''വിവരക്കടത്തെന്ന്''; ബി.ജി.എം.ഐക്ക് പിന്നാലെ 348 ആപ്പുകൾ കൂടി വിലക്കി കേന്ദ്രം

ന്യൂഡൽഹി: ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുകയും പ്രൊഫൈലിങ്ങിനായി വിദേശത്തെ സെർവറുകളിലേക്ക് അനധികൃതമായി കടത്തുകയും ചെയ്യുന്ന 348 മൊബൈൽ ആപ്ലിക്കേഷനുകൾ കണ്ടെത്തി വിലക്കേർപ്പെടുത്തിയതായി ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖർ ബുധനാഴ്ച പാർലമെന്റിൽ പറഞ്ഞു. അത്തരം ആപ്പുകളിൽ ചിലത് ചൈനയിൽ വികസിപ്പിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) നിരവധി മൊബൈൽ ആപ്പുകകൾ വിലക്കി, അത്തരം വിവരക്കടത്ത് ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും, രാജ്യത്തിന്റെ പ്രതിരോധവും സുരക്ഷയും ലംഘിക്കുന്നതാണ്," -മ​ന്ത്രി പറഞ്ഞു.

ഇന്ത്യക്കാരുടെ വിവരങ്ങൾ വിദേശത്തേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു എന്ന ആശങ്കയെ തുടർന്ന് ജനപ്രിയ ഗെയിമായ ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ (BGMI) സർക്കാർ നിരോധിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ വാർത്ത വരുന്നത്. ഐടി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് ആപ്പുകൾക്ക് വിലക്കേർപ്പെടുത്തിയത്.

2020-ൽ ചൈനീസ് ടെക് ഭീമനായ ടെൻസെന്റിന്റെ പബ്ജി മൊബൈലും (PUBG Mobile) ജനപ്രിയ ഷോർട്ട്-വീഡിയോ ആപ്പായിരുന്ന ടിക് ടോക് (TikTok) ഉൾപ്പെടെ 200-ഓളം ചൈനീസ് ആപ്പുകളും സർക്കാർ നിരോധിച്ചതിന് പിന്നാലെയാണ് ദക്ഷിണ കൊറിയൻ ഗെയിമിങ് കമ്പനിയായ ക്രാഫ്റ്റൺ ഇന്ത്യൻ വിപണിക്കായി പ്രത്യേകമായി സൃഷ്ടിച്ചു ഗെയിമായിരുന്നു ബി.ജി.എം.ഐ. ദക്ഷിണ കൊറിയൻ സ്ഥാപനത്തിന്റെ റെഗുലേറ്ററി ഫയലിംഗ് പ്രകാരം മാർച്ച് അവസാനം വരെ ക്രാഫ്റ്റണിന്റെ 13.5% ഓഹരി ടെൻസെന്റ് കൈവശം വച്ചിരുന്നു.

Tags:    
News Summary - unauthorised data collection; India has blocked 348 more apps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.