‘ബ്രിട്ടീഷ് സർക്കാർ ഫണ്ട് ചെയ്യുന്ന മീഡിയ’; ട്വിറ്ററിലെ ലേബലിനെതിരെ ബി.ബി.സി; പ്രതികരിച്ച് മസ്ക്

തങ്ങളെ "സർക്കാർ ഫണ്ട് ചെയ്യുന്ന മീഡിയ" എന്ന് ട്വിറ്ററിൽ ലേബൽ ചെയ്തതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്ററായ ബി.ബി.സി. ചാനലിന്റെ ഔദ്യോഗിക ട്വിറ്റർ പ്രൊഫൈൽ പേജിലാണ് "government-funded media" എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റർ ഈയിടെയാണ് ഇത്തരത്തിൽ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ലേബലുകൾ നൽകാൻ തുടങ്ങിയത്.

ബ്രിട്ടീഷ് സർക്കാരിൽ നിന്ന് ധനസഹായം സ്വീകരിക്കുന്നതും അതേസമയം, നയത്തിൽ എഡിറ്റോറിയൽ സ്വാതന്ത്ര്യമുള്ളതുമായ മാധ്യമ സ്ഥാപനമായാണ് ബി.ബി.സിയെ ട്വിറ്റർ വിശേഷിപ്പിക്കുന്നത്. താമസിയാതെ, ബിബിസി ട്വിറ്ററിന്റെ ലേബലിനെ എതിർത്ത് രംഗത്തുവന്നു. തങ്ങൾ എല്ലാ കാലത്തും സ്വതന്ത്ര സ്ഥാപനമാണെന്നും ‘ലൈസൻസ് ഫീ’ വഴി ബ്രിട്ടനിലെ പൊതുജനങ്ങളാണ് ഞങ്ങൾക്ക് ധനസഹായം നൽകുന്നതെന്നും അവർ പറഞ്ഞു.


‘‘യു.കെയിലെ ബിബിസി അല്ലെങ്കിൽ യു.എസിലെ എൻ.പി.ആർ അടക്കമുള്ള എഡിറ്റോറിയൽ സ്വാതന്ത്ര്യമുള്ളതും അതേസമയം സർക്കാരിൽ നിന്ന് ധനസഹായം സ്വീകരിക്കുന്നതുമായ മീഡിയ ഓർഗനൈസേഷനുകളെ ‘സ്റ്റേറ്റ് അഫിലിയേറ്റഡ് മീഡിയ’യായി നിർവചിക്കാനാവില്ലെന്നും അതുപോലുള്ള സ്ഥാപനങ്ങൾക്ക് ഉള്ളടക്ക സ്വാതന്ത്ര്യമില്ലെന്നുമാണ് ട്വിറ്റർ പറയുന്നത്. ‘തങ്ങളെ ആർക്കും സ്വാധീനിക്കാൻ കഴിയില്ലെന്ന് ബി.ബി.സി പറയുന്നത് വിഡ്ഢിത്തമാണെന്ന്’ ട്വിറ്റർ സി.ഇ.ഒ എലോൺ മസ്‌ക് തുറന്നടിച്ചു.

‘ദ ന്യൂയോർക് ടൈംസി’നെയും ഇലോൺ മസ്ക് ഏതാനും ദിവസങ്ങളായി ലക്ഷ്യമിടുന്നുണ്ട്. ട്വിറ്ററിന്റെ വെരിഫിക്കേഷൻ ലേബലിന് പണം നൽകില്ലെന്ന് പറഞ്ഞതോടെ, അവരുടെ ബ്ലൂടിക്ക് ട്വിറ്റർ നീക്കം ചെയ്തിരുന്നു. ‘‘ന്യൂയോർക്ക് ടൈംസ് നേരിടുന്ന ഏറ്റവും വലിയ ട്രാജഡി എന്താണെന്ന് വെച്ചാൽ അവരുടെ പ്രൊപഗൻഡ പോലും ഒരു താൽപര്യവും ജനിപ്പിക്കുന്നില്ല എന്നതാണ്’’. - ഇലോൺ മസ്ക് ട്വീറ്റ് ചെയ്തു.

അതേസമയം, തങ്ങൾക്ക് ചാർത്തി കിട്ടിയ ലേബൽ തിരുത്താൻ സോഷ്യൽ മീഡിയ കമ്പനിയുമായി ചർച്ച നടത്തിവരികയാണെന്ന് ബി.ബി.സി കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Twitter dubs BBC as 'government-funded media', broadcaster reacts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT