11-കാരിയായ മകൾ ആത്മഹത്യ ചെയ്തതിന് ഇൻസ്റ്റഗ്രാമിെൻറ മാതൃകമ്പനിയായ മെറ്റക്കെതിരെയും (META) സ്നാപ്ചാറ്റ് ഉടമകൾക്കെതിരെയും (Snap Inc) കേസ് കൊടുത്ത് മാതാവ്. ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ സമൂഹ മാധ്യമ ആപ്പുകളോടുള്ള ആസക്തിയാണ് മകളുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അവർ ആരോപിക്കുന്നത്.
അമേരിക്കയിലെ എൻഫീൽഡ് ടൗണിലെ താമസക്കാരിയായ ടാമി റോഡ്രിഗസിെൻറ മകൾ സെലീന റോഡ്രിഗസ് ആണ് ഏതാനും മാസങ്ങൾക്ക് മുമ്പ് ജീവനൊടുക്കിയത്. രണ്ട് ഇമേജ് ഷെയറിങ് ആപ്പുകളുടെയും അപകടകരമായ സവിശേഷതകൾ മൂലമാണ് മകളുടെ മരണം സംഭവിച്ചതെന്നാണ് മാതാവ് പരാതിയിൽ പറയുന്നത്. സമൂഹമാധ്യമങ്ങൾ കുട്ടികളിൽ ചെലുത്തുന്ന മോശമായ സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് സുക്കർബർഗിെൻറ കമ്പനിക്കെതിരെ ലോകശ്രദ്ധ പിടിച്ചുപറ്റിയ പുതിയ കേസ് വരുന്നത്.
മരിച്ച സെലീനയുടെ അമ്മയ്ക്ക് വേണ്ടി സോഷ്യൽ മീഡിയ വിക്ടിംസ് ലോ സെൻററാണ് (എസ്.എം.വി.എൽ.സി) കാലിഫോർണിയയിലെ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്. അവരുടെ പ്രസ്താവനയിൽ പെൺകുട്ടിക്ക് ഇൻസ്റ്റാഗ്രാമിനോടും സ്നാപ്ചാറ്റിനോടും "തീവ്രമായ" ആസക്തിയായിരുന്നുവെന്ന് പരാമർശിക്കുന്നുണ്ട്.
അമ്മ ടാമി മകളുടെ സ്മാർട്ട് ഫോണും മറ്റ് ഉപകരണങ്ങളും പലതവണ പിടിച്ചുവെച്ചിരുന്നു. സോഷ്യൽ മീഡിയയോടുള്ള അവളുടെ ആസക്തി കുറയ്ക്കാനായി ഒന്നിലധികം തവണ സെലീനക്ക് മാനസികാരോഗ്യ ചികിത്സ തേടേണ്ടി വന്നിരുന്നു. 'ഇത്രത്തോളം സമൂഹ മാധ്യമങ്ങളോട് ആസ്കതിയുള്ള ഒരു രോഗിയെ കണ്ടിട്ടില്ലെന്ന്' അവളെ ചികിത്സിച്ച തെറാപ്പിസ്റ്റ് സാക്ഷ്യപ്പെടുത്തിയിരുന്നതായും പ്രസ്താവനയിൽ പറയുന്നുണ്ട്.
2021 ജൂലൈ 21ന് ആത്മഹത്യ ചെയ്യുന്നതിനുമുമ്പ്, സെലീന, മാസങ്ങളോളം ഉറക്കക്കുറവും വിഷാദവും അനുഭവിച്ചിരുന്നു. കോവിഡ് മഹാമാരി ആരംഭിച്ചതിന് പിന്നാലെ അവൾ സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം മുഴുകിയതാണ് മകളെ രോഗിയാക്കിയതെന്നും മാതാവ് ആരോപിക്കുന്നു.
അതേസമയം, മകളോട് നിരന്തരം നഗ്നചിത്രങ്ങളും മറ്റും ആവശ്യപ്പെടുന്നവർ രണ്ട് പ്ലാറ്റ്ഫോമുകളിലും നിരവധിയുണ്ടായിരുന്നതായി പരാതിയിൽ പറയുന്നുണ്ട്. അവരിൽ പലർക്കും മകൾ അത്തരം ചിത്രങ്ങൾ പങ്കുവെക്കുകയും, അത് പിന്നീട് അവളുടെ സഹപാഠികളടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നത്രേ. അതോടെ മാനസികമായി കൂടുതൽ തകർന്ന മകൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ടാമി റോഡ്രിഗസ് പരാതിയിൽ വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത അനവധി ഉപയോക്താക്കൾക്ക് ദോഷകരമാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെ, രണ്ട് സോഷ്യൽ മീഡിയ ഭീമന്മാരും അവരുടെ പ്ലാറ്റ്ഫോമുകൾ രൂപകൽപ്പന ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്നതായി പരാതിക്കാരി പ്രസ്താവനയിൽ വെളിപ്പെടുത്തി.
സംഭവത്തിൽ സ്നാപ്ചാറ്റ് പ്രതികരണമറിയിച്ചിട്ടുണ്ട്. ബിബിസിക്ക് അയച്ച ഒരു പ്രസ്താവനയിൽ, സെലീനയുടെ മരണവാർത്തയിൽ സ്നാപ്ചാറ്റ് വക്താവ് ഞെട്ടൽ രേഖപ്പെടുത്തി. എന്നാൽ കേസിനെക്കുറിച്ച് പ്രത്യേകം പ്രതികരിക്കാൻ വിസമ്മതിച്ചു. തങ്ങളുടെ കമ്യൂണിറ്റിയുടെ ക്ഷേമത്തേക്കാൾ വലുതായി മറ്റൊന്നിനും പ്രധാന്യം നൽകുന്നില്ലെന്ന് വക്താവ് വ്യക്തമാക്കി.
"പരമ്പരാഗത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ചില പൊതു സമ്മർദ്ദങ്ങളും സാമൂഹിക താരതമ്യ സവിശേഷതകളും ഇല്ലാതെ" സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ തങ്ങളുടെ പ്ലാറ്റ്ഫോം ആളുകളെ സഹായിക്കുന്നതായും സ്നാപ്ചാറ്റ് വിശദീകരിച്ചു. അതേസമയം, മെറ്റ ഇതുവരെ അവരുടെ വിശദീകരണം നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.