ലണ്ടൻ: സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ കഴിഞ്ഞയാഴ്ച ലണ്ടനിൽ നടന്ന ഒരു വൻ കൊള്ളയുടെ വിവരങ്ങൾ പുറത്ത്. ഐഫോൺ മുതൽ ആപ്പിൾ വാച്ചുകൾ വരെയുളള 50 ലക്ഷം പൗണ്ട് (6.6 മില്യൺ ഡോളർ -ഏകദേശം 48,98,17,020 രൂപ) വിലവരുന്ന ആപ്പിൾ ഉല്പന്നങ്ങളുമായി പോയ ട്രക്കാണ് കൊള്ളയടിക്കപ്പെട്ടത്.
നവംബർ പത്തിന് നോർത്താംപ്റ്റൺഷയറിലെ എംവൺ മോട്ടോർവേയിലാണ് സംഭവം. ആപ്പിൾ ഉൽപന്നങ്ങളുമായി പോവുകയായിരുന്ന ട്രക്കിൻ്റെ ഡ്രൈവറേയും സുരക്ഷാ ഗാർഡിനെയും ജീനക്കാരനേയും കെട്ടിയിട്ട് ഹൈവേയിൽ തള്ളിയ ശേഷമായിരുന്നു കവർച്ച. ട്രക്കുമായി കടന്നുകളഞ്ഞ മോഷ്ടാക്കൾ തൊട്ടടുത്തുളള ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ എത്തിച്ച ശേഷം ഉല്പന്നങ്ങൾ മറ്റൊരു ട്രക്കിലേക്ക് മാറ്റി. പിന്നീട് ലട്ടർവർത്ത് നഗരത്തിലെത്തിച്ച ശേഷം 47 പെട്ടി ആപ്പിൾ ഉൽപന്നങ്ങൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി.
ആയുധങ്ങളൊന്നും ഉപയോഗിക്കാതെയായിരുന്നു കൊളളയെന്ന് പൊലീസ് പറയുന്നു. കൈകാലുകൾ കെട്ടാനുളള ശ്രമത്തിനിടയിൽ ഡ്രൈവർക്കും ഗാർഡിനും നിസ്സാര പരിക്കേറ്റു. സംഭവത്തിൻ്റെ നടുക്കം ഇരുവരിൽ നിന്നും വിട്ടുമാറിയിട്ടില്ല.
കൊള്ളക്കാരെ പിടികൂടാൻ ജനങ്ങൾ സഹായിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. നവംബർ പത്തിന് രാത്രി ഏഴിനും എട്ടിനും ഇടയിൽ ഇതുവഴി കടന്നുപോയ വാഹനങ്ങൾ ശ്രദ്ധിച്ചിട്ടുളളവരോ, വാഹനങ്ങൾ കടന്നുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കൈവശമുളളവരോ പോലീസുമായി ബന്ധപ്പെടണം. അസ്വാഭാവിക സാഹചര്യങ്ങളിലും വിലകുറച്ചും ആപ്പിൾ ഉൽപന്നങ്ങൾ വിൽക്കുന്നത് ശ്രദ്ധയിൽ പെടുന്നവരും പൊലീസിനെ അറിയിക്കണം. അതേസമയം, സംഭവത്തിൽ ആപ്പിളിൻ്റെ 3 പ്രതികരണം ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.