സ്ഥിരമായി യൂട്യൂബിൽ വിഡിയോകൾ കാണുന്നവർക്കറിയാം പരസ്യങ്ങൾ എത്ര വലിയ രസംകൊല്ലികളാണെന്ന്. സ്കിപ് ചെയ്യാൻ കഴിയാത്ത പരസ്യങ്ങളും സ്കിപ് ചെയ്യാൻ കഴിയുന്ന പരസ്യങ്ങളുമുണ്ട്. എന്നാൽ, ഇനി ഒരു പരസ്യങ്ങളുടെയും ശല്യമില്ലാതെ യൂട്യൂബ് വിഡിയോ ആസ്വദിക്കാം. അതും മൂന്ന് മാസത്തേക്ക് സൗജന്യമായി.
യൂട്യൂബ് പ്രീമിയത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഗൂഗിൾ തന്നെയാണ് മൂന്ന് മാസത്തേക്ക് യൂട്യൂബ് പ്രീമിയം സൗജന്യമായി ഉപയോക്താക്കൾക്ക് നൽകുന്നത്. അത് എങ്ങനെ ഉപയോഗപ്പെടുത്താം എന്നത് പറഞ്ഞുതരാം. അതിന് മുമ്പായി എന്തൊക്കെയാണ് യൂട്യൂബ് പ്രീമിയത്തിലൂടെ ലഭിക്കുന്ന അധിക സേവനങ്ങളെന്ന് അറിയാം..
ഒരു മാസത്തേക്ക് 139 രൂപയും മൂന്ന് മാസത്തേക്ക് 399 രൂപയുമാണ് യൂട്യൂബ് പ്രീമിയത്തിന്റെ ചാർജ്. പ്രധാനപ്പെട്ട സവിശേഷത പരസ്യങ്ങൾ ഇല്ലാതാകും എന്നത് തന്നെയാണ്. കൂടാതെ, വിഡിയോ കണ്ടുകൊണ്ടിരിക്കെ യൂട്യൂബ് ആപ്പിൽ നിന്ന് പുറത്തിറങ്ങിയാൽ ബാക്ഗ്രൗണ്ടിൽ പ്ലേ ആകുന്ന ഓപ്ഷനും, കൂടെ വിഡിയോ ചെറിയ സ്ക്രീനിൽ തുടർന്ന് കാണാൻ കഴിയുന്ന പി.ഐ.പി മോഡുമൊക്കെയുണ്ട്.
യൂട്യൂബ് മ്യൂസിക് ആപ്പ് ഡൗൺലോഡ് ചെയ്താൽ, യൂട്യൂബിലുള്ള ലക്ഷക്കണക്കിന് വരുന്ന ഗാനങ്ങൾ എംപി3 ആയും വിഡിയോ ആയുമൊക്കെ കാണാൻ കഴിയും. അവ ഡൗൺലോഡ് ചെയ്തുവെച്ച് ഇന്റർനെറ്റ് ഇല്ലാതെ ആസ്വദിക്കാനും സാധിക്കും.
വളരെ എളുപ്പത്തിൽ ഗൂഗിൾ നൽകുന്ന ഈ ഓഫർ നിങ്ങൾക്ക് ക്ലെയിം ചെയ്തെടുക്കാവുന്നതാണ്. യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ആദ്യമായി എടുക്കീന്നവർക്ക് ഈ ഓഫർ ലഭിക്കും. യൂട്യൂബ് ആപ്പ് തുറന്നതിന് ശേഷം നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക. ശേഷം കാണാൻ കഴിയുന്ന യൂട്യൂബ് പ്രീമിയം ഓപ്ഷൻ തെരഞ്ഞെടുക്കുക. ഏറ്റവും താഴെയായി മൂന്ന് മാസത്തെ സൗജന്യ ഓഫർ തിരഞ്ഞെടുക്കുക. ശേഷം സൗജന്യ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ടാപ്പ് ചെയ്‌ത് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ എടിഎം കാർഡ് നമ്പറോ നൽകുക.
അതോടെ, മൂന്ന് മാസത്തേക്ക് സൗജന്യമായി യൂട്യൂബ് പ്രീമിയം ലഭിക്കാൻ തുടങ്ങും. യൂട്യൂബ് ആപ്പിന്റെ ഹോമിൽ യൂട്യൂബിന്റെ ഐകണിനൊപ്പം ‘പ്രീമിയം’ എന്നെഴുതി വന്നതായി കാണാൻ സാധിക്കും. ശ്രദ്ധിക്കുക, സൗജന്യത്തിന്റെ കാലാവധി കഴിഞ്ഞാൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പ്രതിമാസം 129 രൂപ പിടിച്ച് തുടങ്ങും. നിരക്കുകൾ ഒഴിവാക്കാൻ, ഓഫർ തീരുന്നതിന് ഏതാനും ദിവസം മുമ്പ് ഉപയോക്താക്കൾക്ക് സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കാം.
അല്ലെങ്കിൽ, ഗൂഗിൾ പ്ലേസ്റ്റോറിൽ പോയി പ്രൊഫൈൽ ഐകണിൽ ടാപ്പ് ചെയ്ത് ‘പേയ്മെന്റ്സ് ആൻഡ് സബ്സ്ക്രിപ്ഷൻ’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ശേഷം അതിൽ രണ്ടാമതായി വരുന്ന ‘സബ്സ്ക്രിപ്ഷൻ’ എന്ന ഓപ്ഷനിൽ പോയാൽ, അതിൽ യൂട്യൂബി സബ്സ്ക്രിപ്ഷൻ ആക്ടീവായതായി കാണാൻ സാധിക്കും. അത് നീക്കം ചെയ്താൽ, ഓട്ടോമാറ്റിക് ആയി നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നത് നിർത്താൻ സാധിക്കും. പക്ഷെ, മൂന്ന് മാസത്തേക്ക് പ്രീമിയം സൗജന്യമായി ലഭിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.