സാൻഫ്രാൻസിസ്കോ: വരുമാനത്തിലും ഉപയോക്താക്കളുടെ എണ്ണത്തിലും ട്വിറ്ററിന് നേട്ടം. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മാർച്ച് വരെയുള്ള മൂന്ന് മാസങ്ങളിൽ വരുമാനം 16 ശതമാനം ഉയർന്ന് 120 കോടി (ഏകദേശം 9199 കോടി രൂപ) ഡോളറിലെത്തിയതായി ട്വിറ്റർ വ്യാഴാഴ്ച അറിയിച്ചു. പ്രതിദിന ഉപഭോക്താക്കളുടെ എണ്ണത്തിലും കഴിഞ്ഞവർഷത്തേക്കാൾ 16 ശതമാനം വളർച്ച നേടി.
ശരാശരി 22.9 കോടി പ്രതിദിന സജീവ ഉപയോക്താക്കളായി. ഒരു വർഷം മുമ്പ് ഇത് 19.9 കോടിയായിരുന്നു. 4400 കോടി (3.36 ലക്ഷം കോടി രൂപ) ഡോളറിന് ശതകോടീശ്വരൻ ഇലോൺ മസ്കിന് ട്വിറ്റർ വിൽക്കാൻ തീരുമാനിച്ചതിന് പിറകെയാണ് പാദവാർഷിക കണക്ക് പുറത്തുവന്നത്.
ട്വിറ്റർ കരാർ ഒപ്പിട്ടതോടെ 2013 മുതൽ പൊതു കമ്പനിയെന്ന നിലയിലുള്ള പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്. ഈ വർഷം അവസാനം കരാർ പൂർത്തിയാകുന്നതോടെ ട്വിറ്റർ മസ്കിന്റെ കൈയിലാകും.
കമ്പനിയുടെ മുഴുവൻ ഓഹരികളും മസ്ക് സ്വന്തമാക്കുന്നതോടെ ഇതുവരെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരുന്ന ട്വിറ്റര്‍ സ്വകാര്യ കമ്പനിയാകും. സാമ്പത്തിക ഫലങ്ങൾ പരസ്യമായി റിപ്പോർട്ട് ചെയ്യില്ല. കമ്പനിയുടെ ഓഹരിയുടമകളിൽ ഓരോരുത്തര്‍ക്കും ഒരു ഓഹരിയ്ക്ക് 54.2 ഡോളര്‍ എന്ന നിരക്കിൽ വില ലഭിക്കും. ഏപ്രിൽ ഒന്നിന് വ്യാപാരം അവസാനിച്ചപ്പോള്‍ ഉണ്ടായിരുന്ന നിരക്കിനെക്കാള്‍ 38 ശതമാനം അധികമാണിത്.
പുതിയ ഏറ്റെടുക്കൽ ഇപ്പോഴത്തെ സി.ഇ.ഒ പരാഗ് അഗര്‍വാളിന്റെ ജോലി തെറിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അഗർവാളിനെ 12 മാസത്തിനുള്ളിൽ പുറത്താക്കിയാൽ അദ്ദേഹത്തിന് 42 ദശലക്ഷം ഡോളർ (ഏകദേശം 321 കോടി രൂപ) ലഭിക്കുമെന്ന് ഗവേഷണ സ്ഥാപനമായ ഇക്വിലാർ പറയുന്നു. ട്വിറ്റർ മാനേജ്മെന്റിൽ തനിക്ക് വിശ്വാസമില്ലെന്ന് ഏപ്രിൽ 14ന് ഓഹരി ഫയലിങ്ങിൽ മസ്ക് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.