പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് ബിറ്റ് കോയിന്‍ നിയമവിധേയമാക്കിയെന്ന് ട്വീറ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ട്വിറ്റർ രംഗത്തെത്തി. മോദിയുടെ അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി ട്വിറ്റർ അധികൃതർ അറിയിച്ചു.
''ഞങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. സംഭവത്തെ കുറിച്ച് അറിഞ്ഞയുടൻ അപഹരിക്കപ്പെട്ട അക്കൗണ്ട് സുരക്ഷിതമാക്കാൻ ഞങ്ങളുടെ ടീമുകൾ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്''. -സംഭവത്തിന് മറുപടിയായി ട്വിറ്റർ വക്താവ് ഇന്ത്യ ടുഡേയോട് പറഞ്ഞു. നിലവിൽ മറ്റ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി സൂചനകളൊന്നുമില്ലെന്ന് തങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ട്വിറ്റർ ഹാക്കിങ്ങിന് പിന്നിലുള്ളവരെ കണ്ടെത്താനായി കേന്ദ്ര സർക്കാരിന്‍റെ ടീം പ്രവർത്തനം തുടങ്ങിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതി വിദ്യ ഉപയോഗിച്ചാണ് ഹാക്കറെ കുടുക്കാൻ പ്രവർത്തിക്കുന്നത്.
നരേന്ദ്ര മോദി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടായിരുന്നു ഞായറാഴ്ച പുലർച്ചെ ഹാക്ക് ചെയ്യപ്പെട്ടത്. സംഭവം ശ്രദ്ധയിൽപെട്ടതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫിസ് കാര്യം ട്വിറ്ററിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിച്ചത്. ഒരു മണിക്കൂര്‍ നേരത്തെക്കാണ് പ്രധാനമന്ത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തത്. ഈ സമയത്ത് വന്ന ട്വീറ്റുകള്‍ അവഗണിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അഭ്യര്‍ഥിച്ചിരുന്നു.
ഇന്ത്യ ഔദ്യോഗികമായി ബിറ്റ്കോയിൻ അംഗീകരിച്ചു. സർക്കാർ ഔദ്യോഗികമായി 500 ബിറ്റ് കോയിൻ (ബി.ടി.സി) വാങ്ങുകയും രാജ്യത്തെ എല്ലാ പൗരന്മാർക്കും വിതരണം ചെയ്യുമെന്നാണ് ഹാക്കർ ട്വീറ്റ് ചെയ്തത്. ഈ അക്കൗണ്ട് ഹാക്ക് ചെയ്തത് ജോൺ വീക്ക് ആണെന്ന മറ്റൊരു ട്വീറ്റും ഇതോടൊപ്പം ഉണ്ടായിരുന്നു. 2020 സെപ്റ്റംബറിലും മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.