യു.എസിലെ ആപ്പിൾ വാച്ച് നിരോധനം; ടെക് ഭീമന് താൽക്കാലിക ആശ്വാസമായി കോടതി വിധി

കഴിഞ്ഞ ദിവസമായിരുന്നു ടെക് ഭീമൻ ആപ്പിളിന്റെ ഏറ്റവും പുതിയ സീരീസ് 9, അള്‍ട്രാ 2 സ്മാര്‍ട്ട് വാച്ചുകള്‍ അമേരിക്കയിൽ വിൽക്കുന്നതിന് വിലക്ക് വീണത്. മെഡിക്കൽ ഉപകരണ നിർമ്മാതാക്കളായ മാസിമോയുടെ പേറ്റന്റ് ലംഘിച്ചതായി യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷൻ (ഐ.ടി.സി ) കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ആദ്യം നടപ്പിലാക്കിയത്.

മേസിമോയുടെ പള്‍സ് ഓക്‌സിമീറ്റര്‍ അടക്കമുള്ള ഉപകരണങ്ങളില്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് കണക്കാക്കാനായി ഉപയോഗിക്കുന്ന SpO2 സെന്‍സിങ് സാങ്കേതികവിദ്യ ആപ്പിൾ മോഷ്ടിച്ചുവെന്നും അതിൽ പേറ്റന്റ് സ്വന്തമാക്കിയെന്നുമാണ് പരാതി. പിന്നാലെ ഐ.ടി.സി അതേ സാ​ങ്കേതിക വിദ്യയുള്ള വാച്ചുകൾ വിൽക്കുന്നതിൽ നിന്ന് ആപ്പിളിനെ താൽക്കാലികമായി വിലക്കുകയായിരുന്നു.

എന്നാൽ ഇന്ന് മുതൽ സീരീസ് 9, അൾട്രാ 2 എന്നിവയുടെ വിൽപ്പന യുഎസിൽ ആപ്പിൾ പുനരാരംഭിച്ചുകഴിഞ്ഞു. ഇന്ന് മുതൽ യുഎസിലെ ചില ഫിസിക്കൽ സ്റ്റോറുകളിൽ വാച്ചുകൾ ലഭ്യമായിതുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഓൺലൈനിലും മറ്റും വ്യാപകമായി വിൽപ്പന പുനരാരംഭിച്ചേക്കും.

ഈ ഉൽപ്പന്നങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിരോധനം താൽക്കാലികമായി നിർത്തിവച്ചുകൊണ്ടുള്ള ഒരു ഫെഡറൽ അപ്പീൽ കോടതി വിധിയാണ് ആപ്പിളിന് തുണയായത്. വാച്ചുകളിൽ നിർദ്ദേശിച്ചിട്ടുള്ള പരിഷ്‌ക്കരണങ്ങൾ പേറ്റന്റ് ലംഘന പ്രശ്‌നങ്ങൾ പരിഹരിക്കുമോ എന്നതുമായി ബന്ധപ്പെട്ട വിധി വരുന്നത് വരെ ആപ്പിളിന് അവരുടെ വാച്ചുകൾ വിൽക്കുന്നത് തുടരാം. അതേസമയം ഇതുമായി ബന്ധപ്പെട്ടുള്ള യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ അന്തിമ തീരുമാനം ജനുവരി 12-ന് പ്രതീക്ഷിക്കുന്നു.

Tags:    
News Summary - US Court Grants Temporary Reprieve to Apple, Halts Sales Ban on Apple Watch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.