുപ്പമാക്കിക്കൊടുക്കയാണ്.

പ്രമുഖ വി.പി.എൻ ആപ്പായ നോർഡ് വി.പി.എൻ (NordVPN ഇന്ത്യയിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന 10 പാസ്‌വേഡുകൾ പുറത്തുവിട്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പാസ്‌വേഡുകളിൽ ഒന്നാം സ്ഥാനം പതിവുപോലെ ‘123456’ ആണ് സ്വന്തമാക്കിയത്.

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 10 പാസ്‌വേഡുകളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു, ഒപ്പം അവ ഹാക്ക് ചെയ്യാൻ എടുക്കുന്ന ഏകദേശ സമയവും പാസ്‌വേഡുകൾ തിരഞ്ഞെടുത്ത ആളുകളുടെ എണ്ണവും:

123456: ലിസ്റ്റിലെ ഒന്നാമൻ. ഈ പാസ്‌വേഡ് ക്രാക്ക് ചെയ്യാൻ ഒരു സെക്കൻഡിൽ താഴെ മാത്രം സമയം മതി, എന്നിട്ടും 363,265 ഉപയോക്താക്കൾ ഇത് തിരഞ്ഞെടുക്കുന്നു.

admin: ഇത്രയും ദുർബലമായ പാസ്‌വേഡ് ഒരു സെക്കൻഡിനുള്ളിൽ തന്നെ ഹാക്ക് ചെയ്യാൻ കഴിയും, അതിശയകരമെന്നു പറയട്ടെ, 118,270 പേർ ഇപ്പോഴും ഇത് ഉപയോഗിക്കുന്നു.

12345678: എട്ടക്ക പാസ്‌വേഡ് വേണ്ടിവരുന്ന അക്കൗണ്ടുകളിലാണ് ഈ പാസ്‌വേഡ് പൊതുവെ ഉപയോഗിക്കാറുള്ളത്. ഒരു സെക്കൻഡ് മാത്രം മതി ഹാക്കർമാർക്ക് ഈ പാസ്‌വേഡ് പൊട്ടിക്കാൻ. എന്നിട്ടും 63,618 പേർ ഇത് ഉപയോഗിക്കുന്നുണ്ട്.

12345: 56,676 പേരാണ് ഹാക്ക് ചെയ്യാൻ ഒരു സെക്കൻഡ് പോലും വേണ്ടാത്ത ഈ പാസ്‌വേഡ് ഉപയോഗിക്കുന്നത്.

Password: വളരെ കോമണായി ഉപയോഗിക്കപ്പെടുന്ന ഈ പാസ്‌വേഡ് ക്രാക്ക് ചെയ്യാനും ഒരു സെക്കൻഡ് പോലും വേണ്ട. 52,334 പേരാണ് ഉപയോഗിക്കുന്നത്.

Pass@123: മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ അൽപ്പം സങ്കീർണ്ണത വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഈ പാസ്‌വേഡ് ക്രാക്ക് ചെയ്യാൻ 5 മിനിറ്റ് മാത്രമേ എടുക്കൂ, എന്നിട്ടും 49,958 ഉപയോക്താക്കൾ ഇപ്പോഴും ഇത് ഉപയോഗിക്കുന്നുണ്ട്.

123456789: ഹാക്ക് ചെയ്യാൻ സെക്കൻഡ് പോലും വേണ്ടാത്ത ഈ പാസ്‌വേഡ് 41,403 ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

Admin@123: ഈ പാസ്‌വേഡ് കണ്ടെത്താൻ ഒരു വർഷം വേണ്ടിവരുമെന്നാണ് നോർഡ് വിപിഎൻ പറയുന്നത്, 22,646 ഉപയോക്താക്കൾ ഈ പാസ്‌വേഡ് തിരഞ്ഞെടുത്തിട്ടുണ്ട്.

India@123: 16,788 ആളുകൾ അവരുടെ അക്കൗണ്ട് സംരക്ഷിക്കാൻ തിരഞ്ഞെടുത്ത ഈ പാസ്‌വേഡ് ക്രാക്ക് ചെയ്യാൻ 3 മണിക്കൂർ എടുക്കും.

admin@123: ഈ പാസ്‌വേഡ് 34 മിനിറ്റിനുള്ളിൽ ഹാക്ക് ചെയ്യാൻ കഴിയും, എന്നിട്ടും 16,573 ഉപയോക്താക്കൾ ഇത് തിരഞ്ഞെടുക്കുന്നു.

എങ്ങനെ സുരക്ഷിതമായിരിക്കാം...?

  • മുകളിൽ നൽകിയിരിക്കുന്ന പാസ്‌വേഡുകൾ ഒരിക്കലും അക്കൗണ്ടുകൾക്ക് നൽകാതിരിക്കുക. നൽകിയവർ ഉടൻ തന്നെ മാറ്റാൻ ശ്രമിക്കുക.
  • ഒരു കാപിറ്റൽ ലെറ്റർ, അക്ഷരങ്ങൾ, അക്കങ്ങൾ, സ്‍പെഷ്യൽ ക്യാരക്ടറുകൾ എന്നിവ ചേർന്നതാകണം ഒരു ശക്തമായ പാസ്‌വേഡ്. ഉദാഹരണത്തിന് - Raju438!#$
  • വ്യത്യസ്ത അക്കൗണ്ടുകൾക്ക് വ്യത്യസ്ത പാസ്‌വേഡുകൾ തന്നെ നൽകാൻ ശ്രമിക്കുക.
  • ടു ഫാക്ടർ ഒതന്റിക്കേഷൻ (Two-factor authentication (2FA) എന്ന അധിക സുരക്ഷാ ഫീച്ചർ ഉപയോഗപ്പെടുത്തുക. ഇതിലൂടെ ഒ.ടി.പി നമ്പർ ഫോണിലേക്ക് ലഭിച്ചാൽ മാത്രമേ ലോഗ് - ഇൻ ചെയ്യാൻ കഴിയുകയുള്ളൂ.
  • പാസ് കീ സേവനം ഇപ്പോൾ ഗൂഗിൾ, വാട്സ്ആപ്പ് അടക്കം പല പ്ലാറ്റ്ഫോമുകളും നൽകുന്നുണ്ട്. നമ്മുടെ ഫിംഗർ പ്രിന്റ്, ഫേസ് ഐഡി എന്നിവ ഉപയോഗിച്ചാൽ മാത്രം ലോഗ്-ഇൻ ചെയ്യാൻ കഴിയുന്ന ഫീച്ചറാണിത്. അവ ഉപയോഗപ്പെടുത്തുക. 
Tags:    
News Summary - Top 10 Frequently Used Passwords Among Indian Users

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.