(Image: Notebookcheck)

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി കീഴടക്കി ചൈനീസ് ബ്രാൻഡുകൾ; സാംസങ്ങിന് തിരിച്ചടി

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി കീഴടക്കി ചൈനീസ് ബ്രാൻഡായ വിവോ. കൗണ്ടർപോയിന്റെ റിസർച്ചിന്റെ റിപ്പോർട്ട് പ്രകാരം 2024 ജനുവരി-മാർച്ച് പാദത്തിൽ സാംസങ്ങിനെ പിന്തള്ളിയാണ് വിപണിയിൽ വിവോ വൻ തിരിച്ചുവരവ് നടത്തിയത്.

കൊറിയൻ ടെക് ഭീമനായ സാംസങ് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സാംസങ് 17.5 ശതമാനം വിപണി വിഹിതം നേടിയപ്പോൾ വിവോ 19 ശതമാനം വിപണി വിഹിതമാണ് നേടിയത്. ചൈനയുടെ തന്നെ ഷഓമിയാണ് 18.8 ശതമാനം വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്ത്. 10.1 ശതമാനവുമായി ഒപ്പോയാണ് നാലാമത്. അതേസമയം, വിറ്റുപോയ ഫോണുകളുടെ മൂല്യത്തിൽ സാംസങ്ങാണ് പട്ടികയിൽ ഒന്നാമത്.

“ഈ പാദത്തിൽ, ഇന്ത്യയുടെ സ്മാർട്ട്ഫോൺ വിപണി അതിന്റെ എക്കാലത്തെയും ഉയർന്ന ക്വാർട്ടർ 1 മൂല്യത്തിലെത്തി. ഇന്ത്യൻ വിപണിയിൽ ശക്തമാകുന്ന ‘പ്രീമിയം വൽക്കരണ’മാണ് വളർച്ചയ്ക്ക് കാരണമായത്, ഉപഭോക്താക്കൾ ഉയർന്ന വിലയുള്ള സ്മാർട്ട്‌ഫോണുകളിലേക്ക് അപ്‌ഗ്രേഡുചെയ്യുന്നു,” -സീനിയർ റിസർച്ച് അനലിസ്റ്റ് ശിൽപി ജെയിൻ പറഞ്ഞു. ബ്രാൻഡുകൾ ഒരേസമയം ഓൺലൈൻ, ഓഫ്‌ലൈൻ വിൽപനയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവരുടെ വിൽപന രീതി വൈവിധ്യവത്കരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം, വിവോ, ഷഓമി എന്നീ ബ്രാൻഡുകളാണ് കൂടുതൽ ഫോണുകൾ വിറ്റഴിച്ചതെങ്കിലും കൂടുതൽ നേട്ടമുണ്ടാക്കിയത് സാംസങ്ങാണ്. കൊറിയൻ ടെക് ഭീമന്റെ ഫോണുകൾക്ക് പൊതുവെ വില കൂടുതലായതിനാൽ വിൽക്കുന്ന ഫോണുകളുടെ മൊത്തം മൂല്യം താരതമ്യം ചെയ്താൽ വലിയൊരു പങ്ക് സംഭാവന ചെയ്യുന്ന സാംസങ് തന്നെയാണ്.

ആപ്പിളും ഇന്ത്യയിൽ ഈ പാദത്തിൽ വൻ നേട്ടമാണുണ്ടാക്കിയത്. ഏറ്റവും പുതിയ ഐഫോൺ 15 സീരീസ്, പ്രത്യേകിച്ച് ഓഫ്‌ലൈൻ ചാനലുകളിൽ വലിയ വിൽപനയാണ് നേടിയത്. പ്രീമിയം സെഗ്മെന്റ് വിപണിയിൽ ആപ്പിളാണ് മുന്നിട്ട് നിൽക്കുന്നത്.

കുറച്ചുകാലമായി ഇന്ത്യയിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ സാധിക്കാതിരുന്ന ഷഓമി ഓഫ്‍ലൈൻ വിപണിയിൽ കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയതോടെ വൻ തിരിച്ചുവരവാണ് നടത്തിയത്. ഓൺലൈനിൽ കുറേകാലം ഷഓമിയുടെ അപ്രമാദിത്വമായിരുന്നു. എന്നാൽ, റിയൽമി അടക്കമുള്ള കമ്പനികളുടെ വരവ് അവരുടെ വിൽപനയെ കാര്യമായി ബാധിച്ചിരുന്നു.

Tags:    
News Summary - Vivo and Apple Dominate the Indian Smartphone Market; Samsung Faces Setback

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT