ന്യൂഡൽഹി: ഇന്ത്യൻ ടെലികോം വിപണിയിൽ കടുത്ത മത്സരം കാഴ്ചവെക്കാൻ റീബ്രാൻഡിങ്ങുമായി വോഡഫോൺ ഐഡിയ. വോഡഫോണിെൻറ 'വി'യും ഐഡിയയുടെ 'ഐ'യും ചേർത്ത് വി (Vi) എന്നായിരിക്കും ഇനി വോഡഫോൺ ഐഡിയ അറിയപ്പെടുക. നാളേക്കായി ഒരുമിച്ച് എന്ന ആശയത്തോടെയാണ് പുതിയ പേരുമാറ്റം.
വോഡഫോൺ ഐഡിയ എന്നീ ബ്രാൻഡുകളായി അവതരിപ്പിച്ചിരുന്ന കമ്പനി ഇനി 'വി' എന്ന ഒറ്റ ബ്രാൻഡിലേക്ക് മാറും. ലയനം കഴിഞ്ഞ് രണ്ടു വർഷത്തിന് ശേഷമാണ് കമ്പനിയുടെ തീരുമാനം.
ഡിജിറ്റൽ രംഗത്ത് മുന്നേറാനും ചലനാത്മകമായി പ്രവർത്തിക്കാനും 'വി' തയാറായി കഴിഞ്ഞെന്ന് കമ്പനി അധികൃതർ അറിയിച്ചു. റീബ്രാൻഡിങ്ങിൽ 5ജി നെറ്റ് വർക്കിന് സമാനമായ ശക്തവും വേഗതയും കരുത്തുറ്റതുമായ നെറ്റ്വർക്കും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
'രണ്ടുവർഷം മുമ്പ് 2018 ആഗസ്റ്റ് 31ന് വോഡഫോണും ഐഡിയയും ലയിച്ചിരുന്നു. ഇക്കാലയളവിൽ തങ്ങളുടെ ഉപഭോക്താക്കളെ സംയോജിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ന് ഞങ്ങളുടെ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന 'വി' ബ്രാൻഡ് അവതരിപ്പിക്കുന്നതിൽ സന്തുഷ്ടനാകുന്നു' -വി ബ്രാൻഡ് അവതരിപ്പിച്ചശേഷം എം.ഡിയും സി.ഇ.ഒയുമായ രവീന്ദ്ര തക്കർ അറിയിച്ചു. തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതത്തിന് പ്രധാന അർഥം നൽകുന്നതായിരിക്കും വി ബ്രാൻഡ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്പനിയുടെ മൂലധന നിക്ഷേപമായി 25,000 കോടി സമാഹരിക്കാനാണ് തീരുമാനമെന്നും മറ്റു കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും രവീന്ദ്ര തക്കർ പറഞ്ഞു. ഇതുവഴി ഭാവിയിലെ ബിസിനസ് പദ്ധതികൾ തയാറാക്കാനും കരുത്തുറ്റ ബ്രാൻഡിങ് സാധ്യമാക്കാനും കഴിയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ വർഷങ്ങളിൽ കമ്പനിക്ക് കനത്ത നഷ്ടം നേരിട്ടിരുന്നു. ജൂൺ പാദത്തിൽ 25,460 കോടിയായിരുന്നു നഷ്ടം. ഇന്ത്യൻ വിപണി കീഴടക്കിയ ജിയോയോട് മത്സരിക്കാനാകും 'വി' ബ്രാൻഡ് എന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.