'ഓഫിസിലേക്കുള്ള യാത്രയിലാണെങ്കിൽ, ദയവായി വീട്ടിലേക്ക് മടങ്ങുക'; ട്വിറ്ററിൽ കൂട്ടപിരിച്ചുവിടൽ ഇന്ന് മുതൽ

വാഷിങ്ടൺ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിൽ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടൽ ഇന്നു മുതൽ ആരംഭിക്കും. താൽക്കാലികമായി ഓഫിസുകൾ അടച്ചിടുകയാണെന്നും പിരിച്ചുവിടുന്ന ജീവനക്കാരുടെ വിവരങ്ങൾ ഇ-മെയിൽ വഴി അറിയിക്കുമെന്നും ട്വിറ്റർ ജീവനക്കാരെ അറിയിച്ചു.

ശതകോടീശ്വരൻ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ വലിയൊരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടുമെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെ കമ്പനിയിൽനിന്ന് പിരിച്ചു വിടേണ്ടവരുടെ പട്ടിക സമർപ്പിക്കാൻ ടീം മാനേജർമാർക്ക് മസ്ക് നിർദേശവും നൽകി. വ്യാജ അക്കൗണ്ടുകളെ കുറിച്ച് തെറ്റായ വിവരം നൽകിയെന്നാരോപിച്ച് സി.ഇ.ഒ പരാഗ് അഗ്രവാൾ ഉൾപ്പെടെയുള്ള ഉന്നത ജീവനക്കാരെ നേരത്തെ തന്നെ പിരിച്ചുവിട്ടിരുന്നു.

പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ ഇ-മെയിൽ വഴി അറിയിക്കാമെന്നാണ് ട്വിറ്റർ ജീവനക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്. ട്വിറ്ററിനെ ആരോഗ്യകരമായ പാതയിലേക്ക് എത്തിക്കുന്നതിന് ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കേണ്ട ബുദ്ധിമുട്ടുള്ള പ്രക്രിയ നടപ്പാക്കേണ്ടതുണ്ടെന്നും ജീവനക്കാർക്ക് അയച്ച് ഇ-മെയിലിൽ പറയുന്നു.

ഇതിന്‍റെ ഭാഗമായി ഓഫിസുകൾ താൽക്കാലികമായി അടച്ചിടുകയാണ്. ജീവനക്കാരുടെയും കസ്റ്റമർ ഡാറ്റകളുടെയും ട്വിറ്റർ സംവിധാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ആർക്കും പ്രവേശനം ഉണ്ടാകില്ല. നിങ്ങൾ ഓഫിസിലോ, അവിടേക്കുള്ള യാത്രയിലോ ആണെങ്കിൽ, ദയവായി വീട്ടിലേക്ക് മടങ്ങിപോകണമെന്നും ജീവനക്കാരോട് അഭ്യർഥിച്ചു. ട്വിറ്ററിൽ ജീവനക്കാരെ ഒഴിവാക്കേണ്ടതിന്റെ ആവശ്യം നേരത്തെ തന്നെ മസ്ക് സൂചിപ്പിച്ചിരുന്നു.

44 ബില്ല്യൺ യു.എസ് ഡോളറിനായിരുന്നു ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്‍ലയുടേയും സ്പേസ് എക്സിന്റെയും ഉടമസ്ഥൻ മസ്ക് ട്വിറ്റ‌ർ ഏറ്റെടുത്തത്.

Tags:    
News Summary - Twitter Says Layoffs Begin Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT